വീണ്ടും ചെന്നൈ; വിജയശില്പികള്‍ റെയ്‌നയും താഹിറും
IPL 2019
വീണ്ടും ചെന്നൈ; വിജയശില്പികള്‍ റെയ്‌നയും താഹിറും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th April 2019, 7:55 pm

കൊല്‍ക്കത്ത: ഐ.പി.എല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയക്കുതിപ്പ് തുടരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ സീസണിലെ ഏഴാം ജയം നേടിയത്.

സുരേഷ് റെയ്‌ന (42 പന്തില്‍ 58), രവീന്ദ്ര ജഡേജ (17 പന്തില്‍ 31) എന്നിവര്‍ ചെന്നൈയ്ക്കായി മികച്ച പ്രകടനം നടത്തി.

അവസാന ഓവറില്‍ എട്ട് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ചെന്നൈക്ക് ആദ്യ പന്തില്‍ത്തന്നെ ബൗണ്ടറി നേടാനായത് വിജയം എളുപ്പമാക്കി.

നേരത്തേ ടോസ് നേടിയ ചെന്നൈ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ സുനില്‍ നരെയ്‌നെ തുടക്കത്തില്‍ നഷ്ടപ്പെട്ടെങ്കിലും അവസാനം വരെ ഒരറ്റത്ത് ഉറച്ചുനിന്ന ക്രിസ് ലിന്‍ (51 പന്തില്‍ 82) കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. അവസാന ഓവറുകള്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ പറ്റാതിരുന്നത് കൊല്‍ക്കത്തയ്ക്കു തിരിച്ചടിയായി.

നാല് വിക്കറ്റ് നേടിയ ഇമ്രാന്‍ താഹിര്‍, രണ്ട് വിക്കറ്റ് നേടിയ ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ചെന്നൈ ബൗളിങ് നിരയില്‍ മികച്ചുനിന്നു. ലിന്‍, നിതീഷ് റാണ, റോബിന്‍ ഉത്തപ്പ, റസ്സല്‍ എന്നിവരുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തിയ താഹിറാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞത്.

അതേസമയം രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സുനില്‍ നരെയ്ന്‍, പീയുഷ് ചൗള എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി മികച്ച ബൗളിങ് നടത്തി.

എട്ടു മത്സരങ്ങളില്‍ നിന്ന് ഏഴു ജയങ്ങള്‍ നേടിയ ചെന്നൈ പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തും അത്രയും മത്സരങ്ങളില്‍ നിന്ന് നാലുജയം നേടിയ കൊല്‍ക്കത്ത രണ്ടാംസ്ഥാനത്തുമാണ്.