ആലിയ ഭട്ടിന് മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് ചോയ്‌സ് ഫിലിം പുരസ്‌കാരവും; വിനീത് കുമാര്‍ മികച്ച നടന്‍
indian cinema
ആലിയ ഭട്ടിന് മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് ചോയ്‌സ് ഫിലിം പുരസ്‌കാരവും; വിനീത് കുമാര്‍ മികച്ച നടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd April 2019, 5:27 pm

മുംബൈ: ഫിലിംഫെയര്‍, സീ സിനിമാ പുരസ്‌കാരങ്ങള്‍ക്കു പുറമേ ക്രിട്ടിക്‌സ് ചോയ്‌സ് ഫിലിം പുരസ്‌കാരവും ബോളിവുഡ് നടി ആലിയ ഭട്ടിന്. മേഘ്‌നാ ഗുല്‍സാറിന്റെ റാസി എന്ന ചിത്രത്തിനാണ് ആലിയക്കു മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

മുംബൈയില്‍ വെച്ചുനടന്ന പുരസ്‌കാരദാനച്ചടങ്ങില്‍ ആലിയക്കു പുരസ്‌കാരം സമ്മാനിച്ചു.

ബദ്ഹായി ഹോ എന്ന ചിത്രത്തിലെ പ്രകടനത്തിന് സുരേഖാ സിക്രിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. 74-കാരിയായ സുരേഖ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വീല്‍ച്ചെയറിലാണ് ചടങ്ങില്‍ പങ്കെടുത്തത്.

മുക്കാബസിലെ പ്രകടനത്തിന് വിനീത് കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. അന്ധധുന്‍ എന്ന ചിത്രത്തിന് ശ്രീറാം രാഘവന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു.

മന്‍മര്‍സിയാനിലെ ഹല്ല എന്ന ഗാനത്തിന് അമിത് ത്രിവേദിക്കു മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു.

ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് നടന്‍ ഷാരൂഖ് ഖാനായിരുന്നു. സോയാ അക്തര്‍, ജാക്കി ഷിറോഫ്, അദിതി റാവു, രസിക ദുഗല്‍, റിച്ച ഛദ്ദ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ പങ്കെടുക്കവേ ആലിയയും വിനീതും അവരവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഇട്ട ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചുകഴിഞ്ഞു.

ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷനാണ് ചോയ്‌സ് ഫിലിം പുരസ്‌കാരം നല്‍കുന്നത്.