എഡിറ്റര്‍
എഡിറ്റര്‍
‘ജയ് ജയ് സി.പി.ഐ.എം’; ബി.ജെ.പിയുടെ ജനരക്ഷായാത്രയില്‍ സി.പി.ഐ.എമ്മിനും ജയ് വിളി; കൂലിക്കാളെയെടുത്തവര്‍ക്ക് പണികിട്ടിയെന്ന് സോഷ്യല്‍മീഡിയ
എഡിറ്റര്‍
Wednesday 4th October 2017 7:39pm

 

കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ സി.പി.ഐ.എമ്മിനം ജയ് വിളി. സി.പി.ഐ.എം അനുകൂല മുദ്രാവാക്യവുമായി കടന്നുപോകുന്ന ജാഥയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.


Also Read: ഭൂമിയേറ്റെടുക്കുന്നതിനെതിരെ കഴുത്തറ്റം കുഴിയില്‍ ഇറങ്ങി നിന്ന് കര്‍ഷകരുടെ പ്രതിഷേധം


ഉദ്ഘാടന ദിനത്തില്‍ വന്‍ജനപങ്കാളിത്തമുണ്ടാകുമെന്ന ബി.ജെ.പിയുടെ അവകാശവാദം പൊളിഞ്ഞതിന് പിന്നാലെയാണ് ജാഥയില്‍ പങ്കെടുക്കുന്നത് തന്നെ ഇതരസംസ്ഥാനക്കാരാണെന്ന വാദം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

സിപി.ഐ.എം അനുകൂല മുദ്രാവാക്യം മുഴക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. സി.പി.ഐ.എം അക്രമ രാഷ്ട്രീയം നടത്തുകയാണെന്നാരോപിച്ച് നടത്തുന്ന ജാഥയില്‍ സി.പി.ഐ.എമ്മിന് ജയ് വിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഇന്നലെ പയ്യന്നൂരില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സംഘാടകര്‍ പറഞ്ഞതിന്റെ പകുതിപേര്‍ പോലും യാത്രയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നില്ല. കണ്ണൂരില്‍ നിന്നും പാര്‍ട്ടി പ്രതീക്ഷിച്ചയത്ര ആളുകള്‍ എത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ആദ്യദിനം പദയാത്രയില്‍ പങ്കെടുത്തവരില്‍ അധികവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരായിരുന്നു.


Dont Miss: മോദിയെ വിമര്‍ശിച്ചതിന് പ്രകാശ് രാജിനെതിരെ കേസെടുത്തു


അതിനിടെ കേരള കര്‍ണാടക സന്ദര്‍ശനം പാതിവഴിയില്‍ ഉപേക്ഷിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ദല്‍ഹിക്ക് മടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ അഞ്ചിനും ആറിനും കേരളത്തിലെ ജനരക്ഷാ യാത്രയില്‍ അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ പാര്‍ട്ടിനേതൃത്വത്തില്‍ നിന്നും ലഭിച്ച അറിയിപ്പിന് പിന്നാലെ സന്ദര്‍ശനം മതിയാക്കി അമിത്ഷാ ദല്‍ഹിക്ക് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement