| Monday, 9th September 2013, 2:26 pm

ഡാറ്റാ സെന്റര്‍ കൈമാറ്റം: മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: സംസ്ഥാന ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറ്റം ചെയ്ത ഇടപാടിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

ഈ മാസം 23 നു മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചതെന്ന് കോടതി ചോദിച്ചു. []

ഡാറ്റാ സെന്റര്‍ കൈമാറ്റത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണ മാകാമെന്ന് ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ച അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുടെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ചാണ് രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.

നേരത്തെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോര്‍ജ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചിരുന്നത്.

ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു പി.സി ജോര്‍ജിന്റെ വാദം. സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍, വിവാദ വ്യവസായി ടിജി നന്ദകുമാര്‍ തുടങ്ങിയവരുടെ പങ്ക് അന്വേഷിക്കണമെന്ന് പി.സി ജോര്‍ജ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു

2005 മുതല്‍ സ്‌റ്റേറ്റ് ഡേറ്റ സെന്ററിന്റെ നടത്തിപ്പു ചുമതല സിഡാക് ടി.സി.എസിനായിരുന്നു. 2008 ഏപ്രില്‍ 28നു ചുമതല ഏല്‍പ്പിക്കാന്‍ അര്‍ഹരായവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.

2009ല്‍ ഈ ടെന്‍ഡര്‍ നടപടി റദ്ദാക്കി വീണ്ടും ടെന്‍ഡര്‍ പ്രപോസല്‍ ക്ഷണിച്ചു. അവസാന തീയതി നിശ്ചയിച്ചതു 2009 ഓഗസ്റ്റ് 12 ആയിരുന്നെങ്കിലും റിലയന്‍സിന്റെ സൗകര്യം മാനിച്ച് അന്നത്തെ മുഖ്യമന്ത്രി വിഎസിന്റെ നിര്‍ദ്ദേശപ്രകാരം തീയതി നീട്ടിയെന്നും ഇടപാടില്‍ ടി. ജി. നന്ദകുമാറിനു പങ്കുണ്ടെന്നുമാണ് ആക്ഷേപം.

വിഎസ്, നന്ദകുമാര്‍ എന്നിവര്‍ക്കു പുറമെ സംസ്ഥാന ഐടി മിഷന്‍ ഡയറക്ടറായിരുന്ന രത്തന്‍ ഖേല്‍ക്കര്‍, മുന്‍ ഐടി സെക്രട്ടറി അജയകുമാര്‍, ഐടി മിഷന്‍ മാനേജര്‍ മോഹന്‍ സുകുമാരന്‍ തുടങ്ങിയവരുടെ പങ്കും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യമുണ്ട്.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഡേറ്റാ സെന്ററുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ നടന്നത്.

അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്ന ഡേറ്റാ സെന്റര്‍ സ്വകാര്യ കുത്തകയ്ക്കു നല്‍കുന്നത് അപകടകരമാണെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നും പൊലീസ് ഇന്റലിജന്‍സ് വിഭാഗം നേരിട്ട് അറിയിച്ചിട്ടും അത് അവഗണിച്ചാണ് കൈമാറ്റം നടത്തിയതെന്നുമാണ് ആരോപണം.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005ല്‍ ആരംഭിച്ചതാണ് ഡേറ്റാ സെന്റര്‍. തിരുവനന്തപുരത്ത കോ ബാങ്ക് ടവറില്‍ 5000 ചതുരശ്രഅടിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സെന്റര്‍ തുടങ്ങിയത്. പൊതുമേഖലാ ഉടമസ്ഥതയില്‍ തുടങ്ങിയ രാജ്യത്തെ ആദ്യത്തെ ഡറ്റാ സെന്ററാണിത്.

We use cookies to give you the best possible experience. Learn more