എഡിറ്റര്‍
എഡിറ്റര്‍
ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ; എന്‍.സി.പി നേതാവ് സുല്‍ഫിക്കര്‍ അലിക്കെതിരെ കേസെടുക്കും
എഡിറ്റര്‍
Sunday 8th October 2017 11:58am

 


തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തില്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ശുപാര്‍ശ ചെയ്തത്.

മന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായിയും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ മയൂരിയെ പ്രതിയാക്കാനാണ് നിര്‍ദേശം. ഫോണില്‍ വിളിച്ച് സുല്‍ഫിക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉഴവൂര്‍ വിജയന്റെ മരണത്തിന് ഇടയാക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

എ.കെ.ശശീന്ദ്രന്‍ ഒഴിയുകയും തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തതിനു പിന്നാലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂര്‍ വിജയന്‍, തോമസ് ചാണ്ടിയുടെ എതിര്‍പക്ഷത്താണെന്നു ധാരണ പരന്നതോടെ അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ ആക്ഷേപങ്ങള്‍ ശക്തമായി. ഇതിനിടെയാണ് എന്‍സിപി നേതാവും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരി, വിജയനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്.

സുല്‍ഫിക്കെതിരെ ഐ.പി.സി 120 (0), 506, ഐ.ടി നിയമം 67 എന്നിവ ചുമത്തിയാകും കേസെടുക്കുക. മയൂരിയുടെ ഫോണ്‍ സംഭാഷണം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കും.

മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ലഭിച്ച പരാതികളിലാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഇപ്പോള്‍ ശുപാര്‍ശ നല്‍കിയത്. സുല്‍ഫിക്കര്‍ മയൂരിയുടെ ശബ്ദം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും നിര്‍ദേശമുണ്ട്.

Advertisement