നാല് മത്സരം, നാല് മാന്‍ ഓഫ് ദി മാച്ച്; ഇവന് മുമ്പില്‍ പാകിസ്ഥാന്‍ ഒന്നുമല്ലാതാകുന്നു
icc world cup
നാല് മത്സരം, നാല് മാന്‍ ഓഫ് ദി മാച്ച്; ഇവന് മുമ്പില്‍ പാകിസ്ഥാന്‍ ഒന്നുമല്ലാതാകുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th October 2023, 11:09 pm

പാകിസ്ഥാനെതിരായ മത്സരത്തില്‍ 62 റണ്‍സിന് വിജയിച്ച് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഓസീസ് അടുത്ത രണ്ട് മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ലോകകപ്പില്‍ തങ്ങളുടെ സാന്നിധ്യം സജീവമാക്കിയത്.

ഓസീസ് ഉയര്‍ത്തിയ 367 റണ്‍സിന്റെ ടോട്ടല്‍ ചെയ്‌സ് ചെയ്തിറങ്ങിയ പാകിസ്ഥാന് 45.3 ഓവറില്‍ 305 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 259 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഇരുവരും സെഞ്ച്വറി നേടിയാണ് പാകിസ്ഥാന്‍ ബൗളര്‍മാരെ ആക്രമിച്ചുകളിച്ചത്.

 

 

മിച്ചല്‍ മാര്‍ഷ് 108 പന്തില്‍ 121 റണ്‍സ് നേടിയപ്പോള്‍ 124 പന്തില്‍ നിന്നും 163 റണ്‍സായിരുന്നു വാര്‍ണറിന്റെ സമ്പാദ്യം. ഈ വെടിക്കെട്ടിന് പിന്നാലെ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും വാര്‍ണറിനെ തന്നെയായിരുന്നു.

പാകിസ്ഥാനെതിരെ കളിച്ച അവസാന നാല് മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയാണ് ഡേവിഡ് വാര്‍ണര്‍ തരംഗമാകുന്നത്. ഈ മത്സരങ്ങളിലെല്ലാം അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

2017ലെ പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് വാര്‍ണര്‍ തന്റെ പാക് മര്‍ദനം ആരംഭിച്ചത്. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ നാലാം ഏകദിനത്തിലാണ് വാര്‍ണര്‍ തന്റെ വിശ്വരൂപം പുറത്തെടുത്തത്.

സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ 119 പന്തില്‍ 130 റണ്‍സ് നേടിയ വാര്‍ണര്‍ ഓസീസ് വിജയത്തിന് മുതല്‍ക്കൂട്ടാവുകയായിരുന്നു. കളിയിലെ താരവും വാര്‍ണര്‍ തന്നെയായിരുന്നു.

അഡ്‌ലെയ്ഡില്‍ നടന്ന പരമ്പരയിലെ അഞ്ചാം മത്സരത്തിലും വാര്‍ണറിന്റെ ബാറ്റില്‍ നിന്നും തീ പാറി. 19 ബൗണ്ടറിയും അഞ്ച് സിക്‌സറും അടക്കം 128 പന്തില്‍ 179 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്. കങ്കാരുക്കള്‍ 57 റണ്‍സിന് വിജയിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായി വീണ്ടും വാര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഓസീസ് 4-1 പരമ്പര സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസ് ആയതും വാര്‍ണര്‍ തന്നെ.

ശേഷം 2019 ലോകകപ്പിലാണ് വാര്‍ണറും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നത്. അന്ന് 111 പന്തില്‍ 107 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഫലമോ ഓസീസിന്റെ വിജയവും വാര്‍ണറിന് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും.

 

ഈ ലോകകപ്പ് തന്റെ അവസാനത്തേതാകുമെന്ന് സൂചന വാര്‍ണര്‍ നേരത്തെ നല്‍കിയിരുന്നു. അതിനാല്‍ തന്നെ ആസ്വദിച്ച് കളിക്കാന്‍ തന്നെയാകും വാര്‍ണര്‍ ഒരുങ്ങുന്നത്. വരും മത്സരങ്ങളിലും വാര്‍ണര്‍ ഇതേ ഫോം തുടരുകയാണെങ്കില്‍ ആരാധകര്‍ വീണ്ടും ആറാം കിരീടമെന്ന സ്വപ്‌നം കണ്ടുതുടങ്ങും.

 

Content highlight: David Warner bagged player of the match award against Pakistan in their last 4 encounters