ഭൂകമ്പ ദുരിതബാധിതര്‍ക്ക് സഹായവുമായി ക്രിസ്റ്റ്യാനോയും
Football
ഭൂകമ്പ ദുരിതബാധിതര്‍ക്ക് സഹായവുമായി ക്രിസ്റ്റ്യാനോയും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th February 2023, 9:22 am

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ ടര്‍ക്കിഷ് ഫുട്‌ബോള്‍ താരം ഇയൂബ് ടര്‍കാസ്ലാന്‍ കൊല്ലപ്പെട്ടിരുന്നു. താരത്തിന്റെ വിയോഗം ഫുട്‌ബോള്‍ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇരുരാജ്യങ്ങളിലെയും ദുരിതബാധിതര്‍ക്ക് സഹായ വാഗ്ദാനവുമായി നിരവധി രാജ്യങ്ങളും മുന്നോട്ടുവന്നു കഴിഞ്ഞു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തുര്‍ക്കിയെ സഹായിക്കുന്നതില്‍ പങ്കാളിയാകുന്നുണ്ട്.

തുര്‍ക്കി താരവും മുന്‍ യുവന്റസ് താരവുമായ മെറിഹ് ഡെമിറാല്‍ രാജ്യത്തെ സഹായിക്കാന്‍ വേണ്ടി സംഘടിപ്പിച്ച ലേലത്തില്‍ തന്റെ പേഴ്‌സണല്‍ കളക്ഷനില്‍ ഉള്ളതെല്ലാം ലേലം വെക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൈന്‍ ഉള്ള ഒരു ജേഴ്‌സിയും അദ്ദേഹം ലേലത്തില്‍ വെക്കും.

അതുവഴി നല്ല ഒരു തുക തന്നെ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ടു കൊണ്ട് താന്‍ ക്രിസ്റ്റ്യാനോയുമായി സംസാരിച്ചുവെന്നും ഡെമിറാല്‍ അറിയിച്ചു.

‘ഞാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി സംസാരിച്ചിരുന്നു. തുര്‍ക്കിയില്‍ സംഭവിച്ച കാര്യങ്ങളില്‍ തനിക്ക് വളരെയധികം ദുഃഖമുണ്ടെന്ന് റൊണാള്‍ഡോ എന്നോട് പറഞ്ഞു. റൊണാള്‍ഡോയുടെ സൈന്‍ ഉള്ള ഒരു ജേഴ്‌സി എന്റെ കളക്ഷനില്‍ ഉണ്ട്. ഞങ്ങള്‍ അത് ലേലം ചെയ്യുകയാണ്. ലേലത്തില്‍ നിന്ന് ലഭിക്കുന്നതെല്ലാം ഭൂകമ്പ ബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കും,’ ഡെമിറാല്‍ പറഞ്ഞു

 

മാത്രമല്ല ലിയനാര്‍ഡോ ബൊനൂച്ചിയുമായും താന്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹവും തുര്‍ക്കിയിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും ഡെമിറാല്‍ പറഞ്ഞു. കൂടാതെ അദ്ദേഹം സൈന്‍ ചെയ്ത ജേഴ്‌സി ഡൊണേറ്റ് ചെയ്തിട്ടുണ്ടെന്നും ഡെമിറാല്‍ അറിയിച്ചു. തുര്‍ക്കിയുടെ ദേശീയ ടീമിന് വേണ്ടി 35 മത്സരങ്ങള്‍ കളിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് തുര്‍ക്കിയിലെ തെക്കന്‍ പ്രദേശങ്ങളിലും സിറിയയിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രണ്ട് തവണ കൂടി ശക്തമായ തുടര്‍ചലനങ്ങള്‍ ഉണ്ടാവുകയായിരുന്നു. വന്‍ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമായി മരണസംഖ്യ 7800 കവിഞ്ഞു. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആയിരങ്ങള്‍ കുടുങ്ങി കിടക്കുന്നതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlights: Cristiano Ronaldo and Merih Demiral are auctioning this signed Ronaldo shirt to help victims of the earthquake in Turkey and Syria