ഇ.ഡി. സമന്‍സ്; ഏത് വിധേനയും ഭാരത് ജോഡോ യാത്രയിലെ എന്റെ പങ്കാളിത്തം തടയാനാണ് അവരുദ്ദേശിക്കുന്നത്: ഡി.കെ. ശിവകുമാര്‍
national news
ഇ.ഡി. സമന്‍സ്; ഏത് വിധേനയും ഭാരത് ജോഡോ യാത്രയിലെ എന്റെ പങ്കാളിത്തം തടയാനാണ് അവരുദ്ദേശിക്കുന്നത്: ഡി.കെ. ശിവകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th October 2022, 3:32 pm

ബെംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പര്യടനം തുടര്‍ന്നുകൊണ്ടിരിക്കെ യാത്രയിലെ തന്റെ പങ്കാളിത്തം തടയാനുള്ള ശ്രമമാണ് അന്വേഷണ ഏജന്‍സികളെ മുന്‍നിര്‍ത്തി ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍.

ജോഡോ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്ക് സമന്‍സ് അയച്ചിരിക്കുകയാണെന്നും ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തില്‍ ഇത് മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അംഗീകരിച്ചില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തില്‍ എനിക്കയച്ച സമന്‍സ് മാറ്റിവെക്കാന്‍ ഞാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് അഭ്യര്‍ത്ഥിച്ചു. പക്ഷേ അവരത് നിരസിച്ചിരിക്കുകയാണ്.

ഈ സമയത്ത് ഇങ്ങനെയൊരു സമന്‍സ് വന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് എല്ലാവര്‍ക്കുമറിയാം. ഏത് വിധേനയും രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഒരു യാത്രയിലെ എന്റെ പങ്കാളിത്തം തടയാനാണ് അവരുദ്ദേശിക്കുന്നത്,’ എന്നാണ് ഡി.കെ. ശിവകുമാര്‍ ട്വീറ്റ് ചെയ്തത്.

2017 ല്‍ സി.ബി.ഐ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇ.ഡി അന്വേഷണം ആരംഭിക്കുകയും ഡി.കെ. ശിവകുമാറിനെ ചോദ്യം ചയ്യുകയും ചെയ്തിരുന്നു.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 2017ല്‍ ശിവകുമാറിന്റെ ദല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ 14 വസ്തുവകകളില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. ഈ കേസിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെയുള്ള നടപടിയെടുക്കുന്നത്.

അതേസസമയം, സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ ജോഡോ പദയാത്ര വെള്ളിയാഴ്ചയാണ് കര്‍ണാടകയില്‍ പ്രവേശിച്ചത്. 21 ദിവസമെടുത്ത് 511 കിലോമീറ്ററോളം കര്‍ണാടകയിലൂടെ കടന്നുപോകും. അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് യാത്ര അവസാനിക്കുക.

അതിനിടയില്‍ ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തു. മൈസൂരുവിന് സമീപം നാഗമംഗലയിലാണ് സോണിയ യാത്രക്കൊപ്പം അണിചേര്‍ന്നത്.

ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുകയും ചികിത്സ തുടരുന്നതിനും ഇടയിലാണ് സോണിയ ഗാന്ധി രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടക്കാന്‍ എത്തിയത്.

CONTENT HIGHLIGHTS:  D.K. Shivakumar says Enforcement Directors intend to stop my participation in Bharat Jodo Yatra by any means