ആവേശം വാനോളം; അവസാന പന്തില്‍ സിക്‌സിലൂടെ ചെന്നൈ; താരമായി സാന്റ്‌നര്‍
IPL 2019
ആവേശം വാനോളം; അവസാന പന്തില്‍ സിക്‌സിലൂടെ ചെന്നൈ; താരമായി സാന്റ്‌നര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th April 2019, 12:05 am

ജയ്പുര്‍: ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ അവസാന പന്തില്‍ സിക്‌സറടിച്ച് കിവീസ് താരം മിച്ചല്‍ സാന്റ്‌നര്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു സമ്മാനിച്ചത് ത്രസിപ്പിക്കുന്ന ജയം. രാജസ്ഥാന്‍ റോയല്‍സിനെ നാലുവിക്കറ്റിനാണ് അവരുടെ ഹോംഗ്രൗണ്ടില്‍ വെച്ച് ചെന്നൈ പരാജയപ്പെടുത്തിയത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈക്കുവേണ്ടി ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയും (58) അമ്പാട്ടി റായിഡുവും (57) അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും മൂന്നു പന്തില്‍ 10 റണ്‍സെടുത്ത സാന്റ്‌നറാണു കളിയുടെ വിജയശില്പി.

അവസാന ഓവറില്‍ 18 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈക്കുവേണ്ടി ആദ്യ പന്തില്‍ത്തന്നെ രവീന്ദ്ര ജഡേജ സിക്‌സറടിച്ചു. അടുത്ത പന്ത് നോബാളായിരുന്നു. അതില്‍ സിംഗിളെടുത്ത് ജഡേജ ധോനിക്ക് സ്‌ട്രൈക്ക് കൈമാറുകയായിരുന്നു. അടുത്ത പന്ത് ഫ്രീഹിറ്റായിരുന്നെങ്കിലും നേടാനായത് രണ്ട് റണ്‍സാണ്. തൊട്ടടുത്ത പന്തില്‍ത്തന്നെ മികച്ച ഫോമില്‍ കളിച്ചുവന്ന ധോനി ബൗള്‍ഡായി. അതോടെ ചെന്നൈ സമ്മര്‍ദത്തിലായി. എന്നാല്‍ എട്ടാമനായിറങ്ങിയ സാന്റ്‌നര്‍ നാല്, അഞ്ച് പന്തുകളില്‍ രണ്ട് റണ്‍സ് വീതം നേടി. അവസാന പന്തില്‍ അതോടെ ജയിക്കാന്‍ വേണ്ടത് നാലുറണ്‍സ്. എന്നാല്‍ അവസാന പന്തെറിഞ്ഞ സ്റ്റോക്‌സിനു പിഴച്ചു. വൈഡ് ! അതോടെ അവസാനപന്തില്‍ വേണ്ടത് മൂന്ന് റണ്‍സായി. അപ്രതീക്ഷിതമായി ബൗളര്‍ക്കു മുകളിലൂടെ സ്റ്റോക്‌സിനെ സിക്‌സര്‍ പറത്തിയ സാന്റ്‌നര്‍ ചെന്നൈക്ക് എന്നെന്നും ഓര്‍ത്തിരിക്കാവുന്ന വിജയമാണു സമ്മാനിച്ചത്.

അതിനിടെ അവസാന ഓവറില്‍ നാടകീയ സംഭവങ്ങള്‍ക്ക് ജയ്പുര്‍ സവായ് മാന്‍സിങ് സ്റ്റേഡിയം സാക്ഷിയായി. സ്‌റ്റോക്‌സ് എറിഞ്ഞ നാലാം പന്ത് സാന്റ്‌നറുടെ നെഞ്ചിനു നേര്‍ക്കു വരികയും അമ്പയര്‍ നോബോള്‍ വിളിക്കുകയുമായിരുന്നു. എന്നാല്‍ ഉടന്‍തന്നെ ഫൈന്‍ ലെഗ് അമ്പയര്‍ അതു പിന്‍വലിച്ചു. സാന്റ്‌നര്‍ ക്രീസിനു വെളിയിലായിരുന്നതാണു കാരണം. എന്നാല്‍ തീരുമാനം ധോനിയെ പ്രകോപിപ്പിച്ചു. ഡഗ്ഗ് ഔട്ടില്‍ നിന്നു ഗ്രൗണ്ടിലെത്തിയ താരം അമ്പയര്‍മാരോടു കയര്‍ത്തു. തുടര്‍ന്ന് തീരുമാനത്തില്‍ അതൃപ്തനായാണു ധോനി തിരികെപ്പോയത്.

നേരത്തേ ടോസ് നേടിയ ചെന്നൈ രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാജസ്ഥാന്റെ ഒരു താരവും 30 റണ്‍സു പോലും സ്‌കോര്‍ ചെയ്തില്ലെന്നതാണു യാഥാര്‍ഥ്യം. 28 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സായിരുന്നു ടോപ് സ്‌കോറര്‍. ബട്ട്‌ലര്‍ 23 റണ്‍സ് നേടി. ചെന്നൈക്കുവേണ്ടി ദീപക് ചഹാര്‍, ഷര്‍ദുല്‍ ഠാക്കൂര്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ഐ.പി.എല്ലില്‍ നൂറ് വിക്കറ്റ് തികയ്ക്കുന്ന താരമായി ജഡേജ മാറി. ഈ നേട്ടം കൈവരിക്കുന്ന 13-ാമത്തെ ബൗളറാണ് ജഡേജ.

ചെന്നൈ പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തും രാജസ്ഥാന്‍ ഏഴാം സ്ഥാനത്തുമാണ്.