യു.പിയില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് കുട്ടിയെ വെടിവെച്ച് കൊന്നു
national news
യു.പിയില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് കുട്ടിയെ വെടിവെച്ച് കൊന്നു
ന്യൂസ് ഡെസ്‌ക്
Monday, 8th June 2020, 10:52 pm

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദളിത് വിഭാഗത്തില്‍ നിന്നുള്ള 17 കാരനെ വെടിവെച്ചു കൊന്നു. വികാസ് കുമാര്‍ ജാതവ് എന്ന കുട്ടിയെ ആണ് വെടിവെച്ചു കൊന്നത്.

മേല്‍ജാതിയില്‍ പെട്ട നാലുപേരാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്ന് വികാസ് കുമാറിന്റെ അച്ഛന്‍ ഓം പ്രകാശ് ജാതവ് ആരോപിക്കുന്നു.
ഹൊരം ചൗഹാന്‍ എന്ന 18 വയസ്സുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടില്‍ കയറി വികാസിനെ ആക്രമിക്കുകയും വെടിവെക്കുകയും ചെയ്തത്. നിറയൊഴിച്ച ശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടതായും വികാസിന്റെ അച്ഛന്‍ പറയുന്നു.

ജൂണ്‍ ഒന്നിന് വികാസ് കുമാര്‍ അംരോഹ ജില്ലയിലെ ദൊംഖെര ഗ്രാമത്തിലെ ശിവ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. ജാതവ് സമുദായത്തില്‍ നിന്നുള്ളയാളാണെന്ന് പറഞ്ഞ് വികാസിനെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ നാലംഗം സംഘം ചെറുപ്പക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വികാസ് ഇത് വക വെക്കാതെ ക്ഷേത്രത്തില്‍ കയറി.

ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് വന്ന വികാസിനെ മേല്‍ ജാതിക്കാരായ ഗ്രാമവാസികള്‍ ഉപദ്രവിച്ചിരുന്നെന്നും വികാസിന്റെ അച്ഛന്‍ പറയുന്നു.

ഇതിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ടും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ വികാസിന്റെ മരണം ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കാരണമല്ലെന്നും ഏഴ് ദിവസം മുമ്പ് കുട്ടികള്‍ കളിക്കവെ ഉണ്ടായ തര്‍ക്കം മൂലാണെന്നണ് പ്രഥമികാന്വേഷണത്തില്‍ വ്യക്തമാവുന്നതെന്നാണ് കേസില്‍ അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നിരജ് കുമാര്‍ പറഞ്ഞത്.

സംഭവത്തില്‍ മുഖ്യപ്രതിയായ ഹൊരംമിനെ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

ജാതവ്, വാല്‍മീകികള്‍ തുടങ്ങിയ ദളിത് വിഭാഗങ്ങളാണ് ഗ്രാമത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ താമസിക്കുന്നത്. ഇവിടത്തെ പ്രധാന സവര്‍ണ വിഭാഗമായ താക്കൂര്‍ വിഭാഗത്തിന്റെ സാന്നിധ്യം ഗ്രാമത്തില്‍ പ്രബലമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ