പൊട്ട് തൊടാത്ത മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ വിസമ്മതിച്ച ഹിന്ദുത്വ നേതാവിന്റെ കാല്‍തൊട്ടുവണങ്ങി സുധ മൂര്‍ത്തി; വിമര്‍ശനം
national news
പൊട്ട് തൊടാത്ത മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ വിസമ്മതിച്ച ഹിന്ദുത്വ നേതാവിന്റെ കാല്‍തൊട്ടുവണങ്ങി സുധ മൂര്‍ത്തി; വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2022, 1:16 pm

മുംബൈ: എഴുത്തുകാരിയായ സുധ മൂര്‍ത്തി തീവ്രഹിന്ദുത്വ നേതാവിന്റെ കാല്‍തൊട്ട് വണങ്ങുന്ന വീഡിയോക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം.

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ ഭാര്യ മാതാവുമായ സുധാമൂര്‍ത്തി തീവ്രഹിന്ദുത്വ നിലപാടുള്ള ശിവപ്രതിഷ്ഠാന്‍ സംഘടനാ നേതാവ് സംഭാജി ഭിഡെയുടെ കാല്‍തൊട്ട് നമസ്‌കരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

നെറ്റിയില്‍ പൊട്ടുതൊടാത്തതിന്റെ പേരില്‍ വനിതാമാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ വിസമ്മതിച്ച സംഭാജി ഭിഡെയുടെ നടപടി ഈയിടെ വിവാദമായിരുന്നു. എന്നാല്‍ സംഭാജി ഭിഡെയെ തനിക്ക് മനസിലായില്ലെന്നും മുതിര്‍ന്ന പൗരനെന്ന നിലയില്‍ ബഹുമാനം കാണിച്ചതാണെന്നുമാണ് സംഭവത്തില്‍ സുധ മൂര്‍ത്തിയുടെ വിശദീകരണം.

മുംബൈയില്‍ വനിതാ റിപ്പോര്‍ട്ടറോട് തന്റെ ബൈറ്റ് എടുക്കാന്‍ വരുന്നതിന് മുമ്പ് പൊട്ട് കുത്തണമെന്ന് സംഭാജി മറാത്തിയില്‍ പറയുന്ന വീഡിയോയാണ് ഇതിന് മുമ്പ് വിവാദമായിരുന്നത്.

പൊട്ട് തൊടാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

‘ഒരു സ്ത്രീ ഭാരത മാതാവിന് തുല്യമാണ്, പൊട്ടുതൊടാതെ ഒരു വിധവയെപ്പോലെ നടക്കരുത്,’ എന്നാണ് മാധ്യമപ്രവര്‍ത്തകയോട് ഭിഡെ പറഞ്ഞിരുന്നത്.

സംഭവത്തില്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷ രൂപാലി ചക്കന്‍കര്‍ വിശദീകരണം ചോദിച്ച് ഭിഡെക്ക് നോട്ടീസ് അയച്ചിരുന്നു. തന്റെ തോട്ടത്തിലെ മാമ്പഴം കഴിച്ച സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചെന്ന് 2018ല്‍ ഭിഡെ നടത്തിയ പ്രസ്താവനയും വിമര്‍ശനത്തിനിടയാക്കിയിരുന്നു.