ലോകകപ്പ് നേടാന്‍ യോഗ്യത അവര്‍ക്കാണ്; പ്രവചിച്ച് പിയേഴ്‌സ് മോര്‍ഗന്‍
2022 Qatar World Cup
ലോകകപ്പ് നേടാന്‍ യോഗ്യത അവര്‍ക്കാണ്; പ്രവചിച്ച് പിയേഴ്‌സ് മോര്‍ഗന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th December 2022, 7:52 pm

ഖത്തര്‍ ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ ആര് കിരീടം നേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും ചാരമാക്കി കൊണ്ടുള്ള മത്സരഫലങ്ങളാണ് ഖത്തറില്‍ അരങ്ങേറുന്നതെങ്കിലും ലോകകപ്പ് ആര് നേടുമെന്നുള്ള ചര്‍ച്ചകള്‍ സജീവമാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി പല വമ്പന്‍ ടീമുകളും പുറത്താവുകയായിരുന്നു. അര്‍ജന്റീന, ഫ്രാന്‍സ്, മൊറോക്കോ, ക്രൊയേഷ്യ എന്നീ ടീമുകളാണ് അവസാന നാലിലേക്ക് യോഗ്യത നേടിയത്. ഇതില്‍ ആര് ജേതാക്കളാകുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍.

ക്രൊയേഷ്യ അര്‍ജന്റീനയെ തോല്‍പ്പിക്കുമെന്നും, മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് മൊറോക്കോയെ കീഴ്‌പ്പെടുത്തുകയും ചെയ്യുമെന്നാണ് മോര്‍ഗന്റെ പ്രവചനം. ഫൈനലില്‍ ഫ്രാന്‍സ് ക്രൊയേഷ്യയുമായി ഏറ്റുമുട്ടി കിരീടം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈയിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ജേണലിസ്റ്റാണ് മോര്‍ഗന്‍. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി അഭിമുഖം നടത്തിയതിന് പിന്നാലെയാണ് മോര്‍ഗന്‍ പോപ്പുലാരിറ്റി നേടുന്നത്.

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ചിനെയും മാനേജ്‌മെന്റിനെയും കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചത് മോര്‍ഗന്റെ ടെലിവിഷന്‍ ഷോയിലാണ്. തുടര്‍ന്ന് റൊണാള്‍ഡോ യുണൈറ്റഡ് വിട്ടു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

പിയേഴ്‌സ് മോര്‍ഗന്റെ പ്രവചനം സത്യമാകട്ടെ എന്നാശംസിച്ച് നിരവധി ആരാധകര്‍ അദ്ദേഹത്തിന്റെ പോസ്റ്റിന്റെ താഴെ കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം ചൊവ്വാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ക്രൊയേഷ്യ-അര്‍ജന്റീന സെമി ഫൈനല്‍ മത്സരം.

Content Highlights: Croatia will beat Argentina, France will beat Morocco, and France will beat Croatia in the final, says Piers Morgan