'വായു'ഭീതിയില്‍ ഗുജറാത്ത്; ഒഴിപ്പിച്ചത് പതിനായിരത്തോളം പേരെ; വീശുക 165 കിലോമീറ്റര്‍ വേഗത്തില്‍
national news
'വായു'ഭീതിയില്‍ ഗുജറാത്ത്; ഒഴിപ്പിച്ചത് പതിനായിരത്തോളം പേരെ; വീശുക 165 കിലോമീറ്റര്‍ വേഗത്തില്‍
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 8:48 am

ഗാന്ധിനഗര്‍: അറബിക്കടലില്‍ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്തില്‍ ശക്തമായി വീശുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒഴിപ്പിച്ചത് പതിനായിരത്തോളം പേരെ. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കച്ച് ജില്ലയില്‍ നിന്നു മാത്രം ഇത്രയധികം പേരെ ഒഴിപ്പിച്ചത്.

വ്യാഴാഴ്ച രാവിലെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടും. പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവിടങ്ങളിലാണ് വായു വീശിയടിക്കാന്‍ പോകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മുന്‍കരുതലായി കര, നാവിക, തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്തു വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയുടെ സി-17 വിമാനം യമുനാനഗര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആകെ 700 സൈനികരെ വിവിധ മേഖലകളിലായി വിന്യസിച്ചു. സൈന്യത്തിനു പുറമേ ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റുകളെയും വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ വൈദ്യസംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. 60 ലക്ഷം ആളുകളെ വായു ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാറ്റിന്റെ സഞ്ചാരപാതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാകും ചുഴലിക്കാറ്റ് വീശുകയെന്നാണ് വിലയിരുത്തുന്നത്. വൈകുന്നേരത്തോടെ വേഗം കുറഞ്ഞഅ 90 കിലോമീറ്ററായേക്കും.

വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളമില്ലെങ്കിലും കേരളതീരത്ത് ശക്തമായ മഴയും കാറ്റുമുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. പൊഴിയൂര്‍ മുതല്‍ കാസര്‍കോടു വരെ തീരക്കടലില്‍ 3.5 മുതല്‍ 4.3 മീറ്റര്‍ വരെ തിരമാല ഉയരാനും തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാക്കാനും സാധ്യതയുണ്ട്.

മഴ ശക്തമാകുമെന്നതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ചയും എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും ജാഗ്രതാ നിര്‍ദേശം (യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ചയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.