'ജാതി വരച്ച അതിര്‍ത്തികള്‍ കടന്ന് വേണം ഞങ്ങള്‍ക്കിപ്പോഴും കുടിവെള്ളമെടുക്കാന്‍'; മധ്യപ്രദേശില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊന്ന ദളിത് യുവാവിന്റെ കുടുംബം പറയുന്നു
national news
'ജാതി വരച്ച അതിര്‍ത്തികള്‍ കടന്ന് വേണം ഞങ്ങള്‍ക്കിപ്പോഴും കുടിവെള്ളമെടുക്കാന്‍'; മധ്യപ്രദേശില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊന്ന ദളിത് യുവാവിന്റെ കുടുംബം പറയുന്നു
ന്യൂസ് ഡെസ്‌ക്
Sunday, 23rd February 2020, 1:34 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരിയില്‍ പൈപ്പില്‍ നിന്ന് കുടിവെള്ളമെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ദളിത് യുവാവിനെ വെടിവെച്ച് കൊന്ന വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ഫത്തേപൂര്‍ സ്വദേശിയായ മദന്‍ ബാല്‍മീകിയ്ക്കാണ് പൈപ്പില്‍ നിന്ന് കുടിവെള്ളമെടുത്തതിന് കൊല്ലപ്പെടേണ്ടി വന്നത്. മരിക്കുമ്പോള്‍ മദന് 35 വയസ്സ് മാത്രമായിരുന്നു പ്രായം. മദന്‍ കൊല്ലപ്പെട്ട് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ശിവപുരിയില്‍ ജാതി വരച്ചിട്ട അതിര്‍ത്തികളുടെ ഭീതിതമായ അനുഭവങ്ങള്‍ പറയുകയാണ് ഫത്തേപൂര്‍ ഗ്രാമവാസികള്‍.

”ശിവപുരിയില്‍ എല്ലാത്തിനും അതിര്‍ത്തിയുണ്ട്. റോഡിനും, കടകള്‍ക്കും, കളിസ്ഥലങ്ങള്‍ക്കും അങ്ങനെ എല്ലാത്തിനും. കുടിവെള്ളമെടുക്കുന്നതിനും ഈ അതിര്‍ത്തി പിന്തുടരാതെ മാര്‍ഗമില്ല. കുടിവെള്ളമുള്ള കിണറുകളെല്ലാം താക്കൂര്‍ വിഭാഗത്തിന്റെ കൈവശമാണ്. പൈപ്പ് വെള്ളത്തിന്റെ കണക്ഷനും താക്കൂര്‍ വിഭാഗക്കാര്‍ക്ക് മാത്രം അവകാശപ്പെട്ട ആഢംബരമാണ”. നാട്ടുകാര്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെബ്രുവരി പതിനാറിന് മെഹ്താര്‍ കുടുംബത്തിലെ അമ്പതോളം പേര്‍ക്ക് അവര്‍ ആശ്രയിച്ചിരുന്ന ഏക കുടിവെള്ള ശ്രോതസ്സ് നഷ്ടമാകുകയായിരുന്നു. അന്നാണ് കുടിവെള്ളമെടുത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ മദന്‍ ബാല്‍മീകിയെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊന്നത്.

തങ്ങള്‍ പൈപ്പില്‍ നിന്ന് കുടിവെള്ളമെടുത്ത് മലിനമാക്കുകയാണ് എന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. മദന്റെ ഭാര്യയുടെ അമ്മ ദ ഹിന്ദുവിനോട് പറഞ്ഞു. 200 മീറ്റര്‍ നടന്നാണ് കൊല്ലപ്പെട്ട മദന്റെ കുടുംബം കുടിവെള്ളം എടുക്കാറ്. സമീപത്ത് നിന്നു തന്നെ ഇവര്‍ പാത്രം കഴുകുകയും ചെയ്യും. മദന്റെ മകള്‍ പാത്രം കഴുകുന്നതിനിടെ കുറച്ച് വെളളം അതുവഴി വന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ മേല്‍ വീണതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഇവര്‍ക്ക് നേരെ ജാതി അധിക്ഷേപം നടത്തി ആക്രോശിച്ചു. മകളും ഭാര്യയും മദനോട് ഇത് സംബന്ധിച്ച് പറഞ്ഞു. വിഷയം ചോദ്യം ചെയ്യാന്‍ മദന്‍ എത്തിയപ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മദന്‍ കൊല്ലപ്പെട്ടത്.

 ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുരുതരമായി പരിക്കേറ്റ മദനെ ആശുപത്രിയിലെത്തിക്കുക ശ്രമകരമായിരുന്നു. താക്കൂര്‍ വിഭാഗത്തിന്റെ കൈവശം വണ്ടിയുണ്ടായിരുന്നെങ്കിലും മദനെ ആശുപത്രിയിലെത്തിക്കാന്‍ അവരാരും സഹായം ചെയ്തില്ല. മദന്റെ മറ്റൊരു ബന്ധുവായ ബബിത പറഞ്ഞുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഇരുചക്ര വാഹനത്തിലാണ് 25 കിലോമീറ്റര്‍ അകലെയുളള കരേരയിലെ ആശുപത്രിയിലേക്ക് മദനെ കൊണ്ടുപോയത്. പക്ഷേ ആശുപത്രിയിലെത്തും മുന്‍പ് തന്നെ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു.

സംഭവത്തില്‍ പൊലീസ് രണ്ട് തോക്കുകള്‍ കണ്ടുകെട്ടിയിട്ടുണ്ട്. പതിനാല് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ആറ് പേരെയാണ് പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഉദ്യോഗസ്ഥന്റെ തോക്ക് നാട്ടുകാര്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതിനിടയിലാണ് മദന് വെടിയേറ്റതെന്നാണ് വനം വകുപ്പ് വാദിക്കുന്നത്. കാട്ടില്‍ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്തതാണ് നാട്ടുകാരെ പ്രകോപ്പിച്ചതെന്നും വനംവകുപ്പ് പറയുന്നു.