സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
ബ്ലാസ്റ്റേഴ്‌സ് പരിശീലകനെന്നത് ത്രില്ലടിപ്പിക്കുന്ന അനുഭവം; ടീമിന്റെ ഫോമിലുള്ള സന്തോഷം വളരെയധികമെന്നും ഡേവിഡ് ജയിംസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 16th January 2018 8:51pm

മുംബൈ: ഡേവിഡ് ജയിംസെന്ന പരിശീലകന്റെ വരവ് കേരളാ ബ്ലാസ്റ്റേഴ്‌സിനു നല്‍കിയ ഊര്‍ജ്ജം ചെറുതല്ലെന്ന് ടീമിന്റെ കഴിഞ്ഞ മൂന്നു പ്രകടനങ്ങളില്‍ നിന്നു മനസിലാകും. വയസന്‍ കുതിരയെന്ന് എഴുതി തള്ളിയ ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടനും സഹതാരവും പരിശീലകനുമായിരുന്ന ജയിംസേട്ടന്റെ വരവോടെ മാറിക്കഴിഞ്ഞിരിക്കുകയാണ്.

ലീഗിലെ അവസാന സ്ഥാനക്കാരെന്ന പേരുദോഷത്തിലേക്ക് അടുക്കുകയായിരുന്ന ടീമിനെ കൈപിടിച്ചുയര്‍ത്തിയ ജയിംസ് കളത്തിനു പുറത്തും നിറഞ്ഞ് കളിക്കുകയാണ്. ടീമിനെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്കും പരിശീലകന്‍ കുറിക്കുകൊള്ളുന്ന മറുപടികള്‍ നല്‍കാറുണ്ട്.

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ നേടിയ വിജയത്തിനുശേഷം ജയിംസേട്ടന്‍ ടീമിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം എവേ മത്സരത്തില്‍ വിജയിച്ച് ഐ.എസ്.എല്ലില്‍ ചരിത്ര നേട്ടം കുറിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫോമില്‍ തനിക്കു വളരെയധികം സന്തോഷമുണ്ടെന്നും അവരുടെ പരിശീലകനെന്ന രീതിയില്‍ അതു തന്നെ ത്രില്ലടിപ്പിക്കുന്നുവെന്നുമാണ് ജയിംസ് പറയുന്നത്.

ഭാഗ്യം കൊണ്ടല്ല ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. കടുത്ത പോരാട്ടമാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനത്ത് കാഴ്ച വെച്ചതെന്നും ആ കഠിനാധ്വാനത്തിന്റെ ഫലമായിട്ടായിരുന്നു വിജയം നേടിയതെന്നും ജയിംസ് നേരത്തെ പറഞ്ഞിരുന്നു. മത്സരത്തില്‍ ക്ലീന്‍ ഷീറ്റ് നേടാനായത് മറ്റൊരു നേട്ടമായെന്നും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിന് അതു കൂടുതല്‍ കരുത്തു പകരുമെന്നും ജയിംസ് അഭിപ്രായപ്പെട്ടിരുന്നു.

Advertisement