എഡിറ്റര്‍
എഡിറ്റര്‍
120 വര്‍ഷങ്ങള്‍ക്ക് ശേഷം ദളിതര്‍ തമിഴ്‌നാട്ടിലെ മാരിയമ്മന്‍ കോവിലില്‍
എഡിറ്റര്‍
Monday 1st October 2012 12:40pm

കോയമ്പത്തൂര്‍: 120 വര്‍ഷങ്ങള്‍ക്ക് ശേഷം ജാതി മേല്‍ക്കോയ്മ്മ മറികടന്ന് കോയമ്പത്തൂരിലെ ദളിതര്‍ കാളപട്ടിയിലെ മാരിയമ്മന്‍ കോവിലില്‍ പ്രവേശിച്ചു. തമിഴ്നാട്ടിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെയും തമിഴ്‌നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്(ടി.എന്‍.യു.ഇ.എഫ്) നേതൃത്വത്തിലാണ് ദളിതര്‍ ക്ഷേത്രപ്രവേശനം നടത്തിയത്.

Ads By Google

കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 5 കി.മി അകലെയുള്ള ക്ഷേത്രത്തിത്തിന്റെ പരിസരത്ത് കൂടി ഇതുവരെ ദളിതരെ അടുപ്പിച്ചിരുന്നില്ല. ഈ പ്രദേശത്ത് ദളിത് വിഭാഗമായ 2000 ഓളം അരുന്ധതിയാര്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഏതാണ്ട് 1500 ഓളം വരുന്ന ദളിതരും സി.പി.ഐ.എം പ്രവര്‍ത്തകരും ചേര്‍ന്ന് ഇന്നലെ 11 മണിയോടെ കാളപട്ടി പട്ടണം പിടിച്ചെടുക്കുകയായിരുന്നു. പോലീസ് സംരക്ഷണത്തോടെയായിരുന്നു ഇവരുടെ ക്ഷേത്ര പ്രവേശനം.

അതേസമയം, ഉന്നത ജാതിക്കാരില്‍ നിന്നും യാതൊരു വിധത്തിലുള്ള എതിര്‍പ്പും ക്ഷേത്രപ്രവേശനത്തിന് ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. കോയമ്പത്തൂര്‍ എം.പി നടരാജന്റെയും ടി.എന്‍.യു.എഫ് പ്രസിഡന്റ് പി. സമ്പത്തിന്റെയും നേതൃത്വത്തിലായിരുന്നു ക്ഷേത്രപ്രവേശനം. ഇനി മുതല്‍ ജാതി അടിസ്ഥാനപ്പെടുത്തി മാരിയമ്മന്‍ കോവിലില്‍ ക്ഷേത്രപ്രവേശനം ഉണ്ടാകില്ലെന്ന പ്രഖ്യാപനത്തോടെയായിരുന്നു ക്ഷേത്രപ്രവേശനം നടന്നത്.

1971 മുതല്‍ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോമെന്റിന്റെ മേല്‍നോട്ടത്തിലാണ് മാരിയമ്മന്‍ കോവില്‍. ക്ഷേത്രപ്രവേശനം ജാതി അടിസ്ഥാനമാക്കിയല്ല എന്ന് ട്രസ്റ്റിന്റെ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും തൊട്ടുകൂടായമ് പോലുള്ള അനാചാരം നിലനില്‍ക്കുന്നതിനാല്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല.

രാജ്യത്തെ ഒരു പ്രധാന നഗരത്തില്‍  തൊട്ടുകൂടായ്മ പോലുള്ള അനാചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത് അപമാനകരമാണെന്ന് പി.സമ്പത്ത് അഭിപ്രായപ്പെട്ടു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉന്നതജാതനായ ഒരാളുടെ അടുത്ത് ബസ്സില്‍ ഇരുന്നതിന്റെ പേരില്‍ യുവാവ് ആക്രമിക്കപ്പെട്ടിരുന്നു.

അതേസമയം, സംസ്ഥാനത്ത് തൊട്ടുകൂടായ്മ ഇല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇങ്ങനെയുള്ള അനാചാരങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങളും സംസ്ഥാനത്തെ സ്ഥിരം സംഭവമാണെന്നാണ് ടി.എന്‍.യു.ഇ.എഫ് നേതാവായ യു.കെ. ശിവഗ്നാനം പറയുന്നത്.

Advertisement