എഡിറ്റര്‍
എഡിറ്റര്‍
ഡി.എം.കെയിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു
എഡിറ്റര്‍
Wednesday 20th March 2013 12:14pm

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഡി.എം.കെയിലെ മുഴുവന്‍ മന്ത്രിമാരും രാജി വെച്ചു.  ഭിന്നതകള്‍ക്കൊടുവില്‍ അഴഗിരിയും, നെപ്പോളിയനും പ്രധാനമന്ത്രിക്ക് രാജികത്ത് നല്‍കി.

Ads By Google

ഡി.എം.കെയിലെ ഭിന്നതയെ തുടര്‍ന്ന് അഴകിഗിരിയും നെപ്പോളിയനും രാജിവെയ്ക്കുന്നില്ലെന്ന് വ്യക്തമാക്കയിരുന്നു. എന്നാല്‍ യു.പി.എയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്ന തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കരുണാനിധി വ്യക്തമാക്കിയിരുന്നു.

ഡി.എം.കെ നേതാവ് കെ. കരുണാനിധിയുടെ മകന്‍ എം.കെ അഴഗിരി, എസ്.എസ് പളനി മാണിക്യം, ഡി.നെപ്പോളിയന്‍, എസ്.ജഗത്രക്ഷകന്‍, എസ് ഗാന്ധി ശെല്‍വന്‍ എന്നിവരാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് യു.പി.എ മന്ത്രിസഭയിലുള്ളത്.

അതേസമയം ശ്രീലങ്കക്കെതിരെ അമേരിക്ക യു.എന്നില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം പറഞ്ഞു.

ഭേദഗതിക്കായുള്ള ചര്‍ച്ച നടന്നുവരികയാണ്. ലങ്കക്കെതിരായ പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.കെട്ടിച്ചമച്ച കഥയാണത്. ശ്രീലങ്കക്കെതിരെ കുറ്റമറ്റതും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലങ്കന്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.പി.എ വിട്ട ഡി.എം.കെയുടെ തീരുമാനം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കില്ല. ലങ്കന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെനിലപാട് ഡി.എം.കെ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്.

എന്തുകൊണ്ടാണ് അവരുടെ മനസ് മാറിയതെന്നറിയില്ല. ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാറിന് ഭീഷണിയില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തോടൊപ്പം പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍ നാഥും പങ്കെടുത്തിരുന്നു.

അതേസമയം പാര്‍ലമെന്റില്‍ വെയ്‌ക്കേണ്ട പ്രമേയത്തിന്റെ കരട് രൂപമായി. പ്രമേയത്തിലെ വ്യവസ്ഥകളോട് മിക്ക രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വിയോജിപ്പാണ് ഉള്ളത്.

ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ.കരുണാനിധിയാണ് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. യു.പി.എക്ക് പുറത്തുനിന്ന് പിന്തുണ നല്‍കില്ലെന്നും കരുണാനിധി വ്യക്തമാക്കി.

എം.കെ അഴഗിരി ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരാണ് ഡി.എം.കെക്ക് മന്ത്രിസഭയിലുള്ളത്. ഇവരോട് രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ തുടരുകയാണെങ്കില്‍ അത് തമിഴ് ജനതയെ വഞ്ചിക്കുന്നതിന് തുല്യമായിരിക്കും. ഇനിയും അത് ചെയ്യാന്‍ തനിക്ക് കഴിയില്ല. തമിഴ് ജനതയുടെ പ്രശ്‌നങ്ങള്‍ക്കാണ് പാര്‍ട്ടി എന്നും മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.പി.എ.യിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഡി.എം.കെ പിന്തുണ പിന്‍വലിച്ചതോടെ യു.പി.എ സര്‍ക്കാര്‍ ന്യൂനപക്ഷമായി.  270 അംഗങ്ങളുടെ പിന്തുണ വേണ്ട സ്ഥാനത്ത് യു.പി.എയ്ക്ക് 232 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്.

18 എം.പിമാരാണ് ഡി.എം.കെയ്ക്കുള്ളത്. ശ്രീലങ്കന്‍ തമിഴരുടെ വികാരം ഇന്ത്യ മനസ്സിലാക്കുന്നില്ല. ശ്രീലങ്കന്‍ തമിഴര്‍ക്കായി ഇന്ത്യ കടുത്ത നിലപാടെടുക്കണമെന്നും കരുണാനിധി അറിയിച്ചു. വിഷയത്തില്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയാല്‍ തീരുമാനം പുന:പരിശോധിക്കുമെന്നും കരുണാനിധി അറിയിച്ചു.

ശ്രീലങ്കന്‍ തമിഴരുടെ വിഷയത്തില്‍ ഡി.എം.കെ യു.പി.എ വിടുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരുണാനിധിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘം തിങ്കളാഴ്ച ചെന്നൈയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.

ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കിലും പ്രതിസന്ധി അയയുന്നതായിട്ടായിരുന്നു വിവരം. എന്നാല്‍ ഇന്നലെ രാവിലെ അപ്രതീക്ഷിതമായി തിടുക്കത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് കരുണാനിധി നിര്‍ണായക തീരുമാനം വെളിപ്പെടുത്തിയത്.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തില്‍ ഭേദഗതിക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കണമെന്ന പുതിയ ആവശ്യം കരുണാനിധി ഉന്നയിച്ച സാഹചര്യത്തിലാണ് ഇന്നലത്തെ ചര്‍ച്ച സമവായമാകാതെ പിരിഞ്ഞത്.

ജനീവയില്‍ നടക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ യു.പി.എ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയഗാന്ധി എന്നിവര്‍ക്ക് ശനിയാഴ്ച രാത്രി ഫാക്‌സ് സന്ദേശത്തില്‍ കരുണാനിധി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈഴത്തമിഴര്‍ക്കെതിരെ നടത്തിയ അക്രമങ്ങളെ വംശീയ ഉന്മൂലനമെന്ന് വിശേഷിപ്പിക്കുക, ലങ്കയിലെ യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാന്‍ അന്താരാഷ്ട്ര കമീഷനെ നിയമിക്കുക എന്നീ ഭേദഗതികള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു കരുണാനിധിയുടെ ആവശ്യം.

Advertisement