പ്രാദേശിക കക്ഷികള്‍ ശക്തമായയിടത്ത് ഡ്രൈവര്‍ സീറ്റിലിരിക്കാന്‍ വരരുതെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളണം: എം.വി. ഗോവിന്ദന്‍
Kerala News
പ്രാദേശിക കക്ഷികള്‍ ശക്തമായയിടത്ത് ഡ്രൈവര്‍ സീറ്റിലിരിക്കാന്‍ വരരുതെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളണം: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2022, 11:39 am

തിരുവനന്തപുരം: ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തിയുള്ള നീക്കം ഗുണം ചെയ്യില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബി.ജെ.പിയെ എതിരിടാനുള്ള സംഘടനാ ശേഷിയില്ലായ്മ, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാനുള്ള തെറ്റായ ശ്രമം എന്നിവ കാരണം മതനിരപേക്ഷ ശക്തികളെ ബി.ജെ.പിക്കെതിരെ അണിനിരത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദിനമെന്നോണം ബി.ജെ.പിയിലേക്ക് ഒഴുകുമ്പോള്‍ മതനിരപേക്ഷ മുന്നണിയുടെ നായകസ്ഥാനം എങ്ങനെ കോണ്‍ഗ്രസിനെ ഏല്‍പ്പിക്കുമെന്ന ചോദ്യമാണ് പ്രാദേശിക കക്ഷികള്‍ ഉയര്‍ത്തുന്നത്. ബി.ജെ.പിക്കെതിരെ ഇന്ത്യന്‍ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന അവകാശവാദവുമായി രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര തുടങ്ങിയതിനുശേഷം മാത്രമുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം അളക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ഗോവയിലെ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ 11ല്‍ എട്ട് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. അസമിലെ ബറാക്ക് താഴ്വരയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കമറൂല്‍ ഇസ്‌ലാം ചൗധരി കോണ്‍ഗ്രസ് വിട്ടു. അടുത്ത കോണ്‍ഗ്രസ് പ്രസിഡന്റായി ഗാന്ധികുടുംബം ഉയര്‍ത്തിക്കാട്ടിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്നെ മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാന്‍ എം.എല്‍.എമാരെ കൂടെനിര്‍ത്തി നേതൃത്വത്തെ വെല്ലുവിളിച്ചതും ഭാരത് ജോഡോ യാത്ര തുടങ്ങിയശേഷമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

സ്വന്തം പാര്‍ട്ടിയെപ്പോലും ഒരുചരടില്‍ കോര്‍ത്തിണക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് എങ്ങനെ പ്രതിപക്ഷത്തെ കൂട്ടിയോജിപ്പിക്കാനാകുമെന്ന ചോദ്യമാണ് ഉയരുന്നത്. അതുകൊണ്ടാണ് തേജസ്വി യാദവ് പറഞ്ഞത് ‘പ്രാദേശിക കക്ഷികള്‍ ശക്തമായ സാന്നിധ്യമുള്ളിടത്ത് ഡ്രൈവര്‍ സീറ്റില്‍ കയറി ഇരിക്കാന്‍ കോണ്‍ഗ്രസ് വരരുതെന്ന്’. ഈ രാഷ്ട്രീയ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

2019ല്‍ തനിച്ച് ഭൂരിപക്ഷംനേടി ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരാന്‍ കാരണം പ്രതിപക്ഷ ക്യാമ്പിലെ അനൈക്യമാണ്. എല്ലാവരും ഒത്തുപിടിച്ചാല്‍ മോദിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.