എഡിറ്റര്‍
എഡിറ്റര്‍
ഹൈദരാബാദിലെ സി.പി.ഐ.എം റാലിയില്‍ വന്‍ജനപങ്കാളിത്തം: സമാപന സമ്മേളന നഗരിയിലെത്തിയത് രണ്ടുലക്ഷത്തോളം പേര്‍
എഡിറ്റര്‍
Monday 20th March 2017 11:54am


ഹൈദാരാബാദ്: ഹൈദരാബാദിലെ സി.പി.ഐ.എം മഹാജന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തം. ഏതാണ്ട് രണ്ടുലക്ഷത്തോളം പേരാണ് സാരൂര്‍ നഗര്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ അണിനിരന്നത്.

വര്‍ഗീയവിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് റാലിയില്‍ ജനങ്ങള്‍ അണിചേര്‍ന്നത്. ഹൈദരാബാദിലെ മലയാളി സമൂഹം കക്ഷിപരിഗണന മാറ്റിവെച്ച് റാലിക്കെത്തി. തെലങ്കാന സമരനായകന്റെ സ്മരണ തുടിക്കുന്ന സുന്ദരയ്യ വിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നാണ് സമാപന പ്രകടനം തുടങ്ങിയത്. ഏഴു കിലോമീറ്റര്‍ താണ്ടി പ്രകടനം സരൂര്‍ നഗറിലെത്തുമ്പോഴേക്കും സമീപ നാളുകളില്‍ നഗരം ദര്‍ശിച്ച ഏറ്റവും വലിയ ജനപ്രവാഹമായി ഇതുമാറുകയായിരുന്നു.

തെലങ്കാന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം നയിച്ച പദയാത്ര അഞ്ചുമാസങ്ങള്‍കൊണ്ട് 4000കിലോമീറ്റര്‍ സഞ്ചരിച്ചാണ് കഴിഞ്ഞദിവസം സാരൂര്‍ നഗറിലെത്തിയത്. സമാപന സമ്മേളനത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17ന് ഇബ്രാഹിം പട്ടണത്തില്‍ ഡോ. ബി.ആര്‍ അംബേദ്കറിന്റെ പൗത്രന്‍ പ്രകാശ് അംബേദ്കറാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്.

ജനസംഖ്യയില്‍ 90%ത്തിലേറെ വരുന്ന ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ അവഗണിക്കുകയും അവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായാണ് സി.പി.ഐ.എം പദയാത്ര സംഘടിപ്പിച്ചത്.

ലോക രാഷ്ട്രീയത്തില്‍ മാവോയുടെ ലോങ് മാര്‍ച്ചുമായി മാത്രമേ മഹാജന പദയാത്രയെ താരതമ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ട വിഭാഗവങ്ങളുടെ വികസനം ലക്ഷ്യമാക്കി രൂപപ്പെടുത്തിയ പദ്ധതികളെല്ലാം പ്രതിസന്ധിയിലാണെന്നും ഈ ഘട്ടത്തിലാണ് സാമൂഹ്യനീതിക്കും അതിനുവേണ്ടി ദേശവ്യാപകമായുള്ള ഒരു സമരത്തിനും സി.പി.ഐ.എം പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാരെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പദയാത്രയില്‍ സംസാരിച്ച പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി സാമുദായിക കലാപങ്ങള്‍ക്ക് നേതൃത്വം വഹിച്ച യോഗി ആദിത്യനാഥ് മദര്‍ തെരേസ മുതല്‍ അമീര്‍ ഖാന്‍ വരെയുള്ളവരെ അപമാനിച്ചിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.

Advertisement