ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടി തുടരുന്നു; പരിക്ക് മൂലം ഡെയ്ല്‍ സ്റ്റെയ്ന്‍ നാട്ടിലേക്കു മടങ്ങുന്നു
ICC WORLD CUP 2019
ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടി തുടരുന്നു; പരിക്ക് മൂലം ഡെയ്ല്‍ സ്റ്റെയ്ന്‍ നാട്ടിലേക്കു മടങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th June 2019, 7:46 pm

ലണ്ടന്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു. ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റതിനു പിന്നാലെ ടീമിന്റെ സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പരിക്കുമൂലം പുറത്തായി. തോളിനേറ്റ പരിക്കാണ് സ്റ്റെയ്‌നു വില്ലനായത്.

സ്റ്റെയ്‌നു പകരം ഇടംകൈയന്‍ പേസ് ബൗളര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് ടീമില്‍ ഇടംപിടിച്ചു. ഇന്ത്യക്കെതിരേ നാളെ മൂന്നാം മത്സരം കളിക്കാനിറങ്ങവെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയേറ്റത്.

പരിക്കേറ്റെങ്കിലും ലോകകപ്പില്‍ കളിക്കാന്‍ സ്റ്റെയ്ന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്‌സണിന്റെ കര്‍ശന നിര്‍ദേശപ്രകാരമാണ് സ്റ്റെയ്‌നെ നാട്ടിലേക്കു തിരിച്ചയക്കുന്നത്. രണ്ടാംതവണയാണ് 35-കാരനായ സ്റ്റെയ്‌നിന്റെ തോളിനു പരിക്കേല്‍ക്കുന്നതെന്ന് ഐ.സി.സി പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.

അതിനിടെ പേസര്‍ ലുംഗി എന്‍ഗിഡിയും പരിക്കിന്റെ പിടിയിലായി. എന്‍ഗിഡിയുടെ പിന്‍തുടയ്ക്കാണു പരിക്കേറ്റത്.

ആദ്യമത്സരത്തില്‍ 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനോട്് ഫാഫ് ഡുപ്ലെസിസിന്റെ ടീം തോല്‍വി ഏറ്റുവാങ്ങിയത്. രണ്ടാം മത്സരത്തില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള ബംഗ്ലാദേശിനോട് 21 റണ്‍സിനും അവര്‍ തോറ്റു. രണ്ടു മത്സരങ്ങളിലും ആദ്യ ഇന്നിങ്‌സില്‍ മുന്നൂറിലധികം റണ്‍സ് ദക്ഷിണാഫ്രിക്ക വഴങ്ങിയിരുന്നു.

ലോകകപ്പ് ആരംഭിക്കുന്നതിനു മുന്‍പ് ജനുവരിയിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ബെസ്റ്റ് ഫിനിഷര്‍ എന്നായിരുന്നു ആല്‍ബി അറിയപ്പെട്ടിരുന്നത്.

ഈ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു ദക്ഷിണാഫ്രിക്ക.