ഡാറ്റാ സെന്റര്‍: സി.ബി.ഐ അന്വേഷണം വേണമെന്ന് യു.ഡി.എഫില്‍ പൊതു ആവശ്യം
Kerala
ഡാറ്റാ സെന്റര്‍: സി.ബി.ഐ അന്വേഷണം വേണമെന്ന് യു.ഡി.എഫില്‍ പൊതു ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th September 2013, 5:32 pm

[]തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് യുഡിഎഫില്‍ പൊതുവികാരം. തിരുവനന്തപുരത്ത നടന്ന യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗത്തിലാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് വിവിധ പാര്‍ട്ടീ നേതാക്കള്‍ ആവശ്യമുന്നയിച്ചത്.

കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ ആവശമുന്നയിച്ചു. ബാലകൃഷ്ണപിള്ള ഇതിനെ ശക്തമായി അനുകൂലിച്ചു.

മറ്റ് ഘടകക്ഷികളും ഇതിനെ അനുകൂലിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് അനുകൂലമായി സര്‍ക്കാര്‍ നിലപാട് എടുത്തുവെന്ന് പൊതുവെ ആക്ഷേപമുയര്‍ന്നു.

നേരത്തെ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് നിലപാടാണ് സര്‍ക്കാറിനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞിരുന്നു.

സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് സര്‍്ക്കാര്‍ നീങ്ങിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും കെ മുരളീധരനും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തു വന്നു.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഡാറ്റാസെന്ററിന്റെ നടത്തിപ്പ് റിലയന്‍സിന് കൈമാറിയതാണ് കേസ്. വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറുമായി വി.എസിനുള്ള ബന്ധമാണ് ഡാറ്റാ സെന്റര്‍ കൈമാറ്റത്തിന് പിന്നിലെന്നായിരുന്നു ആരോപണം.

സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഡേറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

കേസില്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കേസ് സി.ബി.ഐക്ക് വിടണമെന്നത് മന്ത്രിസഭാ തീരുമാനമാണ്. കോടതിയില്‍ മറുത്ത് പറഞ്ഞതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത യു.ഡി.എഫ്  യോഗം ഒക്ടോബര്‍ പത്തിന് ചേരും. വിപുലമായ ഈ യോഗത്തില്‍ മറ്റ് വിഷയങ്ങള്‍ വിശദമായി പരിഗണിക്കും.  സോഷ്യലിസ്റ്റ് ജനതയുടെ നേതാവ് എം.പി.വീരേന്ദ്രകുമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

പാര്‍ട്ടിയുടെ സംസ്ഥാനകമ്മറ്റി യോഗം കോഴിക്കോട് നടക്കുന്നതിനാലാണ്  വീരേന്ദ്രകുമാറിന് എത്തിച്ചോന്‍ കഴിയാതിരുന്നത്. അദ്ദേഹമൊഴികെയുള്ള എല്ലാ എല്ലാ കക്ഷിനേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നതായി പി.പി തങ്കച്ചന്‍ പറഞ്ഞു.