കുസാറ്റ് അപകടം; രണ്ട് പേരുടെ നില ഗുരുതരം, 38 പേർ ചികിത്സയിൽ
Kerala News
കുസാറ്റ് അപകടം; രണ്ട് പേരുടെ നില ഗുരുതരം, 38 പേർ ചികിത്സയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th November 2023, 7:44 am

കൊച്ചി: കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട നാല് പേരുടെയും പോസ്റ്റ്‌മോർട്ടം ഇന്ന്. അതുൽ തമ്പി, സാറാ തോമസ്, ആൻ റിഫ്റ്റ, ആൽബിൻ ജോസഫ് എന്നിവർ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

മരണപ്പെട്ട ആൽബിൻ ജോസഫ് വിദ്യാർത്ഥിയല്ല. പരിപാടി കാണാൻ സുഹൃത്തിനൊപ്പം വന്നതായിരുന്നു. മരണപ്പെട്ടവരുടെ കരൾ, തലച്ചോർ, ശ്വാസകോശം എന്നിവക്ക് പരിക്കേറ്റിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ.

മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ക്യാമ്പസിൽ പൊതുദർശനത്തിന് വെക്കും.
38 പേരാണ് അടപകടത്തിൽപെട്ട് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്.

മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും കളമശ്ശേരി ആശുപത്രിയിലെത്തി.
അതേസമയം സംഭവത്തിൽ കളമശ്ശേരി പൊലീസ് ഇന്ന് സംഘാടകരുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.

ടെക്‌ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടയിൽ ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. പരിപാടിക്കിടെ മഴ പെയ്തപ്പോൾ ആളുകൾ കൂട്ടത്തോടെ ഓഡിറ്റോറിയത്തിലേക്ക് ഓടി കയറിയതാണ് അപകടത്തിന് കാരണമായത്. ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാനാക്കുന്നതിൽ കൂടുതൽ ആളുകൾ പരിപാടിക്കെത്തിയിരുന്നു.

കാമ്പസിലെ വിദ്യാർത്ഥികൾ കൂടാതെ പുറത്ത് നിന്നുള്ള ആളുകളും പരിപാടി കാണാനെത്തിയിരുന്നു.

Content Highlight: Cusat stampede death; 2 students in critical condition, 38 under treatment