എല്‍.ഡി.എഫ് മന്ത്രിസഭയിലെ സി.പി.ഐ.എം മന്ത്രിമാരുടെ പട്ടികയായി
Daily News
എല്‍.ഡി.എഫ് മന്ത്രിസഭയിലെ സി.പി.ഐ.എം മന്ത്രിമാരുടെ പട്ടികയായി
ന്യൂസ് ഡെസ്‌ക്
Sunday, 22nd May 2016, 1:39 pm

pinarayilist
ന്യൂദല്‍ഹി: എല്‍.ഡി.എഫ് മന്ത്രിസഭയിലെ സി.പി.ഐ.എം മന്ത്രിമാരുടെ പട്ടികയായി. പിണറായി വിജയനടക്കം 12 മന്ത്രിമാരാണ് സി.പി.ഐ.എമ്മില്‍ നിന്നും ഉള്ളത്.

തോമസ് ഐസക്, ജി.സുധാകരന്‍. കെ.കെ ഷൈലജ, എ.കെബാലന്‍, കെ.ടി ജലീല്‍, കടംകംപള്ളി സുരേന്ദ്രന്‍, ഇ.പി ജയരാജന്‍, സി.രവീന്ദ്രനാഥ്, മേഴ്‌സിക്കുട്ടിയമ്മ, ടി.പി രാമകൃഷ്ണന്‍, എ.സി മൊയ്തീന്‍ എന്നിവര്‍ മന്ത്രിമാരാകും.

എം.എം മണിയും സുരേഷ്‌കുറുപ്പും, ശര്‍മയും മന്ത്രിസഭയിലില്ല. ശ്രീരാമകൃഷ്ണന്‍ നിയസഭാ സ്പീക്കറാകും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. നാളെ സംസ്ഥാന സമിതിയുടെ അംഗീകാരം നേടിയ ശേഷം പ്രഖ്യാപനം ഉണ്ടാകും

സി.പി.ഐ.എം. കൈവശം വെച്ചിരുന്ന പ്രധാന വകുപ്പുകളുടെ കാര്യത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. ആഭ്യന്തരവകുപ്പ് പിണറായിക്കുതന്നെയാകാനാണ് സാധ്യത. പിണറായി ഏറ്റെടുത്തില്ലെങ്കില്‍ ഇ.പി.ജയരാജന് അത് ലഭിച്ചേക്കും.

പിണറായി ആഭ്യന്തരവകുപ്പേറ്റെടുത്താല്‍ ജയരാജന്‍ സഹകരണമന്ത്രിയായേക്കും. തോമസ് ഐസക്കിനുതന്നെ ധനകാര്യം ലഭിച്ചേക്കും. എ.കെ.ബാലന്‍ വ്യവസായവകുപ്പിന്റെയും കെ.കെ.ശൈലജ ആരോഗ്യവകുപ്പിന്റെയും മന്ത്രിമാരായേക്കും. ജി.സുധാകരന് പൊതുമരാമത്ത് വകുപ്പായിരിക്കും ലഭിച്ചേക്കുക.

അതേസമയം സി.പി.ഐ.ക്ക് നാലുമന്ത്രിമാരും ഡെപ്യൂട്ടിസ്പീക്കര്‍ പദവിയും ഉണ്ടാകും ജനതാദള്‍(എസ്), എന്‍.സി.പി., കോണ്‍ഗ്രസ്(എസ്) എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം നല്‍കാനാണ് പ്രാഥമിക ധാരണ.

അതേസമയം എന്‍.സി.പിയില്‍ എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം പങ്കിടാനാണ് സാധ്യത. മന്ത്രിസ്ഥാനത്തിന് വേണ്ടി രണ്ട് പേരും തമ്മിലുള്ള വടംവലി രൂക്ഷമായതോടെയാണ് മന്ത്രിസ്ഥാനം പങ്കിടാം എന്ന തീരുമാനത്തില്‍ എത്തിയത്.

രണ്ട് പേര്‍ക്കുമായി മന്ത്രിസ്ഥാനം പങ്കിടാന്‍ തീരുമാനിച്ചെങ്കിലും അപ്പോള്‍ ആര് ആദ്യത്തെ രണ്ടരവര്‍ഷം മന്ത്രിയാകണമെന്നതിലായി തര്‍ക്കം.

തര്‍ക്കം തുടര്‍ന്നതോടെ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി ആശയവിനിമയം നടത്തിയ ശേഷം തിങ്കളാഴ്ച തീരുമാനം അറിയിക്കാമെന്ന് ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ അറിയിക്കുകയായിരുന്നു.

പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ മന്ത്രികാര്യത്തില്‍ ഏകാഭിപ്രായമുണ്ടായില്ല. തുടര്‍ന്ന് പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ എന്‍.സി.പി നേതാക്കള്‍ എ.കെ.ജി സെന്ററിലെത്തി സി.പി.എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്ന പ്രഫുല്‍ പട്ടേല്‍ പാര്‍ട്ടിയില്‍ ഈ വിഷയത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും മന്ത്രിസ്ഥാനം പങ്കിടുമെന്നത് ഊഹാപോഹം മാത്രമാണെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും അറിയിച്ചു

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 25ന് നടക്കും. വൈകീട്ട് 5ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരിക്കും ചടങ്ങ്. ശനിയാഴ്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പിണറായിയും ഗവര്‍ണറെ കാണും.