കോടിയേരി മാറും; സ്ഥാനമൊഴിയുന്നത് അനാരോഗ്യം മൂലം
Kerala News
കോടിയേരി മാറും; സ്ഥാനമൊഴിയുന്നത് അനാരോഗ്യം മൂലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th August 2022, 11:44 am

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ സ്ഥാനമൊഴിയും. ഇന്ന് ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

അനാരോഗ്യം കാരണമാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. നാളെ മുതല്‍ വീണ്ടും ചികിത്സയിലേക്ക് പോകാനാണ് തീരുമാനം. ചികിത്സക്കായി നാളെ ചെന്നൈലേക്ക് പോകും.

മുഖ്യമന്ത്രി കോടിയേരിയുമായി ചര്‍ച്ച നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം അദ്ദേഹത്തെ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം സീതാറാം യെച്ചൂരിയും, എം.എ. ബേബിയും ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം ഒഴിയുന്നത്.

അതേസമയം, പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പാര്‍ട്ടിക്ക് മുഴുവന്‍ സമയ സംസ്ഥാന സെക്രട്ടറി വേണമെന്നാണ് കോടിയേരിയുടെ നിര്‍ദേശം. ഇതില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന സമിതി യോഗം ചേരുകയാണ്.

കോടിയേരിക്ക് പകരം സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മന്ത്രി എം.വി. ജയരാജന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

രണ്ട് ദിവസം നീളുന്ന സി.പി.ഐ.എമ്മിന്റെ അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നാണ് ആരംഭിച്ചത്. ലോകായുക്ത ഭേദഗതി, സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്, വിഴിഞ്ഞം പദ്ധതിപ്രദേശത്തെ പ്രതിഷേധം അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ സി.പി.ഐ.എം നേതൃയോഗത്തില്‍ തീരുമാനമുണ്ടാകും.

Content Highlight: CPIM State Secretary Kodiyeri Balakrishnan will step down