രാജസ്ഥാനില്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്ന പേരില്‍ ദളിതനെ സവര്‍ണര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
India
രാജസ്ഥാനില്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്ന പേരില്‍ ദളിതനെ സവര്‍ണര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2019, 12:58 pm

ജയ്പൂര്‍: രാജസ്ഥാനിലെ പാലി ജില്ലയില്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ദളിതനെ സവര്‍ണര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലെ ദനേരിയ ഗ്രാമത്തിലായിരുന്നു സംഭവം.

പ്രായപൂര്‍ത്തിയാകാത്ത ദളിത് വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയെയാണ് മേല്‍ജാതിക്കാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

താന്‍ ക്ഷേത്രത്തില്‍ കയറിയില്ലെന്നും മര്‍ദ്ദിക്കരുതെന്നും കുട്ടി പറയുന്നുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ മര്‍ദ്ദനം തുടരുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

ഉത്തരാഖണ്ഡിലെ തേരി ജില്ലയില്‍ മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായ 23 കാരായ ദളിത് യുവാവ് അടുത്തിടെ മരണപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം.

ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വിവാഹ ദിവസം കുതിരപ്പുറത്ത് യാത്ര ചെയ്തതിന്റെ പേരില്‍ അക്രമത്തിനിരയായ സംഭവവും അടുത്തിടെയായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജസ്ഥാനിലെ ബില്‍വാരയിലായിരുന്നു സംഭവം.

നേരത്തെ ഗുജറാത്തിലെ മഹുവാദ് ജില്ലയിലെ ദളിത് യുവാവ് തങ്ങളുടെ വിവാഹങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നും സര്‍ക്കാര്‍ അതിന് അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ 300 ഓളം വരുന്ന മേല്‍ജാതിക്കാര്‍ അദ്ദേഹത്തിന്റെ വീട് ആക്രമിച്ചിരുന്നു.