ദിലീപിനെ വെട്ടിലാക്കി നിര്‍ണായക തെളിവുകള്‍; ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് കണ്ടെടുത്തു
Kerala News
ദിലീപിനെ വെട്ടിലാക്കി നിര്‍ണായക തെളിവുകള്‍; ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് കണ്ടെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th March 2022, 10:56 am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍. ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് കണ്ടെടുത്തു.

ഫോണുകള്‍ പരിശോധിച്ച ലാബുകള്‍ നല്‍കിയ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി.

കേസുമായി ബന്ധപ്പെട്ട് ആറ് ഫോണുകള്‍ കണ്ടെത്തിയപ്പോള്‍ രണ്ട് ഫോണില്‍ നിന്നുള്ള ഡാറ്റ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്നും കോടതിയില്‍ എത്തും മുമ്പാണ് ഡാറ്റ നശിപ്പിച്ചതെന്നും മുന്‍ എസ്.പി ജോര്‍ജ് ജോസഫ് പറഞ്ഞു.

അതേസമയം, ദിലീപിനെതിരെ ജോലിക്കാരന്‍ ദാസന്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തല്‍.

ദിലീപിന്റെ സഹോദരന്‍ അനൂപാണ് തന്നെ അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസില്‍ കൊണ്ടുപോയത്. അവിടെ വെച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തന്നെ വായിച്ചു കേള്‍പ്പിച്ചു എന്നും ദാസന്‍ വ്യക്തമാക്കുന്നു.

ബാലചന്ദ്രകുമാര്‍ തന്നെ ബന്ധപ്പെട്ട വിവരം അറിഞ്ഞതിന് പിന്നാലെയാണ് അനൂപ് തന്നെ ദിലീപിന്റ വക്കീലിന്റെ അടുത്ത് കൊണ്ടുപോയത് എന്നും ദാസന്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഫോണിലെ തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷം ഫോണില്‍ കൃത്രിമം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.

ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ട ജനുവരി 29നും തൊട്ടടുത്ത ദിവസവുമാണ് ഫോണിലെ വിവരങ്ങള്‍ വ്യാപകമായി നീക്കം ചെയ്തതെന്നും മുംബൈയിലേക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കിയതായും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തന്റെ നാല് മൊബൈല്‍ ഫോണുകളിലുണ്ടായിരുന്ന, നടിയെ ആക്രമിച്ച കേസിലെയും അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ച കേസിലെയും തെളിവുകള്‍ നടന്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ വെച്ചാണ് ഫോണുകളിലെ തെളിവ് നശിപ്പിച്ചതെന്നും ലാബ് ഉടമകളെ ചോദ്യം ചെയ്തപ്പോള്‍ നാല് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്ന് ഇവര്‍ മൊഴി നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോണുകളിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്ന് മൊഴിയുണ്ടെന്നും അറിയിച്ചു.


Content Highlights: Crime Branch identified the Hard copy that related actress attack case