Administrator
Administrator
സര്‍വകക്ഷി ഹര്‍ജി പോകട്ടെ ഹൈക്കോടതിയില്‍
Administrator
Saturday 3rd July 2010 9:58am

tv-rajesh dyfi cort march
പി എസ് റംഷാദ്

പൊതുറോഡരികില്‍ പൊതുയോഗങ്ങള്‍ നടത്തുന്നതു വിലക്കിയ ഹൈക്കോടതി വിധിയോട് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം നിലപാട് ഏകദേശം ഒന്നുതന്നെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് അതു മനസിലാക്കാനാകും.

സി പി ഐ എം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പ്രതികരിക്കുമ്പോള്‍ വ്യത്യസ്ഥ ഭാഷയും ശൈലിയുമുണ്ടാകുന്നത് , മറ്റു പല കാര്യങ്ങളിലും കേരളം കണ്ടിട്ടുള്ളതാണ്. അതു പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുമില്ല. ആത്മാര്‍ത്ഥ കൂടുമ്പോള്‍ ആവേശവും കൂടുന്നതു സ്വാഭാവികം. അല്ലെങ്കില്‍തന്നെ കോണ്‍ഗ്രസും സിപിഎമ്മും വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും ഒന്നുപോലെയായാല്‍ പിന്നെ രണ്ടു കൂട്ടരുടെ പ്രസക്തിയില്ലല്ലോ.

ഇ എം എസും പി.കൃഷ്ണപിള്ളയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വഴിമാറിച്ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തപ്പോഴാണല്ലോ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായത്. കാലമെത്ര മാറുകയും നേതാക്കളുടെ താല്പര്യങ്ങള്‍ക്കു സമാനതകള്‍ ഉണ്ടാവുകയും ചെയ്താലും രണ്ടുകൂട്ടരെയും തമ്മില്‍ വേര്‍തിരിച്ചുനിര്‍ത്തുന്ന അടിസ്ഥാനപരമായ ചിലതുണ്ട്. അതില്‍പെട്ടതാണ് പ്രശ്‌നങ്ങളോടുള്ള പ്രതികരണത്തിന്റെ രീതി. എന്നിട്ടുപോലും സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ. പി ജയരാജനു മുമ്പേ കോടതിവിധി ലംഘിച്ച കേസില്‍ പ്രതിയാകാനിടവന്നത് കോണ്‍ഗ്രസ് എം എല്‍ എ എഎ ഷുക്കൂറിനാണെന്നതു രസകരമായ വൈചിത്ര്യം.

ഏതായാലും സി പി ഐ എം ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു. മാധ്യമങ്ങള്‍ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ അന്തം വിട്ടമട്ടില്‍ അതു കത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ഈ വിമര്‍ശനങ്ങളെ എതിര്‍ക്കുന്നവരുടെ പട്ടികയില്‍ ജൂഡീഷ്യറി പെട്ടുപോകരുതെന്നാണ് പിണറായിയുടെ അഭ്യര്‍ത്ഥന. അതില്‍ കാമ്പുണ്ട്. അതായത് തങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് പൊതു രാഷ്ട്രീയ താല്പര്യത്തിനു വേണ്ടിമാത്രമാണ്, ആരെയും നിന്ദിക്കാനും മറ്റാരെയെങ്കിലും പുളകം കൊള്ളിക്കാനുമല്ലെന്ന വ്യക്തമായ സന്ദേശം.

ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന പ്രതികരണം ഭരണ, പ്രതിക്ഷ നേതാക്കളില്‍ നിന്നു വന്നുകഴിഞ്ഞ സ്ഥിതിക്ക് ഇക്കാര്യത്തില്‍ സമവായത്തിനു ശ്രമിക്കാവുന്നതാണ്. ദേശീയ പാത വികസനം പോലെ സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍വകക്ഷി സമവായത്തിനു ശ്രമിക്കാറുണ്ടല്ലോ. പക്ഷേ. അതു കോടതി വിധി ലംഘിക്കാനാകരുത്. മറിച്ച് ഈ വിധി കേരളത്തില്‍ നടപ്പാക്കുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി നിയമപരമായിത്തന്നെ നേരിടാനാകണം.

ജനത്തെ ബാധിക്കുന്ന കാര്യങ്ങള്‍ അവര്‍ കേള്‍ക്കെയാണു സംസാരിക്കേണ്ടത്. ആരെയും പൊതുയോഗത്തിനു നിര്‍ബന്ധിച്ചു പിടിച്ചു നിര്‍ത്തുന്നതായി കേട്ടിട്ടും കണ്ടിട്ടുമില്ല. താല്പര്യമുള്ളവര്‍ക്കു കേള്‍ക്കാം. അത്രതന്നെ.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു ചേര്‍ന്നൊരു ഹര്‍ജി. കേള്‍ക്കുമ്പോള്‍ അപ്രായോഗികമെന്നു തോന്നാം. ശരിയാണുതാനും. വ്യത്യസ്ഥ രാഷ്ട്രീയ നിലപാടുകളുള്ള, ഭരണ- പ്രതിപക്ഷ റോളുകളിലുള്ള പാര്‍ട്ടികള്‍ ഒന്നിച്ചൊരു ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയോ എന്നാകും സംശയം. പ്രത്യേകിച്ചും കോടതി വിധിക്കെതിരെ.
ഇക്കാര്യത്തില്‍ വ്യാഖ്യാനമാണു പ്രശ്‌നം. കോടതി വിധി തിരുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി കോടതിക്കെതിരല്ല, വ്യത്യസ്ഥ നിലപാടുകളുള്ളവര്‍ യോജിക്കാവുന്ന കാര്യത്തില്‍ ഒന്നിച്ചു നിന്നാല്‍ അതിലാരുടെയും കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോവുകയുമില്ല. അത്തരം ആശങ്കകള്‍ നീക്കിവെച്ച് പ്രവര്‍ത്തിച്ചു തുടങ്ങുമ്പോഴാണ് മാറ്റങ്ങളുണ്ടാകുന്നത്, പലതിനും.

അതല്ല, ഒന്നും മാറേണ്ടെന്നാണെങ്കില്‍ പൊതുയോഗം നടത്തി വിധിക്കെതിരേ കടുത്ത ഭാഷയില്‍ പ്രതികരിച്ചും അതിനു കെല്പില്ലാത്തര്‍ ചാനല്‍ ചര്‍ച്ചകളില്‍ എന്തൊക്കെയോ പറയാതെ പറഞ്ഞും രോഷം തീര്‍ക്കട്ടെ.

റോഡരികില്‍ പൊതുയോഗം നടത്തുന്നതു വഴി യാത്രാതടസം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ജനത്തിന് ഉണ്ടാകുന്നുവെന്നാണ് കോടതി മനസിലാക്കുന്നത്. അതുകൊണ്ട് ജനത്തിന്റെ അത്തരം ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനാണ് ഈ വിധിയിലൂടെ കോടതി ഉദ്ദേശിക്കുന്നതെന്നു മനസിലാക്കാനും കഴിയും. സദുദ്ദേശം തന്നെ. പക്ഷേ, കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളില്‍ അതു സദുദ്ദേശപരമല്ലാതായി മാറുന്നുവെന്നതാണു വസ്തുത. സജീവ രാഷ്ട്രീയ, സാമൂഹിക, സാമുദായിക പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരമായി നടക്കുന്ന സംസ്ഥാനമാണു കേരളം. ഇവിടെ ദിവസവും നടക്കുന്ന പൊതുയോഗങ്ങള്‍ക്ക് കയ്യും കണക്കുമില്ല.

ഹാളിനുള്ളില്‍ നടക്കേണ്ടത് അങ്ങനെയും പുറത്തു നടത്തേണ്ടത് അങ്ങനെയും. പുറത്തു നടക്കുന്ന പൊതുയോഗങ്ങള്‍ക്കെല്ലാമുള്ള മൈതാനങ്ങള്‍ ഇവിടെയില്ല. സെക്രട്ടേറിയറ്റിനു മുന്നില്‍, ഭരണാധികാരികളെ അറിയിക്കാന്‍ നടത്തുന്ന പ്രതിഷേധ യോഗങ്ങള്‍ പുത്തരിക്കണ്ടത്തു നടത്തിയിട്ടു കാര്യവുമില്ല. അതുപോലെ മറ്റിടങ്ങളിലാകട്ടെ ജനത്തെ ബാധിക്കുന്ന കാര്യങ്ങള്‍ അവര്‍ കേള്‍ക്കെയാണു സംസാരിക്കേണ്ടത്. ആരെയും പൊതുയോഗത്തിനു നിര്‍ബന്ധിച്ചു പിടിച്ചു നിര്‍ത്തുന്നതായി കേട്ടിട്ടും കണ്ടിട്ടുമില്ല. താല്പര്യമുള്ളവര്‍ക്കു കേള്‍ക്കാം. അത്രതന്നെ.

റോഡ് ബ്ലോക്കാക്കി പൊതുയോഗങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണു വേണ്ടത്. അത്തരം ഭേദഗതി വിധിയില്‍ നേടിയെടുക്കാനാകണം പൊതുഹര്‍ജി. ജനത്തോട് കോടതിക്കുള്ള പ്രതിബദ്ധതയെ ആ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ പാര്‍ട്ടികളും നേതാക്കളും ശ്രമിക്കുകയും വേണം.

പിന്നെ, ഇതിനെല്ലാമപ്പുറത്തുള്ള മറ്റൊന്നുണ്ട്. ഇത്തരം വിധികള്‍ അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാകുന്നുണ്ടോ. റോഡ് തടഞ്ഞ് പ്രകടനം പാടില്ലെന്ന വിധി പച്ചയായി ലംഘിച്ച് ജനത്തെ ക്രൂരമായി ശിക്ഷിക്കുന്നതു കാണണമെങ്കില്‍ എം സി റോഡില്‍ക്കൂടി കുറച്ചു ദൂരമൊരു പകല്‍യാത്ര നടത്തിയാല്‍ മതി. മെയിന്‍ സെന്റര്‍ റോഡാണല്ലോ. വേറെവിടെയും പോകണ്ട. പൊതുസ്ഥലത്ത് തുപ്പുന്നത് സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ച സ്ഥലമാണു കേരളം. പനി പടര്‍ന്ന് ആശുപത്രികള്‍ നിറയുമ്പോഴെങ്കിലും നാം ആലോചിക്കണം, അതു നടപ്പാകുന്നുണ്ടോ?

കൂട്ടായി ആലോചിച്ച്, തിരുത്തേണ്ട കാര്യങ്ങള്‍ ഇങ്ങനെ പലതുമുണ്ട്. അതിനു തുടക്കമാകട്ടെ റോഡരികിലെ പൊതുയോഗത്തിനു വേണ്ടിയുള്ള അവകാശവാദം.

Advertisement