സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സി.പി.ഐ.എം
C.P.I.M
സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സി.പി.ഐ.എം
ന്യൂസ് ഡെസ്‌ക്
Sunday, 18th August 2019, 1:52 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സി.പി.ഐ.എം. ഓരോ വകുപ്പുകളുടേയും പ്രവര്‍ത്തനം പ്രത്യേകമായി പരിശോധിക്കും.

ആറ് ദിവസം നീളുന്ന സി.പി.ഐ.എം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇന്ന് ചേര്‍ന്നുക്കൊണ്ടിരിക്കുകയാണ്. വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിമാര്‍ സെക്രട്ടറിയേറ്റില്‍ വെച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പും അതിന് ശേഷമുണ്ടായ സാഹചര്യങ്ങളും വിലയിരുത്തി സംഘടനാതലത്തിലും പ്രവര്‍ത്തനശൈലിയിലും തിരുത്തല്‍ നടപടികളെടുക്കുക എന്നതാണ് നേതൃയോഗങ്ങളുടെ പ്രധാന ലക്ഷ്യം. പരിഷ്‌കരിച്ച തെറ്റുതിരുത്തല്‍ രേഖയും ചര്‍ച്ചയ്ക്ക് വെക്കും.

യോഗത്തിന് മുന്നോടിയായി കഴിഞ്ഞ മാസം പാര്‍ട്ടി അംഗങ്ങള്‍ ഗൃഹസന്ദര്‍ശനം സംഘടിപ്പിച്ചിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം ഗൃഹസന്ദര്‍ശനത്തില്‍ പങ്കാളികളായി.

ശബരിമല യുവതി പ്രവേശനം പാര്‍ട്ടിയെ കാര്യമായി ബാധിച്ചു. പൊലീസിന്റെ അതിക്രമങ്ങള്‍, മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പാര്‍ട്ടി അനുഭാവികളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ഉയര്‍ന്ന ചില ആക്ഷേപങ്ങള്‍. ഇക്കാര്യങ്ങള്‍ നേതൃയോഗം വിശദമായി ചര്‍ച്ച ചെയ്യും.

പ്രവര്‍ത്തന ശൈലിയിലും സംഘടനാ തലത്തിലും എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയുണ്ടാക്കും. തുടര്‍ന്ന് ബുധനാഴ്ച മുതല്‍ ചേരുന്ന സംസ്ഥാന സമിതി യോഗം ഈ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കും.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും സംഘടനാ ചുമതലയുള്ള എസ്.രാമചന്ദ്രന്‍ പിള്ളയും യോഗങ്ങളില്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരത്തോടെയാകും സീതാറാം യെച്ചൂരി കേരളത്തിലെത്തുക.

WATCH THIS VIDEO: