11 ലോകകപ്പില്‍ നടക്കാത്തത് ഒറ്റ ലോകകപ്പില്‍ രണ്ട് തവണ നടത്തിക്കാണിച്ചവന്‍; പോരാട്ടവീര്യത്തിന് കയ്യടിക്കാം
icc world cup
11 ലോകകപ്പില്‍ നടക്കാത്തത് ഒറ്റ ലോകകപ്പില്‍ രണ്ട് തവണ നടത്തിക്കാണിച്ചവന്‍; പോരാട്ടവീര്യത്തിന് കയ്യടിക്കാം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th November 2023, 10:22 pm

ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ വിജയത്തിനായി ന്യൂസിലാന്‍ഡ് പൊരുതുകയാണ്. ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന കിവീസിന് ഡാരില്‍ മിച്ചലിന്റെ ഇന്നിങ്‌സാണ് ആത്മവിശ്വാസം നല്‍കുന്നത്.

സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് മിച്ചല്‍ ബാറ്റിങ് തുടരുന്നത്.

ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഡാരില്‍ മിച്ചല്‍ നേടുന്ന രണ്ടാമത് സെഞ്ച്വറിയാണ്. ധര്‍മശാലയില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 127 പന്തില്‍ നിന്നും ഗ്ലെന്‍ ഫിലിപ്‌സ് 130 റണ്‍സ് നേടിയിരുന്നു. മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും താരത്തിന്റെ ഇന്നിങ്‌സിന് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.

ഒക്ടോബര്‍ 22ന് താരം നേടിയ ആ സെഞ്ച്വറിക്ക് പ്രത്യേകതകളേറെയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത് മാത്രം ന്യൂസിലാന്‍ഡ് താരം എന്ന നേട്ടത്തിലേക്കാണ് മിച്ചല്‍ നടന്നുകയറിയത്.

1975 മുതലുള്ള ലോകകപ്പിന്റെ ചരിത്രത്തില്‍ ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരെ നേടുന്ന രണ്ടാമത് സെഞ്ച്വറിയും അതുതന്നെയായിരുന്നു.

ലോകകപ്പിന്റെ ഉദ്ഘാടന എഡിഷനില്‍, 1975ലാണ് ഒരു ന്യൂസിലാന്‍ഡ് താരം ഇതിന് മുമ്പ് ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയത്. 1975ജൂണ്‍ 14ന് മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ കിവീസ് ലെജന്‍ഡ് ഗ്ലെന്‍ ടര്‍ണറാണ് ഇതിന് മുമ്പ് ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയത്.

 

ഇന്ത്യ ഉയര്‍ത്തിയ 231 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിനായി 117 പന്തില്‍ നിന്നും പുറത്താകാതെ 114 റണ്‍സാണ് ടര്‍ണര്‍ നേടിയത്. ടര്‍ണറിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ 59ാം ഓവറിലെ അഞ്ചാം പന്തില്‍ കിവികള്‍ വിജയിക്കുകയും ചെയ്തു. ടര്‍ണര്‍ തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

അതിന് ശേഷം 2023ലാണ് ഡാരില്‍ മിച്ചലിലൂടെ ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്നത്. അതേ ലോകകപ്പില്‍ മിച്ചലിലൂടെ ന്യൂസിലാന്‍ഡ് ആ നേട്ടം ഇപ്പോള്‍ ആവര്‍ത്തിക്കുകയും ചെയ്തിരിക്കുകയാണ്.

 

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് 300 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്. നിലവില്‍ 45 ഓവറില്‍ 306 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 117 പന്തില്‍ 134 റണ്‍സ് നേടിയ ഡാരില്‍ മിച്ചലും നാല് പന്തില്‍ അഞ്ച് റണ്‍സുമായി മിച്ചല്‍ സാന്റ്‌നറുമാണ് ക്രീസില്‍.

 

Content Highlight: Daryl Mitchell scored second century against India