പി.ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യവുമായി പ്രചരണം; ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണെന്ന് ജയരാജന്‍
kERALA NEWS
പി.ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യവുമായി പ്രചരണം; ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണെന്ന് ജയരാജന്‍
ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2019, 5:35 pm

കണ്ണൂര്‍: പി.ജയരാജനെ വീണ്ടും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് പി.ജയരാജന്‍ സ്ഥാനമൊഴിഞ്ഞത്.

തെരഞ്ഞെടുപ്പില്‍ തോറ്റ ജയരാജനെ സെക്രട്ടറി പദവിയിലേയ്ക്ക് വീണ്ടും കൊണ്ടുവരണമെന്ന ആവശ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്. അഭിപ്രായ സര്‍വേ രൂപത്തിലാണ് സി.പി.ഐ.എം അനുഭാവികളുടെ ഫേ്‌സ്ബുക്ക് ഗ്രൂപ്പുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചാരണം നടക്കുന്നത്.

പുതിയതായി രൂപീകരിക്കുന്ന കേരള ബാങ്കിന്റെ ചെയര്‍മാനായി ജയരാജനെ നിയമിക്കണമെന്ന തരത്തിലുള്ള പ്രചാരണവും സാമൂഹിക മാധ്യമങ്ങളില്‍ നടന്നിരുന്നു.

എന്നാല്‍ ഈ പ്രചരണങ്ങളെക്കെ ജയരാജന്‍ നിഷേധിച്ചു. ഇതെല്ലാം പാര്‍ട്ടി വിരുദ്ധകേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്ത വാര്‍ത്തകളാണെന്നാണ് ജയരാജന്‍ പറഞ്ഞത്.

പാര്‍ട്ടി ബന്ധുക്കളിലും ജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഇതു തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ജയരാജന്‍ അഭ്യര്‍ഥിച്ചു.

ഏത് വാര്‍ത്തയും അതിന്റെ നിജസ്ഥിതി മനസിലാക്കി മാത്രമേ പ്രതികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവൂ എന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.