'നിവാര്‍' അതിതീവ്ര ചുഴലിക്കാറ്റാകും; തമിഴ്‌നാട്ടില്‍ കനത്ത മഴ
Cyclone Nivar
'നിവാര്‍' അതിതീവ്ര ചുഴലിക്കാറ്റാകും; തമിഴ്‌നാട്ടില്‍ കനത്ത മഴ
ന്യൂസ് ഡെസ്‌ക്
Tuesday, 24th November 2020, 10:55 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ നിവാര്‍ ചുഴലിക്കാറ്റ്, അതിതീവ്രചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ കടലൂരിന് 300 കിലോമീറ്റര്‍ അകലെയാണ് നിവാര്‍.

അതേസമയം തെക്കേ ആന്ധ്രപ്രദേശില്‍ നിവാറിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ഇതേ തുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി.

നാവികസേനയും കോസ്റ്റ് ഗാര്‍ഡും സുരക്ഷയ്ക്കായി വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് രാത്രി 9.15 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ട്രിച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് രാത്രി 11.25 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ചെന്നൈയില്‍ നിന്ന് ട്രിച്ചിയിലേക്ക് രാത്രി 8.35 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം എന്നിവയാണ് റദ്ദാക്കിയത്.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും കോസ്റ്റ് ഗാര്‍ഡും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. നാഗപട്ടണം രമേശ്വരം തീരങ്ങളില്‍ നാവികസേനയുടെ ഏഴ് സംഘങ്ങളെ വിന്യസിച്ചു. രണ്ട് ഹെലികോപ്റ്ററുകള്‍, എയര്‍ ആംബുലന്‍സ് എന്നിവയടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി സ്‌പെഷ്യല്‍, ചെന്നൈ-കൊല്ലം അനന്തപുരി സ്‌പെഷ്യല്‍ ,ചെങ്കോട്ട മധുരൈ വഴിയുള്ള കൊല്ലം – ചെന്നൈ എഗ്മോര്‍, ചെന്നൈ-കൊല്ലം എഗ്മോര്‍ എന്നീ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദ് ചെയ്തു.

ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപ്പുരത്തിനുമിടയില്‍ തീരം തൊടും. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. വടക്കന്‍ തമിഴ്‌നാട്ടില്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

ഒമ്പത് ജില്ലകളില്‍ സ്ഥിതി ഗുരുതരമാകാം. മൂന്നു സംസ്ഥാനങ്ങളില്‍ 30 ല്‍ അധികം ടീമിനെ നിയോഗിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളില്‍ കഴിയുന്നവര്‍ അവിടെ തന്നെ കഴിയണം.

മറ്റുള്ളവര്‍ ക്യാമ്പിലേക്ക് മാറണമെന്നും എന്‍.ഡി.ആര്‍.എഫ് അറിയിച്ചു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി പ്രഖ്യാപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cyclone Nivar Tamil Nadu, Puducherry on alert