എഴുന്നൂറും കടന്നു; അടുത്ത നാഴികക്കല്ലും താണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; നിരാശ നല്‍കി ടീമിന്റെ പരാജയം
Football
എഴുന്നൂറും കടന്നു; അടുത്ത നാഴികക്കല്ലും താണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; നിരാശ നല്‍കി ടീമിന്റെ പരാജയം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th October 2019, 7:57 am

കീവ്: കരിയറിലെ എഴുന്നൂറാം ഗോളും പിന്നിട്ട് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തിങ്കളാഴ്ച ഉക്രൈനെതിരെ നടന്ന 2020 യൂറോകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു തന്റെ കരിയറിലെ അടുത്ത നാഴികക്കല്ലും അദ്ദേഹം പിന്നിട്ടത്.

കീവിനെതിരെ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിയതോടെയാണ് ക്ലബ്ബിനും ടീമിനുമായി ആകെ നേടിയ ഗോളുകളുടെ എണ്ണം എഴുന്നൂറിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായത്.

പോര്‍ച്ചുഗലിനു വേണ്ടി നേടുന്ന 95-ാം ഗോളായിരുന്നു ഇത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ ഇപ്പോള്‍. ഇറാന്റെ അലി ദേയിയാണ് 109 ഗോളുമായി ഒന്നാം സ്ഥാനത്ത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2009-18 കാലയളവില്‍ റയല്‍ മാഡ്രിഡിനു വേണ്ടിയാണ് ക്രിസ്റ്റ്യാനോ കരിയറില്‍ ഏറ്റവുമധികം ഗോള്‍ നേടിയിട്ടുള്ളത്. 450 ഗോളുകളാണ് അദ്ദേഹം ഒമ്പത് സീസണിലായി നേടിയത്.

അതിനുശേഷം യുവന്റസിലെത്തിയ ഈ 34-കാരന്‍, 32 വട്ടമാണ് ഗോള്‍വല ചലിപ്പിച്ചത്. അതില്‍ 24 എണ്ണവും കഴിഞ്ഞ സീസണിലെ സീരി എയിലായിരുന്നു.

അതിനു മുന്‍പ് സ്‌പോര്‍ട്ടിങ് സി.പിക്കു വേണ്ടി ക്രിസ്റ്റ്യാനോ അഞ്ചും, ശേഷം 2003 മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 118-ഉം ഗോളുകള്‍ നേടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സീസണില്‍ ഇതുവരെ 10 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയിരിക്കുന്നത്. 2011-12 വര്‍ഷത്തില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ പിന്തള്ളി ലാലിഗ ചാമ്പ്യന്മാരായപ്പോള്‍ അദ്ദേഹം നേടിയത് 69 ഗോളായിരുന്നു.

ഇതൊക്കെയാണെങ്കിലും ക്രിസ്റ്റ്യാനോ നേടിയ ഒരു ഗോള്‍ മാത്രമാണ് പോര്‍ച്ചുഗലിന് ഇന്നലെ അവകാശപ്പെടാനുള്ളത്. ഒന്നിനെതിരെ രണ്ട് ഗോള്‍ നേടി ഉക്രൈന്‍ ഇന്നലെ മത്സരം ജയിച്ചുകയറി.