എന്തുകൊണ്ട് കണ്ണൂര്‍ കേന്ദ്രീകരിച്ച് മാത്രം സി.പി.ഐ.എമ്മിന് നേതൃത്വം വരുന്നു? സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറയാനുള്ളത്
Kerala News
എന്തുകൊണ്ട് കണ്ണൂര്‍ കേന്ദ്രീകരിച്ച് മാത്രം സി.പി.ഐ.എമ്മിന് നേതൃത്വം വരുന്നു? സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറയാനുള്ളത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th August 2022, 6:54 pm

തിരുവനന്തപുരം: താന്റെ മന്ത്രിസ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. നിലവിലെ മന്ത്രിസഭയിലെ പുനഃസംഘടന പാര്‍ട്ടിയുടെ പരിഗണനയിലില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം എ.കെ.ജി സെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു എം.വി. ഗോവിന്ദന്‍.

മന്ത്രിസഭ പുനഃസംഘട സംബന്ധിച്ച് നിലവില്‍ ഒരു ചര്‍ച്ചയും തീരുമാനിച്ചിട്ടില്ല. നിലവിലെ എല്ലാ മന്ത്രിമാരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ പിന്നീട് പാര്‍ട്ടി തീരുമാനിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

എന്തുകൊണ്ട് സി.പി.ഐ.എമ്മിന് കണ്ണൂര്‍ കേന്ദ്രീകരിച്ച് മാത്രം ഉന്നത നേതാക്കളെ തെരഞ്ഞെടുക്കുന്നുവെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.

‘ഞങ്ങളൊക്കെ കണ്ണൂരില്‍ നിന്ന് പോന്നിട്ട് കാലം കുറച്ചായി. കണ്ണൂരില്‍ ജനിച്ചതുകൊണ്ടാണോ കണ്ണൂര്‍, കണ്ണൂര്‍ എന്ന് പറയുന്നത്. കണ്ണൂരില്‍ നിന്നുള്ള എം.എല്‍.എയാണെങ്കിലും 1980ന് മുമ്പ് തന്നെ കണ്ണൂര്‍ വിട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍.

ഞങ്ങള്‍ എല്ലാവരും അങ്ങനെ തന്നെയാണ്. ഇ.പി. ജയരാജന്‍ അങ്ങനെയുള്ള ഒരാളാണ്. കോടിയേരി അങ്ങനെയാണ്, പിണറായി അതിന് മുമ്പ് തന്നെ അങ്ങനെ പ്രവര്‍ത്തി പരിചയമുള്ളയാളാണ്.

കേരളത്തിലെ ഏത് ജില്ല, ഏത് പ്രദേശത്ത് ജനിച്ചു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് പ്രശ്‌നമുള്ള കാര്യമല്ല. കേരളത്തിലെ പാര്‍ട്ടിയെയും മറ്റ് ബഹുജന സംഘടനകളെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേതൃത്വം നല്‍കിയാണ് എല്ലാവരും നേതാക്കന്മാരായിട്ടുള്ളത്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ബി.ജെ.പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കേരളം ഒരു ബദലായി മുന്നോട്ടുപോകും. പാര്‍ട്ടിയാണ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. സെക്രട്ടറിയാകുമ്പോള്‍ പ്രത്യേക വെല്ലുവിളിയുണ്ടെന്ന് കരുതുന്നില്ല. ഒരു ബുദ്ധിമുട്ടുമില്ലാതെ പാര്‍ട്ടി തീരുമാനമനുസരിച്ച് മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തിലാണ് എം.വി. ഗോവിന്ദന്‍ മാസ്റ്ററെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുത്തത്.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ. ബേബി, എ. വിജയരാഘവന്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.