ഉയർന്ന ജാതിയിലുള്ള അധ്യാപകരുടെ പാത്രത്തിൽനിന്ന് വെള്ളം കുടിച്ചു; അധ്യാപകനിൽ നിന്ന് മർദനമേറ്റ ദളിത് വിദ്യാർത്ഥി മരിച്ചു
national news
ഉയർന്ന ജാതിയിലുള്ള അധ്യാപകരുടെ പാത്രത്തിൽനിന്ന് വെള്ളം കുടിച്ചു; അധ്യാപകനിൽ നിന്ന് മർദനമേറ്റ ദളിത് വിദ്യാർത്ഥി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th August 2022, 5:07 pm

ജയ്പൂർ: അധ്യാപകനിൽ നിന്നും മർദനമേറ്റ ഒമ്പത് വയസുള്ള ദളിത് വിദ്യാർത്ഥി മരിച്ചു. തന്റെ പാത്രത്തിൽനിന്നും വെള്ളം കുടിച്ചതിനാണ് അധ്യാപകൻ വിദ്യാർത്ഥിയെ മർദിച്ചത്.

രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുറാനാ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

മർദനമേറ്റ കുട്ടി അഹമ്മദാബാദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ശനിയാഴ്ചയോടെ കുട്ടി മരണപ്പെടുകയായിരുന്നു.

കുട്ടിയെ മർദിച്ച സംഭവത്തിൽ അധ്യാപകനായ ചൈൽ സിങ്ങിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.കൊലപാതക കുറ്റം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനമറിയിച്ചു. പട്ടികജാതി പട്ടികവർഗ നിയമപ്രകാരം അധ്യാപകനെതിരെ കൊലപാതകകുറ്റത്തിനു കേസെടുക്കുമെന്നും ഗെലോട്ട് പറഞ്ഞു.

വിഷയത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനായി കേസ് ഓഫീസേർസ് സ്‌കീമിന് കീഴിൽ ഏറ്റെടുക്കാൻ രാജസ്ഥാൻ പട്ടികജാതി കമ്മീഷൻ ചെയർമാൻ ഖിലാഡി ലാൽ ബൈർവ ഉത്തരവിട്ടു.

‘കുട്ടി ക്രൂരമായി മർദിക്കപ്പെട്ടു, അതിന്റെ കാരണം അധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ തൊട്ടതാണ്, കേസ് അന്വേഷണഘട്ടത്തിലാണ്. ഞങ്ങൾ അധ്യാപകനായ ചൈൽ സിങിനെതിരെ ഐ.പി.സി 302, പട്ടികജാതി പട്ടികവർഗ നിയമം എന്നിവ പ്രകാരം കേസ് ഫയൽ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു,’ ജലോർ പൊലീസ് സൂപ്രണ്ട് ഹർഷ് വർദ്ധൻ അഗർവാല പറഞ്ഞു,

മർദനമേറ്റ കുട്ടി അബോധാവസ്ഥയിലായിരുന്നെന്നും മുഖത്തും ചെവിയിലും മുറിവുകളുണ്ടായിരുന്നെന്നും കുട്ടിയുടെ പിതാവ് ദേവറാം മേഘ്വാൾ പറഞ്ഞു.

‘ഒരാഴ്ചയോളം ഉദയ്പൂരിലെ ആശുപത്രിയിൽ തുടർന്നു, എന്നാൽ പുരോഗതിയൊന്നും കാണാത്തതിനാൽ അവനെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെയും ആരോഗ്യനിലയിൽ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല, ഒടുവിൽ ശനിയാഴ്ച അവൻ മരണത്തിന് കീഴടങ്ങി,’ ദേവറാം മേഘ്വാൾ പറഞ്ഞു.

സംഭവത്തിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് റിപോർട്ട് നൽകാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് രണ്ട് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവം നടന്ന പ്രദേശത്ത് ഇന്റർനെറ്റ് സംവിധാനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Content Highlight: Dalit boy killed after being attacked by teacher for drinking water