ഛത്തീസ്ഗഢിലെ ക്രൈസ്തവര്‍ക്കെതിരായ സംഘ്പരിവാര്‍ ആക്രമണം; കോണ്‍ഗ്രസ് സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു: സി.പി.ഐ.എം പ്രതിനിധി സംഘം
natioanl news
ഛത്തീസ്ഗഢിലെ ക്രൈസ്തവര്‍ക്കെതിരായ സംഘ്പരിവാര്‍ ആക്രമണം; കോണ്‍ഗ്രസ് സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു: സി.പി.ഐ.എം പ്രതിനിധി സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th January 2023, 9:20 pm

ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ക്ക് നേരയുള്ള സംഘ്പരിവാര്‍ ആക്രമങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരെന്ന് സി.പി.ഐ.എം. ആക്രമങ്ങള്‍ക്കിരയായവരെ സി.പി.ഐ.എം പ്രതിനിധി സംഘം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണമുള്ളത്.

ജനുവരി 20-22 തീയതികളില്‍ സി.പി.ഐ.എമ്മിന്റെയും ആദിവാസി അധികാര്‍ മഞ്ചിന്റെയും നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘം പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസിലാക്കിയെന്നും സി.പി.ഐ.എം പറഞ്ഞു.

പോളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ട്, ഛത്തീസ്ഗഢ് സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് സെക്രട്ടറി ധര്‍മരാജ് മഹാപാത്ര എന്നിവരുള്‍പ്പെട്ട സംഘമാണ് അക്രമത്തിനിരയായവരോട് ഐക്യദാര്‍ഢ്യവുമായി എത്തിയത്.

‘അക്രമത്തിനിരയായവര്‍, പാസ്റ്റര്‍മാര്‍, പുരോഹിതര്‍, ആദിവാസികള്‍, ആദിവാസി സംഘടനകളിലെ അംഗങ്ങള്‍, ഛത്തീസ്ഗഢ് പ്രോഗ്രസീവ് ക്രിസ്ത്യന്‍ അലയന്‍സ് നേതാക്കള്‍ എന്നിവരുള്‍പ്പെടെ 100-ലധികം പേരുമായി പ്രതിനിധി സംഘം സംവദിച്ചു. ജില്ലാ അധികാരികളേയും മറ്റ് അധികൃതരേയും കണ്ട് സംഘാംഗങ്ങള്‍ സ്ഥിതിഗതികളെ പറ്റി ചര്‍ച്ച ചെയ്തു,’ സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

1500ല്‍ പരം ആദിവാസി ക്രൈസ്തവര്‍ പലായനം ചെയ്യേണ്ടി വരികയും നിരവധി വീടുകളും പള്ളികളും തകര്‍ക്കപ്പെടുകയും ചെയ്ത ഭീകരമായ ഒരു അക്രമണപരമ്പരയാണ് ഛത്തീസ്ഗഢിലെ വടക്കന്‍ ബസ്തര്‍ പ്രദേശത്തെ ജില്ലകളായ കൊണ്ടെഗാവ്, നാരായണ്‍പുര്‍, കാങ്കര്‍ ജില്ലകളില്‍ നവംബര്‍-ഡിസംബര്‍ 2022, ജനുവരി 2023 മാസങ്ങളില്‍ ഉണ്ടായതെന്നും പ്രസ്താാവനയില്‍ വ്യക്തമാക്കി.

‘സംഘപരിവാര്‍ ശക്തികളുടെ ആസൂത്രണത്തില്‍ പരക്കെ അക്രമണങ്ങളും വലിയ നാശനഷ്ടങ്ങളുമുണ്ടായി, എങ്കിലും ഇതുവരെയ്ക്കും സംസ്ഥാനസര്‍ക്കാരിലെ മന്ത്രികളോ കോണ്‍ഗ്രസിലെ പ്രധാനനേതാക്കളോ ആരും തന്നെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയോ അക്രമത്തില്‍ ഇരയായവര്‍ക്ക് ആശ്വാസമേകാന്‍ എത്തുകയോ ഉണ്ടായില്ല.

കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാനപാലനത്തില്‍ പരാജയപ്പെടുകയും കലാപബാധിതരെ പുനരധിവസിപ്പിക്കുന്നതില്‍ കടുത്ത അനാസ്ഥ കാണിക്കുകയുമാണ്. മതന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യവ്യവസ്ഥയ്ക്കും നേരെ ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണികള്‍ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസിന്റെ അജണ്ടയല്ലായെന്ന് വ്യക്തമാക്കുന്നതാണ് ഛത്തീസ്ഗഢിലെ സംഭവങ്ങള്‍.

അവിടെ ഉണ്ടായ അക്രമത്തിന്റെ വ്യാപ്തി മനസ്സിലാക്കാനോ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാനോ സര്‍ക്കാര്‍ തലത്തില്‍ നിന്ന് ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ആര്‍ക്കും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. ക്യാമ്പുകളില്‍ കഴിഞ്ഞ ക്രൈസ്തവരെ നിര്‍ബന്ധപൂര്‍വം വീടുകളിലേക്ക് പറഞ്ഞയച്ച സര്‍ക്കാര്‍ ഇവരുടെ തുടര്‍ന്നുള്ള സുരക്ഷയ്ക്കായി ഒന്നും ചെയ്യാഞ്ഞത് മൂലം ഇവര്‍ക്കിപ്പോഴും വീടുകളില്‍ പ്രവേശിക്കാന്‍ ആയിട്ടില്ല. പലയിടങ്ങളിലും ക്രൈസ്തവര്‍ സാമൂഹിക ബഹിഷ്‌കരണം നേരിടുന്നു

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത വളര്‍ത്തിയും ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’ എന്ന വ്യാജ ആരോപണമുന്നയിച്ചുമാണ് സംഘപരിവാര്‍ അനുകൂല ശക്തികള്‍ ഈ അക്രമപരമ്പരയ്ക്ക് തിരികൊളുത്തിയത്. സന്ദര്‍ശനശേഷം പ്രതിനിധി സംഘം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയ വിശദമായ നിവേദനത്തില്‍ ആദിവാസി ക്രൈസ്തവര്‍ നേരിടുന്ന അനീതികള്‍ വിവരിച്ചിട്ടുണ്ട്,’ സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight:  CPIM says Congress-ruled state government is turning a blind eye to Sangh Parivar attacks on Christians in Chhattisgarh