ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിനിറങ്ങും മുമ്പ് ഹൃദയം തകര്‍ന്ന് ഡേവിഡ് മില്ലര്‍; ആ വിയോഗം നികത്താന്‍ ഒരു വിജയത്തിനുമാകില്ല
Sports News
ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിനിറങ്ങും മുമ്പ് ഹൃദയം തകര്‍ന്ന് ഡേവിഡ് മില്ലര്‍; ആ വിയോഗം നികത്താന്‍ ഒരു വിജയത്തിനുമാകില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th October 2022, 8:59 am

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഡേവിഡ് മില്ലര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു പോസ്റ്റ് കണ്ടതിന്റെ നടുക്കത്തിലാണ് ആരാധകര്‍. ഒരു പെണ്‍കുട്ടിയുടെ വിയോഗ വാര്‍ത്തയാണ് താരം പങ്കുവെച്ചത്.

ആര്‍.ഐ.പി മൈ ലിറ്റില്‍ റോക്ക് സ്റ്റാര്‍, ലവ് യൂ ഓള്‍വെയ്‌സ് (RIP my little rocktar, Love you always) എന്നായിരുന്നു താരം പങ്കുവെച്ച വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരുന്നത്.

ക്യാന്‍സര്‍ ബാധിച്ചായിരുന്നു പെണ്‍കുട്ടി മരിച്ചത്. ക്യാന്‍സറിനോട് പൊരുതുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള ധാരാളം ചിത്രങ്ങളും മില്ലര്‍ പങ്കുവെക്കാറുണ്ടായിരുന്നു.

എന്നാല്‍ മരിച്ച പെണ്‍കുട്ടിയെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. അത് മില്ലറിന്റെ മകളാണെന്നും എന്നാല്‍ അത് അദ്ദേഹത്തിന്റെ മകളല്ല, മറിച്ച് മില്ലറിന് ഏറെ അടുപ്പമുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആരാധികയാണെന്നും ആരാധകര്‍ പറയുന്നുണ്ട്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഷോണ്‍ ടൈറ്റ് ഡേവിഡ് മില്ലറിന്റെ മകള്‍ എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിക്ക് ആദരാഞ്ജലി നേര്‍ന്നിട്ടുള്ളത്.

മില്ലര്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും ടൈറ്റ് പറയുന്നു.

 

അതേസമയം, ഡേവിഡ് മില്ലറിപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലാണ്. ടി-20 ഏകദിന പരമ്പരകള്‍ക്കായിട്ടാണ് താരം ഇന്ത്യയിലെത്തിയത്.

ടി-20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കായി സ്ഥിരതയോടെ കളിച്ച താരമായിരുന്നു മില്ലര്‍. ഏകദിനത്തിലെ ആദ്യ മത്സരത്തിലും മില്ലര്‍ തന്റെ സ്‌ഫോടനാത്മകമായ ബാറ്റിങ് പുറത്തെടുത്തിരുന്നു.

ഞായറാഴ്ചയാണ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചിയാണ് വേദി. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കക്ക് പരമ്പര സ്വന്തമാക്കാം.

 

Content Highlight: David Miller shares a tragic news ahead of India vs South Africa 2nd ODI