Administrator
Administrator
അധിനിവേശത്തിനെതിരെ മനുഷ്യച്ചങ്ങല ഇന്ന്
Administrator
Friday 2nd October 2009 9:00am

cpimതിരുവനന്തപുരം:കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ അധിനിവേശത്തിനെത്തുന്ന ആസിയാന്‍ കരാറിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സി.പി.ഐ.എം ഇന്ന് മനുഷ്യച്ചങ്ങല തീര്‍ക്കും. ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മനുഷ്യച്ചങ്ങല.

തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്താണ് (പടിഞ്ഞാറുഭാഗം) മനുഷ്യച്ചങ്ങല തീര്‍ക്കുക.അതിനാല്‍ വാഹന ഗതാഗതം തടസ്സപ്പെടില്ല.വൈകിട്ട് നാലു മണിയോടെ ചങ്ങലയില്‍ കണ്ണികളാകേണ്ടവര്‍ നിശ്ചിത കേന്ദ്രങ്ങളില്‍ അണിനിരക്കും. നാലരക്ക് റിഹേഴ്‌സല്‍ നടക്കും. വൈകിട്ട് അഞ്ചിനാണ് മനുഷ്യച്ചങ്ങല മുഴുവനായി രൂപപ്പെടുക. തുടര്‍ന്ന് പ്രതിജ്ഞയും പൊതു സമ്മേളനങ്ങളുമുണ്ടാകും. പ്രതിജ്ഞക്ക് തൊട്ടു മുന്‍പ് തേക്കടി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രണ്ടു മിനിട്ട് മൗനം ആചരിക്കും

കാസര്‍കോട്ട് ആദ്യകണ്ണിയായി പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും ചങ്ങല അവസാനിക്കുന്ന രാജ്്ഭവനുമുന്നില്‍ പാര്‍ടി ജനറന്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയായും അണിചേരും. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് കണ്ണികളാവും.വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അനുബന്ധ ചങ്ങലകള്‍ തീര്‍ക്കുന്നുണ്ട്. ഈ മനുഷ്യചങ്ങലക്ക് അറുന്നൂറ്റമ്പത് കിലോമീറ്ററായിരിക്കും ദൈര്‍ഘ്യം. ഈ ചങ്ങലയ്ക്ക് അനുബന്ധമായി വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉപചങ്ങലയും തീര്‍ക്കും.തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ മനുഷ്യച്ചങ്ങലയുടെ ഭാഗം ഉപേക്ഷിച്ചിട്ടുണ്ട്.

മന്ത്രിമാരായ എം. എ ബേബി, പി.കെ.ഗുരുദാസന്‍ എന്നിവര്‍ കൊല്ലത്തും, തോമസ് ഐസക്ക് ആലപ്പുഴയിലും, കോടിയേരി ബാലകൃഷ്ണന്‍, എം.സി.ജോസഫൈന്‍ എന്നിവര്‍ എറണാകളത്തും, പി.കെ.ശ്രീമതി തൃശൂരിലും പങ്കെടുക്കും. ടി.ശിവദാസ മേനോന്‍, എ.കെ.ബാലന്‍ എന്നിവര്‍ പാലക്കാട്ടും, പാലോളി മുഹമ്മദ് കുട്ടിയും എ.വിജയരാഘവനും മലപ്പുറത്തും, വി.വി.ദക്ഷിണാമൂര്‍ത്തി കോഴിക്കോട്ടും, ഇ.പി.ജയരാജനും, എം.വി.ഗോവിന്ദന്‍മാസ്റ്ററും കണ്ണൂരിലും , പി.കരുണാകരന്‍ കാസര്‍കോട്ടും പങ്കെടുക്കും.ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെ സാമൂഹ്യ- സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ ചങ്ങലയുടെ ഭാഗമാകും. തൃശൂര്‍ തെക്കെഗോപുരനടയിലെ സമ്മേളനത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട് സംസാരിക്കും.

ജോസഫ് ഗ്രൂപ്പ് ചങ്ങലയില്‍ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റ് വി. സുരേന്ദ്രന്‍ പിള്ള അറിയിച്ചു. എന്നാല്‍ സി.പി.ഐ നേതാക്കള്‍ വിട്ടു നിന്നേക്കും . കരാറിനെതിരെ യോജിച്ച പ്രക്ഷോഭമെന്ന ആശയത്തില്‍ നിന്ന് സി.പി.ഐ.എം പിന്നോട്ടു പോയതിനാലാണ് തങ്ങള്‍ക്കു ഒറ്റയ്ക്കു സമരം നടത്തേണ്ടി വന്നതെന്ന് എ.ഐ.ടി.യു.സി സെക്രട്ടറി പി. രാജു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആസിയാന്‍ കരാറിനെതിരെ കേന്ദ്ര ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധധര്‍ണയും സി.പി.ഐ നടത്തിയിരുന്നു.

Advertisement