ബി.ജെ.പിയോട് നോ പറഞ്ഞ് സെവാഗ്; ദല്‍ഹിയില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം താരം തള്ളി
D' Election 2019
ബി.ജെ.പിയോട് നോ പറഞ്ഞ് സെവാഗ്; ദല്‍ഹിയില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം താരം തള്ളി
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 8:18 am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ മത്സരിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളി വീരേന്ദര്‍ സെവാഗ്. വെസ്റ്റ് ദല്‍ഹിയില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സെവാഗിനെ സമീപിച്ചെന്നും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വാഗ്ദാനം തള്ളിയെന്നും ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയത്തിലോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ താത്പര്യമില്ലെന്ന് സെവാഗ് പറഞ്ഞതായി ബി.ജെ.പി നേതാവ് പറഞ്ഞു. ബി.ജെ.പി എം.പിയായ പര്‍വേഷ് ശര്‍മ്മയാണ് നിലവില്‍ വെസ്റ്റ് ദല്‍ഹി എം.പി.

അതേസമയം ദല്‍ഹിയില്‍ മത്സരിക്കുന്നതിന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.

ഹരിയാനയിലെ റോഹ്തക്കില്‍ ബി.ജെ.പി ടിക്കറ്റില്‍ സെവാഗ് മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ഊഹാപോഹം മാത്രമാണെന്നും 2014ലും ഇതുപോലെ പ്രചരണമുണ്ടായിരുന്നുവെന്നും അന്നും ഇന്നും തനിക്ക് താത്പര്യമില്ലായെന്നും സെവാഗ് പറഞ്ഞിരുന്നു.

ബി.ജെ.പിയുടെ “സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍” (Contact for Support) പരിപാടിയുടെ ഭാഗമായി ജൂലൈയില്‍ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡും ദല്‍ഹി ബി.ജെ.പി തലവന്‍ മനോജ് തിവാരിയും സെവാഗിനെ സന്ദര്‍ശിച്ചതാണ് സെവാഗ് മത്സരരംഗത്തുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വരാന്‍ കാരണം.