ഖഷോഗ്ജിയെ പറഞ്ഞുമയക്കി സൗദിയിലെത്തിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടിരുന്നെന്ന് യു.എസ് ഇന്റലിജന്‍സ്
Middle East
ഖഷോഗ്ജിയെ പറഞ്ഞുമയക്കി സൗദിയിലെത്തിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടിരുന്നെന്ന് യു.എസ് ഇന്റലിജന്‍സ്
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 11:24 am

 

വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ പറഞ്ഞുമയക്കി സൗദിയിലെത്തിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടിരുന്നെന്ന് യു.എസ് ഇന്റലിജന്‍സ്. വര്‍ജീനിയയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ തിരികെയെത്തിക്കാനുള്ള പദ്ധതി സൗദി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നത് കേട്ടിട്ടുണ്ടെന്നാണ് യു.എസ് ഇന്‍ലിജന്‍സിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഖഷോഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടത്തിനെതിരെയുള്ള മറ്റൊരു തെളിവാണ് ഈ യു.എസ് ഉദ്യോഗസ്ഥരെന്നാണ് ഇന്റലിജന്‍സ് പറയുന്നത്.

Also Read:“എഴുത്ത് പള്ളിക്കൂടത്തില്‍ പഠിക്കുമ്പം വടക്കേലെ നാരായണേട്ടന്‍…” മീ ടൂ ക്യാമ്പയ്നിനെ പരിഹസിച്ച് മാതൃഭൂമി കാര്‍ട്ടൂണ്‍

കഴിഞ്ഞ നാലുമാസത്തിനിടെ മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുപ്പമുള്ള സൗദി ഉദ്യോഗസ്ഥര്‍ ഖഷോഗ്ജിയെ സംരക്ഷിക്കാമെന്ന വാഗ്ദാനവുമായി മുന്നോട്ടുവന്നിരുന്നു എന്ന് ഖഷോഗ്ജിയുടെ നിരവധി സുഹൃത്തുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടിലേക്ക് തിരിച്ചുവരികയാണങ്കില്‍ സംരക്ഷണവും സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്ന ജോലിയുമാണ് ഇവര്‍ ഖഷോഗിക്ക് വാഗ്ദാനം ചെയ്തത്.

എന്നാല്‍ ഖഷോഗ്ജിയ്ക്ക് ഈ ഓഫറില്‍ വലിയ സംശയമുണ്ടായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. തന്നെ സൗദി സര്‍ക്കാര്‍ ഉപദ്രവിക്കില്ലയെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലയെന്നാണ് അദ്ദേഹം സുഹൃത്തുക്കളില്‍ ഒരാളോട് പറഞ്ഞത്.

“അദ്ദേഹം പറഞ്ഞു: ഇതെന്താ കുട്ടിക്കളി കളിക്കുകയാണോ? അവരെ ഒരുതരിമ്പുപോലും ഞാന്‍ വിശ്വസിക്കുന്നില്ല.” എന്നാണ് അറബ് അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റായ ഖാലിദ് സഫൂരിയോട് ഖഷോഗ്ജി കഴിഞ്ഞ മെയ് മാസത്തില്‍ പറഞ്ഞത്. സൗദി രാജ കോടതിയുടെ ഉപദേഷ്ടാവായ സൗദ് അല്‍ ഖഅതാനിയുടെ ഒരു കോള്‍ ലഭിച്ചതിനു പിന്നാലെയായിരുന്നു ഖഷോഗ്ജി ഇങ്ങനെ പറഞ്ഞത്.

ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനു ഉള്ളില്‍ പ്രവേശിച്ചതിനു പിന്നാലെ ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗ്ജിയെ കാണാതായത്. 15 അംഗ സൗദി സംഘം കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നാണ് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.