അംഗപരിമിതർക്ക് നൽകിയത് പ്രളയത്തിൽ മുങ്ങി തുരുമ്പെടുത്ത വാഹനങ്ങൾ
kERALA NEWS
അംഗപരിമിതർക്ക് നൽകിയത് പ്രളയത്തിൽ മുങ്ങി തുരുമ്പെടുത്ത വാഹനങ്ങൾ
ന്യൂസ് ഡെസ്‌ക്
Sunday, 20th January 2019, 9:45 pm

മലപ്പുറം: അംഗപരിമിതര്‍ക്കായുള്ള മുച്ചക്രവാഹന വിതരണത്തില്‍ വന്‍ ക്രമക്കേട്. അംഗപരിമിതര്‍ക്കായി വിതരണത്തിന് എത്തിച്ചത് പ്രളയകാലത്ത് വെളളത്തില്‍ മുങ്ങി തുരുമ്പെടുത്ത വാഹനങ്ങള്‍. മഞ്ചേരി നഗരസഭയിലാണ് സംഭവം.

തട്ടിപ്പ് നടത്താനുളള ശ്രമം ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടിയതോടെയാണ് സംഭവം പുറത്തായത്.

വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു മുച്ചക്രവാഹനത്തിന് 78,000 രൂപയോളം വില നല്‍കിയാണ് കെല്‍ട്രോണ്‍ വഴി വിതരണത്തിന് എത്തിച്ചത്. അധികം താമസിയാതെ തന്നെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട നഗരസഭ ഉദ്ഘാടനം വേണ്ടന്നു വച്ചു. ഏറെ പ്രതീക്ഷയോടെ വാഹനങ്ങള്‍ വാങ്ങാന്‍ എത്തിയ അംഗപരിമിതര്‍ വിഷമത്തോടെയാണ് മടങ്ങിയത്.

ALSO READ: വിദ്യാര്‍ത്ഥികളിലെ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ മൂത്രപരിശോധനയുമായി കോലഞ്ചേരി മെഡിക്കല്‍ കോളേജ്; നിയമവിരുദ്ധമെന്ന് പൊലീസ്

വിതരണോദ്ഘാടനം നടത്തിയ ശേഷമാണ് വാഹനങ്ങളില്‍ പൊടിയും തുരുമ്പും പിടിച്ചതും ഏറെക്കാലം ഗോഡൗണിലോ മറ്റോ സൂക്ഷിച്ചതാണെന്നും കണ്ടെത്തിയത്. ചിലത് വാഹനങ്ങള്‍ സ്റ്റാര്‍ട്ടാവുന്നുമില്ല. അതോടെ വാഹങ്ങള്‍ എത്തിച്ച ഏജന്‍സിയോട് ഇത് വിതരണം ചെയ്യാനാവില്ലെന്ന് അറിയിച്ച് നഗരസഭ അധികൃതര്‍ പരിപാടി റദ്ദാക്കുകയായിരുന്നു.

അംഗപരിമിതരായ 19 പേര്‍ക്ക് 13 ലക്ഷം ചെലവിട്ടാണ് വാഹനം എത്തിച്ചത്. താക്കോല്‍ സ്വീകരിക്കാന്‍ ശനിയാഴ്ച രാവിലെ ചുള്ളക്കാട് ജി.യു.പി സ്‌കൂള്‍ മൈതാനത്ത് എത്തിയ ഗുണഭോക്താക്കളാണ് വാഹനങ്ങളുടെ തകരാറുകള്‍ കണ്ടെത്തിയത്. ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വാഹനങ്ങള്‍ മാറ്റി നല്‍കാമെന്ന് ഉറപ്പുനല്‍കി വിതരണക്കാര്‍ മടങ്ങി.

വിതരണത്തിനെത്തിച്ച വാഹനങ്ങളില്‍ മിക്കതും പ്രവര്‍ത്തനരഹിതമായിരുന്നു. ചില വാഹനങ്ങളുടെ എന്‍ജിന്‍ പൂര്‍ണമായും തുരുമ്പിച്ച നിലയിലാണ്. പെയിന്റ് ഇളകിയ വാഹനങ്ങളും കൂട്ടത്തിലുണ്ട്.

ALSO READ: മരുന്നിനും ഉപകരണങ്ങൾക്കും നികുതി നൽകേണ്ടതില്ലെന്ന് ഹൈകോടതി; നികുതി പിരിക്കാൻ വകുപ്പുണ്ടെന്നു സർക്കാർ

“വാഹനം ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലായിരുന്നു. താഴെയെല്ലാം ചെളി പിടിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ വാഹനം വാങ്ങാന്‍ വന്നത്. എന്നാല്‍ ഇത്തരത്തില്‍ പെരുമാറിയതില്‍ വിഷമമുണ്ട്- ഗുണഭോക്താവിലൊരാള്‍ പറയുന്നു.

എഞ്ചിനകത്തും സ്റ്റിയറിങ് വരെയും വെള്ളം കയറി ചെളിപിടിച്ചതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങളാണ് വിതരണത്തിന് എത്തിച്ചതെന്നാണ് ആക്ഷേപം. വിതരണം ചെയ്യുന്നതിനുമുമ്പ് വാഹനങ്ങള്‍ പരിശോധിച്ച് കാര്യക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം നഗരസഭക്കാണ്. എന്നാല്‍ യാതൊരു പരിശോധനയും നടത്താതെയാണ് വാഹനങ്ങള്‍ നഗരസഭാ അധികൃതര്‍ ഏറ്റുവാങ്ങിയതെന്നാണ് ആരോപണം.

തകരാറിലായ മുച്ചക്രവാഹനങ്ങള്‍ നല്‍കി വഞ്ചിച്ച വാഹന വിതരണ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് ഭിന്നശേഷിക്കാര്‍ ആവശ്യപ്പെട്ടു. വാഹന നിര്‍മാതാക്കളായ ഹീറോ കമ്പനിയുടെ മാസ്ട്രോ സ്‌കൂട്ടറാണ് തിരൂരിലെ എയ്സ് മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് വിതരണ ഏജന്‍സി മഞ്ചേരിയില്‍ എത്തിച്ചത്.

ALSO READ: കരിമണല്‍ കടലോരത്തെ സമരത്തിരകള്‍

എന്നാല്‍ എയ്സ് മോട്ടേഴ്സുമായി ബന്ധമില്ലെന്നും കെല്‍ട്രോണ്‍ കേരള ലിമിറ്റഡിനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല നല്‍കിയതെന്നും നഗരസഭാ അധികൃതരും വ്യക്തമാക്കി. വിതരണോദ്ഘാടന ചടങ്ങിന് കെല്‍ട്രോണ്‍, എയ്സ് മോട്ടോഴ്സ് അധികൃതരും എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 33 പേര്‍ക്കാണ് മുച്ചക്രവാഹനം വിതരണംചെയ്തത്.

ഇതില്‍ മിക്ക വാഹനങ്ങള്‍ക്കും യന്ത്രത്തകരാര്‍ ഉള്ളതായി ആരോപിച്ച് വാഹനങ്ങളുമായി ഗുണഭോക്താക്കള്‍ എത്തിയിരുന്നു. തങ്ങളുടെ വാഹനങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്നും സ്വന്തം കമ്പനി തന്നെ സര്‍വീസ് നടത്തി തരുന്നില്ലെന്നും അമ്പലപ്പടി സ്വദേശി ഉണ്ണികൃഷ്ണന്‍ പറയുന്നു.

ALSO READ: കീടനാശിനികള്‍ കര്‍ഷകരെ കൊല്ലുമ്പോള്‍ വീണ്ടുമതിനെ പിന്തുണയ്ക്കണോ ?

സമാനമായ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തകരാറ് പരിഹരിക്കാനായി ചെല്ലുമ്പോള്‍ കമ്പനി സര്‍വീസ് ചെയ്ത് തരാന്‍ മടിക്കുകയാണെന്നും ഗുണഭോക്താക്കള്‍ പറയുന്നു.

പ്രശ്നം വഷളായതോടെയാണ് വാഹനങ്ങള്‍ മാറ്റി നല്‍കാമെന്ന് ഉറപ്പുനല്‍കി വിതരണക്കാര്‍ മടങ്ങിയത്. സംഭവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ താല്‍ക്കാലിക രജിസ്ട്രേഷന്‍ റദ്ദാക്കി വാഹനങ്ങള്‍ കമ്പനി തന്നെ തിരിച്ചെടുക്കുകയും ചെയ്തു.

ഗുണഭോക്താക്കളുടെ രേഖകള്‍ പരിശോധിച്ചും നടപടി പൂര്‍ത്തിയാക്കിയും വിതരണം നടത്താനുള്ള സമയം നീണ്ടുപോയതിനാലാണ് ഇത്തരത്തില്‍ പിഴവ് സംഭവിച്ചത് എന്നും പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും കെല്‍ട്രോണ്‍ പ്രതിനിധികള്‍ അറിയിച്ചു.

WATCH THIS VIDEO: