എഡിറ്റര്‍
എഡിറ്റര്‍
ആ മകളെ നിങ്ങള്‍ നിശബ്ദയാക്കി; ഇന്ത്യയില്‍ ‘മന്‍ കി ബാതി’ന് ഒരു വ്യക്തിയ്‌ക്കേ അവകാശമുള്ളൂ ?
എഡിറ്റര്‍
Friday 3rd March 2017 5:38pm

 

ഒടുവില്‍ അവര്‍ക്ക് ഗുര്‍മെഹര്‍ കൗറിനെ നിശബ്ദയാക്കാന്‍ കഴിഞ്ഞു. ബലാത്സംഗ ഭീഷണിക്ക് പിന്നാലെ സെയ്‌വ് ദല്‍ഹി രാംജാസ് കോളേജിലെ എ.ബി.വി.പി അതിക്രമത്തിനെതിരെ തുടക്കമിട്ട ഡി.യു ക്യാമ്പയിനില്‍ നിന്നും പിന്‍മാറുന്നതായി അവര്‍ അറിയിച്ചു.

അവരുടെ പ്രഖ്യാപനം പരിതാപകരമായിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി ബേട്ടി ബച്ചാവോ പദ്ധതികള്‍ കൊണ്ടുവരുമ്പോഴാണ് ഇവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് ജീവിക്കാനും വിദ്യാഭ്യാസം നേടാനും എന്തിന് മനസില്‍ തോന്നുന്ന കാര്യങ്ങള്‍ വിളിച്ചുപറയാന്‍ പോലുമുള്ള അവകാശം നിഷേധിക്കപ്പെടുന്നത്.

ഗുര്‍മെഹര്‍ കൗര്‍ അസാധാരണമായ കഴിവും ധൈര്യവും ഉള്ള പെണ്‍കുട്ടിയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇന്ത്യ-പാക്കിസ്താന്‍ സൗഹൃദം ഊട്ടിയുറപ്പിക്കേണ്ടതിനെ കുറിച്ചും ഹിന്ദു മുസ് ലീം ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് 4 മിനുട്ട് നീളുന്ന ഒരു വീഡിയോ അവര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

കശ്മീരിരിലെ കാര്‍ഗില്‍ യുദ്ധത്തില്‍ 1999 ല്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ മന്‍ദീപ് സിങ്ങാണ് ഗുര്‍മെഹര്‍ കൗറിന്റെ പിതാവ്. ഗുര്‍മെഹറിന് രണ്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ കൊല്ലപ്പെടുന്നത്.

ഗുര്‍മെഹര്‍ കൗര്‍ പുറത്തുവിട്ട ഒരു വീഡിയോയില്‍ ഒരു കാലത്ത് എങ്ങനെയായിരുന്നു അവര്‍ പാക്കിസ്ഥാനേയും മുസ്‌ലീം സമൂഹത്തേയും വെറുത്തിരുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തന്റെ അമ്മയുടെ വാക്കുകളില്‍ നിന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ ഇരമാത്രമായിരുന്നു തന്റെ പിതാവ് എന്ന് അവള്‍ക്ക് മനസിലായി. പിന്നീട് ഇന്ത്യ – പാകിസ്ഥാന്‍ സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു ഗുര്‍മെഹര്‍ നടത്തിയത്.

ദല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള രാംജാസ് കോളേജില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, ഷെഹ്‌ല റഷീദ് എന്നിവര്‍ പങ്കെടുക്കുന്നത് തടയുമെന്ന എ.ബി.വി.പി പ്രഖ്യാപനത്തിന് പിന്നാലെ സെമിനാറില്‍ നിന്നും ഇവര്‍ പിന്‍വാങ്ങിയെങ്കിലും ആ സെമിനാര്‍ എ.ബി.വി.പി അലങ്കോലപ്പെടുത്തുകയും പ്രതിഷേധം സംഘര്‍ഷത്തിന് വഴിമാറുകയുമായിരുന്നു. പെണ്‍കുട്ടികളെ ഉള്‍പ്പെടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു മര്‍ദിച്ചു. ഇതിന്റെ ഭാഗമായി ഗുര്‍മെഹര്‍ ഉള്‍പ്പെടെ ആരംഭിച്ചതാണ് ‘സേവ് ഡി യു’ (ദല്‍ഹി സര്‍വകലാശാലയെ സംരക്ഷിക്കുക) എന്ന ക്യാംപയിന്‍. എ.ബി.വി.പിയെ താന്‍ ഭയപ്പെടുന്നില്ലെന്ന പ്ലക്കാര്‍ഡുമായി ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇത് വെറുതെ കണ്ടിരിക്കാന്‍ എ.ബി.വി.പിക്ക് കഴിഞ്ഞില്ല. ഗുര്‍മെഹര്‍ കൗറിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും അവര്‍ മുഴക്കി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരം വെല്ലുവിളിയായിരുന്നു ഇത്.

എ.ബി.വി.പിയെപ്പോലൊരു സംഘടന ഒരു പെണ്‍കുട്ടിക്ക് നേരെ പരസ്യമായി ഇത്തരത്തിലൊരു വെല്ലുവിളി നടത്തുമ്പോള്‍ ആ പെണ്‍കുട്ടിക്ക് പൂര്‍ണപിന്തുണയുമായി എത്തുക എന്നതായിരുന്നു ഒരു സര്‍ക്കാര്‍ സംവിധാനം ചെയ്യേണ്ടിയിരുന്നത്. അതിലുപരി രാജ്യത്തിന് വേണ്ടി ജീവത്യാഗം നടത്തിയ ഒരു സൈനികന്റെ മകളെന്ന പരിഗണനയെങ്കിലും അവള്‍ക്ക് നല്‍കേണ്ടിയിരുന്നു. ഗുര്‍മെഹര്‍ കൗറിന് അത്തരം സിമ്പതിയൊന്നും ആവശ്യമില്ല. എങ്കില്‍പ്പോലും തീര്‍ച്ചയായും അവള്‍ക്ക് സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും പിന്തുണ ലഭിക്കേണ്ടിയിരുന്നു.

എന്നാല്‍ അവളെ പിന്തുണയ്ക്കുന്നതിന് പകരം അവള്‍ക്ക് നേരെ വധഭീഷണി ഉയര്‍ത്തുകയും അവളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരെ പിന്തുണയ്ക്കുകയായിരുന്നു സര്‍ക്കാര്‍. കേന്ദ്രമന്ത്രിയായ കിരണ്‍ റിജ്ജു അദ്ദേഹത്തിന്റെ ഒരു ട്വീറ്റിലൂടെ ചോദിച്ചത് ആരാണ് ആ പെണ്‍കുട്ടിയുടെ മനസിനെ മലിനമാക്കുന്നത് എന്നായിരുന്നു. കേന്ദ്രധനമന്ത്രിയും എ.ബി.വി.പിയുടെ മുന്‍കാല നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് എ.ബി.വി.പിക്കെതിരായ പ്രതിഷേധം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ചിലരുടെ ശ്രമമാണെന്നും ദേശീയത എന്നത് ഇന്ത്യയില്‍ മാത്രമാണ് മോശം വാക്കാവുന്നത് എന്നുമായിരുന്നു.

ദാവൂദ് ഇബ്രാഹിമിനെക്കാളും തരംതാഴ്ന്ന പ്രവര്‍ത്തിയാണ് കൗര്‍ ചെയ്യുന്നത് എന്നായിരുന്നു ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പ്രതികരണം. ടെലകോം ഐ.ടി മന്ത്രിയായ രവിശങ്കര്‍ പ്രസാദ് ഗുര്‍മെഹറിനെതിരായ ട്രോളുകള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞെങ്കിലും റിജിജു തെറ്റായി ഒന്നും പറഞ്ഞില്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

എന്നാല്‍ മുന്‍പ്രസ്താവനയില്‍ വിശദീകരണവുമായി എത്തിയ റിജിജു തന്റെ പ്രസ്താവന ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവര്‍ക്കും 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരെ പരിഹസിച്ച ഇടതുപക്ഷത്തിനെതിരെയുമാണ് എന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു.

വാക്കുകള്‍ കൊണ്ട് ഇവര്‍ നടത്തുന്ന കസര്‍ത്തുകളെല്ലാം എന്ത് തന്നെയായിരുന്നാലും ഈ ബി.ജെ.പി നേതാക്കളെല്ലാം പൂര്‍ണമായും ലക്ഷ്യം വെച്ചത് എ.ബി.വി.പിയുടെ അക്രമത്തിനെതിരെ പോരാടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണെന്നത് വ്യക്തമാണ്. അത് ഇടതുവിദ്യാര്‍ത്ഥി സംഘടനകളാണോ അല്ലയോ എന്നതൊന്നും ഇവരെ സംബന്ധിച്ച് വിഷയമല്ല. ഇവരുടെ കണ്ണില്‍ ഇവരെല്ലാം ദേശവിരുദ്ധരാണ്. ഇത് തന്നെയായിരുന്നു ജെ.എന്‍.യുവിലും ഇവരുടെ മുദ്രാവാക്യം. രാംജാസില്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഒരുപോലെ തല്ലിച്ചതപ്പോഴും നിരപരാധികളെ ദേശദ്രോഹികളെന്ന് മുദ്രകുത്തുകയായിരുന്നു ഇവര്‍.

ഇതേ ദേശീയത തന്നെയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചത്. രാജ്യമെമ്പാടും അതിന്റെ അലയൊലികള്‍ ആഞ്ഞടിച്ചിരുന്നു.

ഇതേനിലാപാടാണ് ബി.ജെ.പി നേതാക്കളും ബി.ജെ.പി നേതൃത്വവും കാമ്പസുകളില്‍ തുടരാന്‍ ആഹ്വാനം ചെയ്യുന്നതെങ്കില്‍ സര്‍വകലാശാല വിദ്യാഭ്യാസം എന്നത് എങ്ങനെ സാധ്യമാകും?

ഇത്തരത്തില്‍ അഭിപ്രായപ്രകടനങ്ങളെ അടിച്ചമര്‍ത്തുകുകയും ആശയങ്ങളെ കുഴിച്ചുമൂടുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ എങ്ങനെയാണ് നല്ലൊരു ഇന്ത്യയെ കെട്ടിപ്പടുക്കുക?

ഏത് പ്രതിഷേധങ്ങളേയും ദേശവിരുദ്ധം എന്ന് മുദ്രകുത്തുകയും ഇത്തരക്കാരെ സംരക്ഷിച്ചുകൊണ്ട് ഇവരെ പ്രോത്സാഹിപ്പിക്കുയം ചെയ്യുന്നത് ഇവിടുത്തെ എ.ബി.വി.പി എന്ന സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം ഒന്ന് മുന്നില്‍ കണ്ടുകൊണ്ടുമാത്രമാണ്.

ഗുര്‍മെഹര്‍ കൗറിനെതിരെ ബലാത്സംഗ ഭീഷണിമുഴക്കിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ദല്‍ഹി വനിതാകമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിയും ആവശ്യപ്പെട്ടു. എന്നാല്‍ ഒരു നടപടിയും പൊലീസ് ഇതുവരെ കൈക്കൊണ്ടിട്ടില്ല.

ആര്‍.എസ്.എസിനെ സംരക്ഷിച്ചുനിര്‍ത്തിക്കൊണ്ടുള്ള പ്രസ്താവനകളാണ് മന്ത്രിമാര്‍ പുറത്തിറക്കുന്നത്. ഗുര്‍മെഹറിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ഇവര്‍ പ്രതികരിച്ചത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ഗുര്‍മെഹറിന് അടുത്തബന്ധമുണ്ടെന്ന രീതിയിലായിരുന്നു ആരോപണം. അത് സത്യമാണെങ്കില്‍ തന്നെ അത് ഇവിടെ വിഷയമാകുന്നത് എങ്ങനെയാണ്? മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടാകരുതെന്ന് ഇവര്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?

ഈ വിവാദങ്ങളിലേക്കെല്ലാം കൗറിനെ അച്ഛനേയും ചിലര്‍ വലിച്ചിഴച്ചു. യഥാര്‍ത്ഥത്തില്‍ കൗറിന്റെ പിതാവ് മരണപ്പെട്ടത് കാര്‍ഗില്‍ തന്നെയാണോ അതോ കുപ് വാരയിലാണോ എന്നായിരുന്നു ചിലരുടെ ചോദ്യം. കൗറിനേയും അമ്മയേയും സംബന്ധിച്ച് അങ്ങേയറ്റം വൈകാരികമായി ഇത്തരം ചോദ്യങ്ങള്‍ എന്ത് നേട്ടത്തിനായാണ്് ഇവര്‍ ഉപയോഗിക്കുന്നത്?

ഇതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ഇന്ത്യയിലെ ഓരോ കാമ്പസുകളിലും ആശയങ്ങള്‍ പങ്കുവെക്കാനും അഭിപ്രായങ്ങള്‍ തുറന്ന് രേഖപ്പെടുത്താനുമുള്ള ഒരു സാഹചര്യം സര്‍ക്കാര്‍ ഒരുക്കേണ്ടതുണ്ട് എന്നതാണ് മുന്നോട്ട് വെക്കുന്നത്. ഗുണ്ടകള്‍ക്ക് കാമ്പസുകളില്‍ താവളമൊരുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഗുര്‍മെഹര്‍ കൗറിനെതിരെ വധഭീഷണി മുഴക്കുകയും ബലാത്സംഗ ഭീഷണി ഉയര്‍ത്തുകയും ചെയ്തവരെ കണ്ടെത്തുകയും അവരെ പിടികൂടുകയും വേണം.

നിര്‍ഭാഗ്യവശാല്‍ ഈ സര്‍ക്കാരില്‍ നിന്നും അത് പ്രതീക്ഷിക്കാനാവില്ല. ദേശീയവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന അവരാണ് നിയമവ്യവസ്ഥയെ തകര്‍ക്കുന്നത് നല്ല ഭരണം എന്നത് അവര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

ഇങ്ങനത്തെ അവസ്ഥയില്‍ നടപടി എടുക്കാതിരിക്കുകയും ഈ മനോഭാവം തുടരുകയും ചെയ്യുമ്പോള്‍ അക്രമങ്ങളും ഭീഷണികളും തന്നെയായിരിക്കും ഭരണം കയ്യാളുക. പൊലീസ് നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്നിടത്തോളം ആരെയും നിങ്ങള്‍ക്ക് ഭയപ്പെടേണ്ടതില്ല.
ഓം തന്‍വി

Advertisement