എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസുമായി രാഷ്ട്രീയ ബന്ധം വേണ്ടെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ
എഡിറ്റര്‍
Monday 2nd October 2017 6:31pm


ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി രാഷ്ട്രീയ ബന്ധം വേണ്ടെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. ഇതു സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ വയ്ക്കാനും ഇന്നുചേര്‍ന്ന പൊളിറ്റ് ബ്യൂറോയോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് ബന്ധം ആകാമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമാകാമെന്ന നിലപാടാണ് യെച്ചൂരി മുന്നോട്ടു വച്ചിരുന്നത്. യെച്ചൂരിയുടെ അതേ നിലപാട് തന്നെയാണ് ബംഗാള്‍ ഘടകത്തിനുമുള്ളത്. നേരത്തെയും കോണ്‍ഗ്രസ് സഖ്യമെന്ന ആവശ്യം ബംഗാള്‍ ഘടകം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ കേരള ഘടകവും പൊളിറ്റ് ബ്യൂറോയിലെ മറ്റംഗങ്ങളും കോണ്‍ഗ്രസ് ബന്ധം ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.


Also Read: ‘കേരളാ നമ്പര്‍1’; മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയിലും മുന്നില്‍ കേരളം; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പദ്ധതി നിര്‍വഹണത്തില്‍ പരാജയമെന്നും റിപ്പോര്‍ട്ട്


ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയിലുള്ള ചര്‍ച്ചയിലാണ് വിഷയം പരിശോധിച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം ചേര്‍ന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

ബി.ജെ.പിയാണ് നിലവില്‍ മുഖ്യ ശത്രുവെന്നും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ ആരുമായും സഹകരണമാകാം എന്നുമാണ് യെച്ചൂരിയുടെ നിലവിലെ നിലപാട്. യെച്ചൂരിയുടെ നിലപാട് തള്ളിയതോടെ അദ്ദേഹത്തിന്റെ വിയോജന കുറിപ്പ് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വെയ്ക്കാനും തീരുമാനമായിട്ടുണ്ട്.

Advertisement