കെ.വി. തോമസിനെ തല്ലാന്‍ ധൈര്യമുള്ള കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ കാണട്ടെ; വെല്ലുവിളിച്ച് എം.വി. ജയരാജന്‍
Kerala News
കെ.വി. തോമസിനെ തല്ലാന്‍ ധൈര്യമുള്ള കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ കാണട്ടെ; വെല്ലുവിളിച്ച് എം.വി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th April 2022, 11:33 am

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ തല്ലാന്‍ ധൈര്യമുള്ള കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ കാണട്ടെയെന്ന് വെല്ലുവിളിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍.

ഇവിടെ, കെ.വി. തോമസ് സുരക്ഷിതനായിരിക്കും. ഇവിടെ വന്ന് കെ.വി. തോമസിനെ തല്ലാന്‍ ധൈര്യമുള്ളവരുണ്ടെങ്കില്‍ കാണട്ടെ. കെ.വി. തോമസിന് രാഷ്ട്രീയ മാറ്റം ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ജയരാജന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ജയരാജന്റെ പ്രതികരണം.

കെ.വി. തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയിലാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് കെ.വി. തോമസിനെതിരെ നടപടി സ്വീകരിച്ചാല്‍ സംരക്ഷിക്കുമോയെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും യെച്ചൂരി വ്യക്തമാക്കി.

കെ.വി. തോമസിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസിന്റെ നാശമായിരിക്കുമെന്ന് എ.കെ. ബാലനും പറഞ്ഞു. കെ. സുധാകരന്റെ ഈ നിലപാട് കോണ്‍ഗ്രസുകാര്‍ക്ക് ഉള്‍കൊള്ളാനാവില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

കെ.വി. തോമസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ വഴിയാധാരമാക്കിയിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ പറഞ്ഞിരുന്നു.

അതേസയമം, പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാനെത്തിയ കെ.വി. തോമസിന് ഉജ്വല സ്വീകരണമായിരുന്നു സി.പി.ഐ.എം കഴിഞ്ഞ ദിവസം നല്‍കിയിരുന്നത്.

ചുവന്ന ഷാള്‍ അണിയിച്ചാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

നിറമേതായാലും ഷാള്‍ അല്ലേ എന്നതായിരുന്നു ചുവന്ന ഷാളിനെ കുറിച്ചുള്ള കെ.വി തോമസിന്റെ പ്രതികരണം. പറയാനുള്ളത് സെമിനാറില്‍ പറയും. കൂടുതല്‍ കാര്യങ്ങള്‍ക്കായി എല്ലാവരും കാത്തിരിക്കൂ എന്നും കെ.വി തോമസ് പറഞ്ഞു.