ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
C.P.I.M
‘ആര്‍.എസ്.എസ്സിന്റെ ശ്രമം ഹിന്ദു-മുസ്‌ലിം കലാപം സൃഷ്ടിക്കാന്‍’; കണ്ണൂരില്‍ മുഖ്യശിക്ഷക് കൊല്ലപ്പെട്ടതിനുശേഷമുള്ള ആര്‍.എസ്.എസ് പ്രചരണം അപഹാസ്യമെന്നും സി.പി.ഐ.എം
ന്യൂസ് ഡെസ്‌ക്
Saturday 20th January 2018 4:38pm

കണ്ണൂര്‍: ആര്‍.എസ്.എസ്സിനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. കഴിഞ്ഞ ദിവസം മുഖ്യശിക്ഷക് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് നടത്തുന്നത് അപഹാസ്യമാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ അയൂബിനെ സ്‌കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി ചിറ്റാരിപ്പറമ്പില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ ആക്രമണമെന്ന് പറയപ്പെടുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.


Also Read: കരിങ്കൊടി കാണിക്കുമെന്ന ഭയം; അമിത് ഷായും യോഗിയും പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പ് ജാക്കറ്റ് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി


സി.പി.ഐ.എമ്മും എസ്.ഡി.പി.ഐയും സയാമീസ് ഇരട്ടകളെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പ്രസ്താവനയുടെ പൊരുള്‍ എല്ലാവര്‍ക്കുമറിയാം. മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരില്‍ ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന സുശീല്‍കുമാര്‍ മൃഗീയമായി ആക്രമിക്കപ്പെട്ടപ്പോള്‍ അത് സി.പി.ഐ.എമ്മിന്റെ ചുമലില്‍ കെട്ടിവെക്കുകയാണ് ആര്‍.എസ്.എസ് ചെയ്തത്. എന്നാല്‍ എസ്.ഡി.പി.ഐ ക്കാരുടെ ആക്രമണത്തിലായിരുന്നു സുശീല്‍ കുമാറിന് പരിക്കേറ്റതെന്ന് പിന്നീട് വ്യക്തമായി.


Never Miss: ‘എന്റെ ശിവനേ!!’; വിക്കറ്റ് തെറിപ്പിച്ച്, കണ്ണ് തള്ളിച്ച് കൗമാര ലോകകപ്പില്‍ ഇന്ത്യന്‍ പേസറുടെ അതിവേഗ പേസര്‍, വീഡിയോ


‘പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായിരുന്ന പുന്നാട്ടെ മുഹമ്മദിനെ പുലര്‍ച്ചെ സുബഹി നിസ്‌കാരത്തിനായി പോകുന്നതിനിടയിലാണ് ആര്‍. എസ്.എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. അതിനെ തുടര്‍ന്ന് ആര്‍.എസ്.എസ് ജില്ലാ ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി നേതാവുമായിരുന്ന അശ്വിനികുമാറിനെ പുന്നാട് വെച്ച് ബസ്സില്‍ നിന്നിറക്കി എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായി ഇരിട്ടി, പുന്നാട് മേഖലയില്‍ നിരവധി വീടുകളും കടകളും വാഹനങ്ങളും തകര്‍ക്കുകയുണ്ടായി. 103 വീടുകള്‍ കൊള്ളയടിച്ചു. 40 വീടുകള്‍ അഗ്‌നിക്കിരയാക്കി. ഇരിട്ടി, പേരാവൂര്‍, മട്ടന്നൂര്‍ നഗരങ്ങളില്‍ 18 കടകമ്പോളങ്ങളും ആക്രമിച്ച് കൊള്ളയടിച്ചു. 812 പവന്‍ സ്വര്‍ണ്ണം വിവിധ വീടുകളില്‍ നിന്ന് കവര്‍ച്ച ചെയ്തതായി പിന്നീട് തെളിഞ്ഞു. ഈ സംഭവങ്ങളുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ കുറച്ച് കാലത്തിന് ശേഷം ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ മധ്യസ്ഥ ചര്‍ച്ചകളിലൂടെ പിന്‍വലിക്കപ്പെട്ടു. ഇതിലൂടെ ആര്‍.എസ്.എസ് നേതൃത്വം കോടികള്‍ സമ്പാദിച്ചതും സ്വത്ത് വകകള്‍ ആര്‍ജ്ജിച്ചതും ചുറ്റുവട്ടത്ത് കണ്ണോടിച്ചാല്‍ കാണാനാകും.’ -സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു.


Also Read: ‘ഫ്‌ളൈറ്റ് മോഡി’ന് ഇളവുമായി ട്രായി; വിമാനങ്ങളില്‍ ഇനിമുതല്‍ മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാം


എസ്.ഡി.പി.ഐക്കാരോട് ആര്‍.എസ്.എസ്സിന് മൃദുസമീപനമാണെന്ന് എല്ലാവര്‍ക്കുമറിയാം. കണ്ണവത്ത് സ്വന്തം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും ഉത്തരവാദികളായ എസ്.ഡി.പി.ഐക്കാരുടെ പേര് പറയാന്‍ പോലും ആര്‍.എസ്.എസ് നേതൃത്വം മടിച്ചു നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്ന് അവര്‍ വ്യക്തമാക്കണം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പോലും കൊലയാളികളുടെ പേര് പറയാന്‍ തയ്യാറായിട്ടില്ല. കൊലപാതകത്തെ തുടര്‍ന്ന് കണ്ണവത്തെ മുസ്‌ലിം വീടുകള്‍ ആക്രമിച്ച് കൊള്ളയടിക്കാനും ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തെ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമാക്കാനുമാണിപ്പോള്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നത്.ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Advertisement