[]ന്യൂദല്‍ഹി: സംസ്ഥാനത്തെ ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത് സംബന്ധിച്ച് സി.ബി.ഐ.അന്വേഷണത്തിന് വിട്ട അഡ്വക്കറ്റ് ജനറലിന് സുപ്രീം കോടതിയുടെ വിമര്‍ശനം.
സി.ബി.ഐ.അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കും മുമ്പ് അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ഹൈക്കോടതിയില്‍ ഇക്കാര്യം പറഞ്ഞതിന്റെ അടിസ്ഥാനമെന്താണെന്ന് ജസ്റ്റിസ് എച്ച്.എല്‍.ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചോദിച്ചു.
ഡാറ്റാസെന്റര്‍ റിലയന്‍സിന് കൈമാറിയത് സി.ബി.ഐ.അന്വേഷിക്കണമെന്ന് 2012 മാര്‍ച്ച് ആറിനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഫിബ്രവരി 23 ന് സി.ബി.ഐ അന്വേഷിക്കുമെന്ന് കെ.പി.ദണ്ഡപാണി ഹൈക്കോടതിയില്‍ പറഞ്ഞു.
ഇതാണ് കോടതിവിമര്‍ശനത്തിനിടയാക്കിയത്. മന്ത്രിസഭയുടെ അനുമതിയില്ലാതെ സി.ബി.ഐ. അന്വേഷണം മുഖ്യമന്ത്രിക്ക് തീരുമാനിക്കാനാവുമോ എന്നും മുഖ്യമന്ത്രിയുടെ തീരുമാനം മന്ത്രിസഭ അംഗീകരിക്കാത്ത സാഹചര്യത്തില്‍ എന്താവും അഡ്വക്കറ്റ് ജനറലിന്റെ പ്രസ്താവനയെന്നും കോടതി ചോദിച്ചു.
എന്നാല്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ സി.ബി.ഐ. അന്വേഷണം നടത്താമെന്ന സംസ്ഥാനത്തിന്റെ മറുപടിയുടെ നിയമവശം ബോധ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഡാറ്റാസെന്ററിന്റെ നടത്തിപ്പ് ചുമതല സിഡാക്കില്‍ നിന്ന് റിലയന്‍സിനു കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും ഇതില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, ടി.ജി.നന്ദകുമാര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം.
സി.ബി.ഐ. അന്വേഷണം 2011 നവംബര്‍ മുതല്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ഫോണ്‍മുഖേനെയാണ് മുഖ്യമന്ത്രി ഇക്കാര്യം അഡ്വക്കറ്റ് ജനറലിനെ അറിയിച്ചതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ടി ജോര്‍ജും കോടതിയെ അറിയിച്ചു.
ഭരണഘടനാപരമായ പദവിയിലിരിക്കുന്ന അറ്റോര്‍ണി ജനറലിനെപ്പോലുള്ളവര്‍ വാക്കാലെയുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടതുണ്ടോയെന്ന് കോടതി ചോദിച്ചു.ഇക്കാര്യത്തില്‍ എ.ജി. അനാവശ്യ ധൃതി കാട്ടിയെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം സര്‍ക്കാരിന്റെ നിലപാടാണ് ഹൈക്കോടതിയില്‍ പറഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടി ന്യൂദല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.
അച്യുതാനന്ദനു വേണ്ടി ആര്‍.സതീഷ്, പി.സി.ജോര്‍ജിനു വേണ്ടി അഡോള്‍ഫ് മാത്യു, കെ.രാജീവ്, ടി.ജി. നന്ദകുമാറിനു വേണ്ടി നാഗേന്ദ്ര റായ് എന്നിവരും ഹാജരായി.
