നടിയെ ആക്രമിച്ച കേസ്; സംശയത്തിന്റെ നിഴലില്‍ വിചാരണകോടതി; ഇനിയെന്ത്?
Kerala News
നടിയെ ആക്രമിച്ച കേസ്; സംശയത്തിന്റെ നിഴലില്‍ വിചാരണകോടതി; ഇനിയെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd November 2020, 3:07 pm

കേരളം ഏറെ ചര്‍ച്ചചെയ്ത വിവാദവിഷയങ്ങളിലൊന്നാണ് നടിയെ ആക്രമിച്ച കേസ്. മാധ്യമചര്‍ച്ചകളില്‍ ഇടം നേടിയ ഈ കേസില്‍ സുപ്രധാന വഴിത്തിരിവുകള്‍ക്കാണ് കേരളം സാക്ഷിയായത്. കേസില്‍ വിചാരണകോടതിയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി തന്നെ രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ വിചാരണകോടതി നടപടികളിലെ പിഴവ് ചൂണ്ടിക്കാട്ടി സര്‍ക്കാരും രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ വിചാരണക്കോടതിക്കെതിരെ വിമര്‍ശനങ്ങള്‍ എഴുതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കേസില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കേസില്‍ വിചാരണ നടപടികള്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെയ്ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

നടിയുടെയും സര്‍ക്കാരിന്റെയും വാദങ്ങള്‍ കേട്ടശേഷമായിരിക്കും അന്തിമ തീരുമാനമെന്നാണ് ഹൈക്കോടതി നിര്‍ദേശം. അതേസമയം വിചാരണകോടതി തന്നെ സംശയത്തിന്റെ നിഴലിലാകുന്നത് ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

വിചാരണകോടതിയ്‌ക്കെതിരെ സര്‍ക്കാര്‍- ആരോപണങ്ങള്‍ ഇങ്ങനെ…

 

കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയിരിക്കുന്നത്. ഇരയുടെ മൊഴി പോലും കോടതി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.

 

തന്നെ സ്വാധീനിക്കാന്‍ പ്രതി ദിലീപ് മകള്‍ വഴി ശ്രമിച്ചെന്ന മഞ്ജു വാര്യരുടെ മൊഴിയും വിചാരണക്കോടതി ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു. കേസിലെ എട്ടാം പ്രതിയായ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകള്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജുവാര്യര്‍ രഹസ്യമൊഴി നല്‍കിയത്. എന്നാല്‍ താന്‍ കേസില്‍ സത്യം പറയാന്‍ നിര്‍ബന്ധിതയാണെന്നും സത്യം മാത്രമേ പറയുകയുള്ളൂ എന്നുമാണ് മഞ്ജു വാര്യര്‍ മകളോട് പറഞ്ഞത്.

ദിലീപിന്റെ കുടുംബ ബന്ധം തകര്‍ന്നതിന് കാരണക്കാരിയായ നടിയെ പച്ചയ്ക്ക് കത്തിക്കുമെന്ന് ദിലീപ് നടി ഭാമയോട് പറഞ്ഞുവെന്ന ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയും കോടതി ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭാമ ‘മഴവില്ലഴകില്‍ അമ്മ’ എന്ന പരിപാടിയുടെ റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ചാണ് തന്നോട് ഇത് പറഞ്ഞതെന്നും ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിരുന്നു.

ദിലീപിന് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നത് വ്യക്തമാക്കാനാണ് ആക്രമിക്കപ്പെട്ട നടി ഈ വിഷയം കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതൊരു കേട്ടു കേള്‍വി മാത്രമാണ് അത് രേഖപ്പെടുത്തേണ്ടതില്ല എന്നായിരുന്നു കോടതി പറഞ്ഞത്.

കോടതിയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടിയും രംഗത്ത്

വിചാരണകോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ആക്രമണത്തിനിരയായ നടി തന്നെയാണ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണകോടതി പക്ഷാപാതപരമായി പെരുമാറുന്നുവെന്നാണ് നടി നല്‍കിയ ഹരജിയില്‍ പറയുന്നത്.

ദിലീപിന്റെ അഭിഭാഷകന്‍ തന്നെ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചെന്നും ഇത് തടയാന്‍ കോടതിയുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ലെന്നും നടി ആരോപിക്കുന്നു. പ്രധാന വസ്തുതകള്‍ കോടതി രേഖപ്പെടുത്തിയില്ല, നിരവധി അഭിഭാഷകരുടെ മുന്നില്‍വെച്ചാണ് തന്നെ വിസ്തരിച്ചത്, അഭിഭാഷകരെ നിയന്ത്രിക്കാന്‍ കോടതി ഇടപെടലുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു.

അതോടൊപ്പം കേസ് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ 7-ാം സാക്ഷിയായ നടി തന്നോട് പറഞ്ഞു തുടങ്ങിയ കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്. ഇതൊന്നും വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന് ഹരജിയില്‍ പറയുന്നു.

ശരിയായ രീതിയിലുള്ള വിചാരണ നിലവിലെ കോടതിയില്‍ സാധ്യമാകില്ലെന്നും കേസുമായി ബന്ധപ്പെട്ട പലരേഖകളും പ്രോസിക്യൂഷന് നല്‍കുന്നില്ലെന്നും നടി ഹരജിയില്‍ പറഞ്ഞു. രേഖകള്‍ പലതും പ്രതിഭാഗത്തിന് കോടതി നല്‍കുന്നുവെന്നും നടി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

നീളുമോ വിചാരണ?

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എത്രയും വേഗം തീര്‍ക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണകോടതി നടപടികള്‍ പുരോഗിച്ചത്.

ഇതിനിടെയാണ് വിചാരണകോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷനും നടിയും രംഗത്തെത്തിയത്. സര്‍ക്കാര്‍ കൂടി നടിയ്ക്ക് അനുകൂലമായ നിലപാടെടുത്തതോടെ തല്‍ക്കാലം വിചാരണ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടതിനു ശേഷമായിരിക്കും തുടര്‍ വിചാരണ സംബന്ധിച്ച തീരുമാനങ്ങള്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുക.

നടിയെ ആക്രമിച്ച കേസ്; വിവാദങ്ങളൊഴിയുന്നില്ല

 

കേസില്‍ നേരത്തെയും കോടതി നടത്തിയ ഇടപെടലുകളെപ്പറ്റി ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അതില്‍ സുപ്രധാനമായ ഒന്നായിരുന്നു ഗാഗ് ഓര്‍ഡര്‍.
കേസിന്റെ വിവരങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ച ശേഷമായിരുന്നു കോടതി ഗാഗ് ഓര്‍ഡര്‍ പുറപ്പെടുവിച്ചത്.

അതായത് വിചാരണ സംബന്ധിച്ചും കേസിലെ പ്രതികളെ സംബന്ധിച്ചുമുള്ള വിവരങ്ങളോ അവരുടെ സല്‍പ്പേര് നശിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളോ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് ഇതുകൊണ്ടര്‍ഥമാക്കുന്നത്.

ഗാഗ് ഓര്‍ഡര്‍ എന്താണെന്നല്ലേ? പ്രത്യേക വിഷയത്തില്‍ പൊതുവേദിയില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിലക്കി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെയാണ് ഗാഗ് ഓര്‍ഡര്‍ എന്നുപറയുന്നത്. വിചാരണ സമയത്തോ, മറ്റ് വിവാദങ്ങളിലോ ഉള്‍പ്പെട്ട വ്യക്തിയുടെ സാമൂഹ്യപദവിയും പേരും കളങ്കപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ നിരോധിക്കുന്നതാണ് ഗാഗ് ഓര്‍ഡര്‍. നിലവിലെ സാഹചര്യത്തില്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്ന ഗാഗ് ഓര്‍ഡറിനെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകാനുള്ള അവകാശം മാധ്യമങ്ങള്‍ക്കുണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

വിചാരണ നടപടികള്‍ ചര്‍ച്ചചെയ്യുന്നത് വിലക്കിയ ഗാഗ് ഓര്‍ഡര്‍

 

2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ ഇതുവരെ 50 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ സാക്ഷികളായവര്‍ കൂറുമാറിയതും ചര്‍ച്ചയായിരുന്നു.

സംഭവത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം 2020 ജനുവരിയില്‍ കീഴ്‌ക്കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചിരുന്നു. തുടര്‍ വിചാരണ ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പ്രതിപ്പട്ടികയിലുള്‍പ്പെട്ട നടന്‍ ദിലീപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഗാഗ് ഓര്‍ഡര്‍ പ്രഖ്യാപിച്ചത്.

സുതാര്യമായ വിചാരണയ്ക്ക് തനിക്കും അവകാശമുണ്ടെന്നും മാധ്യമങ്ങള്‍ വിചാരണയുടെ പേരില്‍ തന്റെ അന്തസ്സ് കെടുത്തുന്ന രീതിയില്‍ പെരുമാറുന്നുവെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹരജിയും സമര്‍പ്പിച്ചു. ഹരജി പരിഗണിച്ച കോടതി കേസ് വിചാരണനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

2020 മാര്‍ച്ച് 19 ലെ ഉത്തരവ് പ്രകാരം മാധ്യമങ്ങളെ വിലക്കുകയും ഉത്തരവ് ലംഘിച്ച 10 മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Actress attack case trial court