ശാസ്ത്രവും സ്വാതന്ത്ര്യവും
TechD
ശാസ്ത്രവും സ്വാതന്ത്ര്യവും
ന്യൂസ് ഡെസ്‌ക്
Wednesday, 25th July 2012, 2:45 am


1952ല്‍ മന്തിലി റിവ്യൂവില്‍ വന്നതാണ്  “ശാസ്ത്രവും സ്വാതന്ത്ര്യവുംഎന്ന ഈ ലേഖനം

ഭാഗം ഒന്ന്‌


എസ്സേയ്‌സ്/ഡി.ഡി. കൊസാംബി
മൊഴിമാറ്റം/ഷഫീക്ക് എച്ച്.

1949ല്‍ ശാസ്ത്ര സ്വാതന്ത്ര്യത്തെപറ്റി അമേരിക്കയിലെ ഏതാനം ചില ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ആശങ്കപ്പെടുകയുണ്ടായി. വന്‍കിട ബിസിനസ് സ്ഥാപനങ്ങളും യുദ്ധ വകുപ്പുകളും സര്‍വ്വകലാശാലകളും പണം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കുവാനുള്ള ശാസ്ത്രജ്ഞന്‍മാരുടെ സ്വാതന്ത്രയമാണ് ഇവര്‍ ശാസ്ത്ര സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

[]

സുപ്രധാനമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുള്ള ശാസ്ത്രജ്ഞന്‍മാരോട് അതില്‍ നിന്നൊഴിഞ്ഞ് കൊച്ച് വയറുകളും രാസപദാര്‍ത്ഥങ്ങളും പല പ്രദേശങ്ങളിലെ മാതൃകകളുമൊക്കെ ശേഖരിച്ച് അപകടമില്ലാത്ത കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും കുഴലൂത്ത് നടത്തുന്നവര്‍ക്ക് പണം നല്‍കുകയും ചെയ്യുന്ന ഒരു സമൂഹത്തെ ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്ത് ജീവിക്കുന്നവരാണ് ഈ മാന്യന്‍മാര്‍. അതുകൊണ്ട് തന്നെ സാങ്കേതികവികാസത്തില്‍ ഏറ്റവും താഴെ തട്ടിലേയ്ക്കുവരെ ആധുനിക ഉല്‍പ്പാദന സംവിധാനം പിടിമുറുക്കിയിട്ടുള്ള ഇന്നത്തെ കാലത്ത് ശാസ്ത്രത്തിന്  ഒരിക്കലും “സ്വതന്ത്ര”മായിരിക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം  ഇവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല.

സാങ്കേതികവികാസത്തില്‍ ഏറ്റവും താഴെ തട്ടിലേയ്ക്കുവരെ ആധുനിക ഉല്‍പ്പാദന സംവിധാനം പിടിമുറുക്കിയിട്ടുള്ള ഇന്നത്തെ കാലത്ത് ശാസ്ത്രത്തിന്  ഒരിക്കലും ‘സ്വതന്ത്ര’മായിരിക്കാന്‍ സാധിക്കില്ല

സമഗ്രതയില്ലാത്തതും അങ്ങേയറ്റം ചൂഷണത്തിലധിഷ്ഠിതവുമായമായ ഒരു സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമാണ് ഈ ശാസ്ത്രജ്ഞര്‍. ഇവര്‍ ജീവിക്കുന്നത് ഇന്ന് ഫാരഡെയേക്കാള്‍ സുഖകരമായാണ്. അപകടകരവും ദാര്‍ശനികപരവുമായ ആശയങ്ങള്‍ നിര്‍മിക്കുന്നത് ഒഴിവാക്കിക്കൊണ്ട് പേറ്റെന്റിന്റെയോ പരസ്യത്തിന്റെയോ മൂല്യമുള്ള സാധാരണ ഉല്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് അനിവാര്യമായ ഒരു സാഹചര്യത്തില്‍ കൂടിയാണ് ഇവര്‍ ജീവിക്കുന്നത്.  അതുകൊണ്ടാണ് ആസൂത്രിതമായ ഒരു സമൂഹത്തില്‍ ശാസ്ത്ര സ്വാതന്ത്ര്യമില്ല എന്ന്  ഈ  വിഖ്യാതര്‍ കുണ്ഠിതപ്പെടുന്നത്. അതേസമയം വഞ്ചനയെക്കാളും കൊള്ളയെക്കാളും ഏറ്റവും കൂടുതല്‍ അപകടമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്ന എതിരഭിപ്രായമുള്ളവരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന പ്രവണത നടമാടുന്ന ഇക്കാലത്ത് തങ്ങളുടെ സ്വാതന്ത്ര്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് ഇവര്‍ ചിന്തിക്കുന്നില്ല.

ഏതൊരാളെയും സുപ്രധാന കാര്യങ്ങളില്‍ നിന്ന് അകലേയ്ക്ക്  ഇവര്‍ കൊണ്ടു പോകും എന്നുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ സൂചിക്കിക്കേണ്ടി വന്നത്. ശാസ്ത്രവും സ്വാതന്ത്ര്യവും തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ട്. അതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ശാസ്ത്രജ്ഞരുടെ വ്യക്തിഗത സ്വാതന്ത്ര്യം. അനിവാര്യതയുടെ അംഗീകാരമാണ് സ്വാതന്ത്ര്യമെങ്കില്‍ അനിവാര്യതയുടെ അന്തര്‍ദര്‍ശനമാണ് ശാസ്ത്രം.  ഇതില്‍ ആദ്യ ഭാഗം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ക്ലാസിക്കല്‍ നിര്‍വചനമാണ്.  രണ്ടാമത്തെ ഭാഗം ശാസ്ത്രത്തെ കുറിച്ച് ഞാന്‍ നല്‍കിയിട്ടുള്ള നിര്‍വ്വചനവും. ഇനി നമുക്ക് ഇതിന്റെ പ്രായോഗികതയെ അടുത്ത് നിന്ന് പരിശോധിക്കാം.

ശാസ്ത്രം എന്നത് പദാര്‍ത്ഥത്തിന്റെ ഗുണങ്ങളെ കുറിച്ച് നേരിട്ടുള്ള അന്വേഷണമാണ്

ഡി.ഡി. കൊസാംബി

(ജൂലൈ 31, 1907-ജൂണ്‍ 29, 1966)


ദാമോദര്‍ ധര്‍മാനന്ദ് കൊസാംബി എന്ന് പൂര്‍ണ്ണ നാമം. ഗണിത ശാസ്ത്രജ്ഞന്‍, മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍, ബഹുഭാഷാ പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. നാണയശാസ്ത്ര  പഠനത്തിലും തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

കേംബ്രിഡ്ജ് സര്‍വ്വകലാശാല, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല എന്നിവിടങ്ങലില്‍ വിദ്യാഭ്യാസം.

ബനാറസ് ഹിന്ദു സര്‍വ്വകലാശാല, അലിഗര്‍ മുസ്‌ലീം സര്‍വ്വകലാശാല, ഫെര്‍ഗൂസന്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

ഇന്ത്യയിലേയ്ക്ക് തിരിച്ചുവന്നതിനുശേഷം ശീതയുദ്ധകാലത്ത് ലോക സമാധാന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാവുകയും വേള്‍ഡ് പീസ് കൗണ്‍സിലിന്റെ അംഗമാവുകയും ചെയ്തു.

1945ല്‍ ഹോമി ജെ. ഭാഭയുടെ ക്ഷണപ്രകാരം ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് റിസര്‍ച്ചില്‍ ഗണിതശാസ്ത്ര അദ്ധ്യാപകനും സ്ഥിതിവിവരത്തില്‍ ശാസ്ത്രജ്ഞനുമായി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഹോമി ജെ. ഭാഭയുടെയും ആണവോര്‍ജ്ജ അനുകൂല സമീപനത്തിനെതിരായി ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും രാജിവെച്ചു.

സ്ഥിതിവിവര ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നാണയശാസ്ത്ര പഠനം വികസിപ്പിക്കാന്‍ ശ്രമിച്ചു. അതുവഴി ചരിത്ര വ്യാഖ്യാനത്തിലേയ്ക്കും ചരിത്ര രചനയിലേയ്ക്കും അദ്ദേഹം എത്തിച്ചേര്‍ന്നു. ചരിത്ര വ്യാഖ്യാനത്തിന് മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രമായിരുന്നു കൊസാംബി ഉപയോഗിച്ചിരുന്നത്. അങ്ങനെ ഇന്ത്യയിലെ ശാസ്ത്രീയ
ചരിത്ര രചനയുടെ പിതാവ്
എന്ന ഖ്യാതിയും നേടി.

ഇന്ത്യാചരിത്ര പഠനത്തിന് ഒരു ആമുഖം, മിത്തും യാഥാര്‍ത്ഥ്യവും, കംബൈന്‍ഡ് മെത്തെഡോളജി, രോക്ഷജനകമായ പ്രബന്ധങ്ങള്‍, പുരാതന ഇന്ത്യന്‍ സംസ്‌കാരവും നാഗരികതയും-ഒരു രൂപരേഖ മുതലായവയാണ് സുപ്രധാന ചരിത്ര കൃതികള്‍.

ഒട്ടനവധി ശാസ്ത്രകൃതികളും അദ്ദേഹം രചിച്ചു. ഗണിതശാസ്ത്രത്തില്‍ പഥണിതം എന്ന ശാസ്ത്രശാഖയ്ക്ക് ജന്മം നല്‍കി.

ഔദ്യോഗിക മാര്‍ക്‌സിസ്റ്റുകളുടെ ശക്തനായ വിമര്‍ശകനായിരുന്നു കൊസാംബി. രോക്ഷജനകമായ പ്രബന്ധങ്ങളുടെ ആമുഖത്തില്‍ ഔദ്യോഗിക മാര്‍ക്‌സിസ്റ്റുകളെ ഒ.എം (ഒഫിഷ്യല്‍ മാര്‍ക്‌സിസ്റ്റ്‌സ്) എന്നു വിളിച്ച കളിയാക്കുന്നുണ്ട്. അതേസമയം മാര്‍ക്‌സിസത്തെയും വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും അദ്ദേഹം തന്റെ പഠനങ്ങളുടെയും വിശകലനങ്ങളുടെയും മുഖ്യ ഉപാധിയായി തിരഞ്ഞെടുത്തു.

പറക്കുന്നതുമായി ബന്ധപ്പെട്ട ഒരു ലളിതമായ ഉദാഹരണം നമുക്ക് പരിശോധിക്കാം. നമുടെ പിതാമഹന്‍മാര്‍ ഞൊടിയിടയില്‍ നൂറുകണക്കിനു മൈലുകളിലേയ്ക്കുവരെ പറന്നെത്താന്‍ കഴിയുന്ന യോഗയുടെ രഹസ്യ പ്രയോഗങ്ങളില്‍ അതീവ പ്രഗല്‍ഭരായിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അത് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് ശരീരത്തിന്റെ പറക്കലല്ല. മറിച്ച് സാങ്കല്‍പികമായ പറക്കലാണ്. പക്ഷികളെ പോലെ പറക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഗ്ലൈഡറുകള്‍ വിജയിക്കുകയുണ്ടായി. അപ്പൊഴാണ് ഇതുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങള്‍ കടന്നുവന്നത്. അതായത് ഉര്‍ജ സ്രോതസ്സ്, പറക്കുന്നതിനുള്ള രീതി, എയ്‌റോ ഡൈനാമിക്‌സിന്റെ നിയമങ്ങള്‍ എന്നിവ. ഇവയെല്ലാം തന്നെ ശാസ്ത്രപരീക്ഷണങ്ങള്‍ക്കുള്ളില്‍ വരുന്നവയാണ്.

പറക്കാനുള്ള യന്ത്രം കണ്ടുപിടിക്കുന്നതുവരെ മാനവരാശിക്ക് പറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് ആര്‍ക്കുവേണമെങ്കിലും പറക്കാം. അതിന് യോഗയുടെ ആവശ്യമില്ല. അതിന് ഒരാള്‍ക്ക് വിമാനത്തില്‍ കടക്കാനുള്ള അനുമതി നല്‍കിയാല്‍ മതി.  സമൂഹത്തിന്റെയും അതിലെ സ്വത്ത് ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇത് സാധ്യമാകണമെങ്കില്‍ ഒന്നുകില്‍ അയാള്‍ വിമാനം വാങ്ങണം അല്ലെങ്കില്‍ ആരെങ്കിലും അയാളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കണം. ആത്യന്തികമായ പ്രശ്‌നം പറക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് പണമുണ്ടോ എന്നതാണ്, അതായത് ഉല്‍പാദനോപാധികളുടെ മേല്‍ മതിയായ നിയന്ത്രണമുണ്ടോ എന്നതാണ്.

ചുരുക്കത്തില്‍ തന്റെ ശരീരത്തില്‍ ചിറകുകള്‍ മുളപ്പിച്ച് ആകാശത്തിലേയ്ക്ക് പറക്കുന്നതിനോ അല്ലെങ്കില്‍ യോഗിയായി ഉച്ചസ്ഥായിയിലേയ്ക്ക് സ്വന്തം ഇച്ഛാശക്തികൊണ്ട് പറന്നുയരുന്നതിനോ ഏതൊരാളെയും ആരും തടയുന്നില്ല. അത്തരത്തിലുള്ള സ്വാതന്ത്ര്യം കേവലം സാങ്കല്‍പ്പികം മാത്രമാണെന്ന് പറയേണ്ടതില്ലല്ലോ. അനിവാര്യതയാണ് മനുഷ്യനെ പുതിയ മാര്‍ഗങ്ങളിലേയ്ക്ക്, പ്രായോഗികമായ സാങ്കേതിക രീതികളിലേയ്ക്ക് നയിക്കുന്നത്.

കാഴ്ച്ചശക്തിയെ കറിച്ചുള്ള സര്‍വ്വ സാധാരണമായൊരു വിഷയം പരിശോധിക്കാം. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് കടുത്ത ഹ്രസ്വദൃഷ്ടിയെയും ദീര്‍ഘദൃഷ്ടിയെയും അന്ധതയുടെ വകഭേദങ്ങള്‍ എന്ന നിലയ്ക്കാണ് കണ്ടിരുന്നത്. അവയെ ദൈവം നല്‍കിയതെന്നോ, വാര്‍ദ്ധക്യ സഹജമെന്നോ ധരിച്ചോ തള്ളിക്കളയുകയായിരുന്നു പതിവ്. അത്തരത്തിലുള്ള ആള്‍ക്കാരുടെ സ്വാഭാവിക കാഴ്ച്ചശക്തി തിരികെ കൊണ്ടുവരാന്‍ ഗ്ലാസ്സുകള്‍ കണ്ടുപിടിക്കണമായിരുന്നു.

ആത്യന്തികമായ പ്രശ്‌നം പറക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് പണമുണ്ടോ എന്നതാണ്, അതായത് ഉല്‍പാദനോപാധികളുടെ മേല്‍ മതിയായ നിയന്ത്രണമുണ്ടോ എന്നതാണ്.

അങ്ങനെയാണ് ഇന്ന് നാം കാണുന്ന കാഴ്ച്ചയെ കുറിച്ചുള്ള ശാസ്ത്രം (science of optics), നേത്ര ഘടനയെ കുറിച്ചുള്ള അറിവ്, ഗ്ലാസ്സുകളെ കുറിച്ചുള്ള അറിവ്, അതിന്റെ രസതന്ത്രം, ലെന്‍സുകള്‍ രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യകള്‍, അവയുടെ നിര്‍മ്മാണശാലകള്‍, വര്‍ക്‌ക്ഷോപ്പുകള്‍ എന്നിവയൊക്കെ വന്നത്. എന്നിട്ടും ഗ്ലാസ്സുകള്‍ കൊണ്ട് വളരെ എളുപ്പെം പരിഹരിക്കാവുന്ന ദൃഷ്ടി വൈകല്യമുള്ളവരുടെ എണ്ണം വളരെ വലുതാണ്. നിയമപരമായി അവര്‍ക്ക് ഗ്ലാസ്സുകള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ അവരെ അതില്‍ നിന്നു തടയുന്ന ഏക കാര്യം പണമാണ്. ഇന്ത്യയില്‍ ധാരാളം കണ്ണടകള്‍ ആവശ്യമുണ്ട്. എന്നാല്‍ ദശലക്ഷക്കണക്കിനാളുകള്‍ക്ക് എത്തത്തക്കവിധം അവ ലഭ്യമല്ല.

ഇനി നമ്മുക്ക് നിരീക്ഷിക്കാനുള്ളത് ശാസ്ത്ര പരീക്ഷണള്ളില്‍ അനിവാര്യത എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഈ പരീക്ഷണങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കാത്ത ഒരു സാങ്കേതിക തലം അവിടെയുണ്ട്. അവസ്സാന വിശകലനത്തില്‍ ഈ സാങ്കേതിക തലവുമായി അഭേദ്യമാം വിധം കണ്ണിചേര്‍ക്കപ്പെട്ടതും സാമൂഹികമായൊരു അനിവാര്യത സൃഷ്ടിച്ചുകൊണ്ട് വ്യക്തി സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതുമായ (condition) ഒരു സാമൂഹിക ഘടനയും നിലനില്‍ക്കുന്നുണ്ട്. ഈ സാമൂഹിക അനിവാര്യതയാകട്ടെ അമൂര്‍ത്തമായരുപത്തില്‍ അനാവശ്യവും എന്നാല്‍ വാസ്തവത്തില്‍ നിലനില്‍ക്കുന്ന ഒന്നുമാണ്.

ശാസത്രത്തെ പറ്റിയുള്ള എന്റെ ചില പ്രസ്താവനകള്‍ തര്‍ക്കമറ്റവയാണ്. ശാസ്ത്രത്തിന് ഒരു പരിശോധനയേയുള്ളു. അത് അതിന്റെ സാധുതയെയും ഭൗതികമായ തെളിവുകളെയും കുറിച്ചുള്ള പരിശോധനയാണ്. ശാസ്ത്രം എന്നത് പദാര്‍ത്ഥത്തിന്റെ ഗുണങ്ങളെ കുറിച്ച് നേരിട്ടുള്ള അന്വേഷണമാണ്. അതുകൊണ്ട് തന്നെ ശാസ്ത്രം ഭൗതികപരമാണ്. പരീക്ഷണം നടത്തുന്ന വ്യക്തിയില്‍ നിന്നും സ്വതന്ത്രമായതായിരിക്കും ശാസ്ത്ര ഫലങ്ങള്‍. ഒരേ പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപോലെയുള്ള ഫലങ്ങളായിരിക്കും ഉണ്ടാവുന്നത്.

കാരണങ്ങളിലേയ്ക്കും അതിന്റെ പരിണിത ഫലങ്ങളിലേയ്ക്കുമുള്ള അന്വേഷണമെന്ന നിലയില്‍ ശാസ്ത്രമെന്നത് സഞ്ചിതമാണ് (cumulative). അതുകൊണ്ട് ശാസ്ത്രമെന്നത് ശാസ്ത്രത്തിന്റെ ചരിത്രം കൂടിയാണ്. പ്രധാനപ്പെട്ട എല്ലാ ശാസ്ത്രീയ കണ്ടെത്തലും മാനവ വിജ്ഞാനത്തിലേയ്ക്ക് സ്വാംശീകരിക്കപ്പെടുന്നു. അതിനു ശേഷം അത് ഉപയോഗിക്കപ്പെടുന്നു.

അനിവാര്യതയുടെ അംഗീകാരമാണ് സ്വാതന്ത്ര്യമെങ്കില്‍ അനിവാര്യതയുടെ അന്തര്‍ദര്‍ശനമാണ് ശാസ്ത്രം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗലീലിയോയുടെ പരീക്ഷണം ആവര്‍ത്തിക്കാന്‍ കഴിയും. ഇന്ന് ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥികള്‍ പോലും ന്യൂട്ടന് അറിയുന്നതിനേക്കാള്‍ ഗണിതശാസ്ത്രം പഠിക്കുന്നുണ്ട്. അതേ മാനസ്സികാവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ട പോകേണ്ടതുണ്ട്. ആധുനിക വീക്ഷണത്തില്‍ ആവശ്യമില്ലാത്തവയെ അവര്‍ അവരുടെ പഠനത്തിനിടയില്‍ കണ്ടെത്തുന്നു. എന്നാല്‍ അതിനവര്‍ക്ക് ഗലീലിയോയുടെ ഡയലോഗോ പ്രിന്‍സിപ്പിയയോ  വായിക്കേണ്ടതില്ല. ഇവിടെയാണ് ശാസ്ത്രം കലയില്‍ നിന്നും പെയിന്റിങ്ങില്‍ നിന്നുമൊക്കെ വ്യത്യസ്തമാകുന്നത്. ഒരു ആധുനിക ചിത്രകാരന് അല്‍ത്താമിറയിലെ ഗുഹകളിലുള്ള ചരിത്രാതീത കാലകട്ടത്തിലെ കാട്ടുപോത്തിന്റെ ചിത്രമോ കാളിദാസന്റെ കാവ്യമോ പഠിക്കേണ്ട ആവശ്യമില്ല.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഏതൊരു കാലത്തെയും കലയെയും സാഹിത്യത്തെയും പിന്‍തലമുറക്കാര്‍ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളില്‍ നടക്കുന്നതുപോലെ സ്വാംശീകരിച്ചില്ലെങ്കിലും നമുക്കവയെ അംഗീകരിക്കാനാവും. സൗന്ദര്യശാസ്ത്രപരമായി അവയ്‌ക്കൊരു സ്ഥായിയായ മൂല്യമുണ്ട്. കാലഹരണപ്പെടാതെ അവ നിലനില്‍ക്കും. എന്നാല്‍ ശാസ്ത്രീയ കൃതികളില്‍ ആ സ്വഭാവസവിശേഷത ഇല്ല. എന്നിരുന്നാലും എല്ലാ സൗന്ദര്യ ഘടകത്തിനും അത്തരത്തിലുള്ളൊരു അതിജീവന ക്ഷമത ഉണ്ടാവണമെന്നില്ല. ആഭരണങ്ങളോടൊക്കെ അധികാരി വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ദ്രുതഗതിയില്‍ മാറിവരുന്ന ഫാഷന്‍ പെട്ടെന്നുതന്നെ അപഹാസ്യമായിത്തീരാറുമുണ്ട്.

ശാസ്ത്രമെന്നത് സഞ്ചിതമാണ് (cumulative). അതുകൊണ്ട് ശാസ്ത്രമെന്നത് ശാസ്ത്രത്തിന്റെ ചരിത്രം കൂടിയാണ്

മറ്റുള്ള പ്രസ്താവനകള്‍ വളരെ ലളിതമായി വിശദമാക്കാം. രണ്ട് ചിത്രകാരന്‍മാര്‍ ഒരേ ദൃശ്യം ചിത്രീകരിക്കുന്നു എന്നിരിക്കട്ടെ, എന്നിരുന്നാലും വ്യക്തമായും അവ രണ്ട് ചിത്രങ്ങള്‍ തന്നെയായിരിക്കും. എന്നാല്‍ ഒര് ക്യാമറ ഒരു നിശ്ചിത ദൃശ്യത്തെ കേന്ദ്രീകരിച്ചിട്ട് രണ്ട് പേര്‍ ക്ലിക്ക് ചെയ്താല്‍ അങ്ങനെയുണ്ടാവില്ല. അനുഷ്ഠാനങ്ങളില്‍ നിന്നമുണ്ടകുന്ന ഫലങ്ങള്‍ അനുഷ്ഠാനം നടത്തുന്ന വ്യക്തിക്കനുസരിച്ചാകും ലഭ്യമാകുക.

രാജാവിനും വൈദ്യനും മാന്ത്രികനും അതുപോലെ ബ്രാഹ്മണനും മാത്രമേ മാനവരാശിക്ക് എന്തെങ്കിലും നേട്ടം കൊണ്ടുവരാന്‍ കഴിയൂ എന്നായിരുന്നു വിശ്വാസം. എന്നാല്‍ ശാസ്ത്രം പറയുന്നത് ഇത്തരം നേട്ടങ്ങള്‍ കേവലം സാങ്കല്‍പ്പികങ്ങളാണ് എന്നാണ്. മണ്ണിന് ഫലഭൂയിഷ്ടത ലഭിക്കാന്‍ അതിനായി ചെയ്യുന്ന അനുഷ്ടാനങ്ങളെക്കാള്‍ നല്ലത് അതിനു വേണ്ടി കാര്‍ഷിക സാങ്കേതിക വിദ്യകളും രാസപദാര്‍ത്ഥങ്ങളും മറ്റ് സാങ്കേതികങ്ങളുമാണ്.

ഞാന്‍ ഈ ഉദാഹരണങ്ങള്‍ പറഞ്ഞത് ബോധപൂര്‍വ്വമാണ്. എന്തെന്നാല്‍ ഒരിക്കല്‍ ഉപയോഗിക്കുന്ന ഇത്തരം കലകളെയും അനുഷ്ഠാനങ്ങളെയും ശാസ്ത്രീയ നിരീക്ഷണങ്ങള്‍ തള്ളിക്കളയും. ഇന്ന് നാം ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ എന്നുവിളിക്കുന്നവയ്ക്ക് പകരമായി ഉപയോഗിച്ചിരുന്നവയായിരുന്നു പ്രാകൃത അനുഷ്ഠാനങ്ങള്‍. അന്ന് ആ പ്രാകൃത അനുഷ്ഠാനങ്ങള്‍ ശരിയുമായിരുന്നു.

വ്യാവസായിക ജീതത്തിന്റെ അന്തര്‍സംഘര്‍ഷങ്ങള്‍ ജീവിതമാര്‍ഗങ്ങളെല്ലാം കവരുന്നതുമൂലം നഗരങ്ങളില്‍ നിരന്തരം മരണങ്ങള്‍ നടക്കുമ്പോഴും ഇന്ത്യയില്‍ ആര്‍ത്തവ വിലക്കുകള്‍ പോലുള്ളവ അനുഷ്ഠിക്കുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ആയുധങ്ങളെ പൂജിക്കുന്ന സമ്പ്രദായം ഇന്നും നിലവിലുണ്ട്. അത് അത്ര നല്ല ഒരു രീതിയല്ല. വളരെ പുരാതനകാലം മുതലേ നിലവിലുള്ള അനുഷ്ഠാനമാണത്.  മാത്രവുമല്ല ലെയ്ത്തുകളും ടര്‍ബൈനുകളും വൈദ്യത മോട്ടറുകളും ട്രെയിനുകളുമോക്കെ തെളിയിച്ചത് തൊഴിലാളികളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ അത്തരം ആയുദ്ധങ്ങളില്‍ അല്ല എന്നതാണ്.

ശാസ്ത്രത്തിന് ഒരു പരിശോധനയേയുള്ളു. അത് അതിന്റെ സാധുതയെയും ഭൗതികമായ തെളിവുകളെയും കുറിച്ചുള്ള പരിശോധനയാണ്

ഞാന്‍ കമ്പോളത്തില്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. പാവപ്പെട്ട പച്ചക്കറി കച്ചവടക്കാര്‍ ഒരു ദിവസത്തെ കന്നിക്കച്ചവടം ചെയ്യുമ്പോള്‍ അവര്‍ ബാക്കി തുകയും ഭാവാനി ദേവിയെയും വന്ദിക്കുന്നതായി കാണാം. അതുപോലെ തന്നെ ഷെയര്‍മാര്‍ക്കറ്റിലെ ഊഹ കച്ചവടക്കാര്‍ ധാരാളം പണം ജ്യോതിഷത്തിനായി ഉപയോഗിക്കുകയും ചെയ്യും. അതേസമയം തന്നെ കമ്പോള കൊട്ടേഷനുകളെ അവര്‍ നിരാകരിക്കുകയില്ല. ഓഹരികള്‍ സ്‌റ്റോക്കുകകള്‍ ബോണ്ടുകകള്‍ മുതലായ ആധുനിക ധനപരമായ ചൂതാട്ടങ്ങളിലേയ്ക്ക് കടന്നുവരുന്ന പ്രവണതകളെയോ നവഗതരെയോ കുറിച്ചു പഠിക്കുന്നതിനെയും അവര്‍ ഒഴിവാക്കുന്നുമില്ല. അതാകട്ടെ അയാളുടെയും ജ്യോതിഷികളുടെയും വേദഗ്രന്ഥവുമായി യാതൊരു ബന്ധമില്ലാത്തവയുമാണ്.

സൂര്യഗ്രഹണസമയത്ത് കുളിച്ച് പ്രാര്‍ത്ഥിക്കുന്ന ലക്ഷക്കണക്കിനുപേര്‍ ഇപ്പോഴുമുണ്ട്. പിശാചിന്റെ ഉദരത്തില്‍ നിന്നും സൂര്യന്‍ പുറത്തേയ്ക്ക് രക്ഷപ്പെടുന്നു എന്നാണ് വിശ്വാസം. എന്നാല്‍ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങള്‍ പാശ്ചാത്യ ഈഫിമെറിസുകളിലൂടെ (ephemeris, ephemerides=ജ്യോതിശാസ്ത്രത്തിലെ പഞ്ചാഗം/ഗ്രഹ നില) ഗ്രഹണങ്ങളുടെ സമയത്തിന്റെ മിനിറ്റുകള്‍ പോലും പ്രവചിച്ചുകൊണ്ട് നമ്മുടെ പരമ്പരാഗത പഞ്ചാംഗങ്ങളെയും അല്‍മനാക്കുകളെയുമൊക്കെ പിന്നിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള്‍ വാസ്തവത്തില്‍ തങ്ങളുടെ പഴഞ്ചന്‍ ആരാധനകളില്‍ വിശ്വാസം ഉണ്ടാവാന്‍ പാടില്ലാത്തതാണ്.

ശാസ്ത്രത്തില്‍ പ്രയോഗത്തെയും സിദ്ധാന്തത്തെയും വേര്‍പിരിക്കാനാവില്ല. ഇതിനര്‍ത്ഥം ശാസ്ത്രജ്ഞര്‍ തെറ്റായ സിദ്ധാന്തങ്ങള്‍ മുറുകെ പിടിക്കുന്നുവെന്നല്ല. മറിച്ച് സത്യത്തിനോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന നിഗമനങ്ങള്‍ സൂക്ഷിക്കുന്നു എന്നതാണ്. വാസ്തവത്തില്‍ ആത്യന്തിക സത്യം എന്നൊന്നില്ല. കാരണം വേറൊന്നും കൊണ്ടല്ല, പദാര്‍ത്ഥത്തിന്റെ ഗുണവിശേഷങ്ങള്‍ അനന്തവും നിലയ്ക്കാത്തതുമാണ്. അനുഷ്ഠാനങ്ങളുടെ കാര്യത്തിലാവട്ടെ ആര്‍ക്കും തന്നെ പരീക്ഷണം നടത്തി നോക്കാനുള്ള ധൈര്യമില്ല. മുന്‍കാല കല്‍പനകളാണ് ഇന്നും അതിന്റെ പിന്‍ബലം.

തുടരും..