തലശേരിയില്‍ കെ. മുരളീധരനെതിരെ കയ്യേറ്റ ശ്രമം; ബൂത്തില്‍ കയറാന്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നും പരാതി
D' Election 2019
തലശേരിയില്‍ കെ. മുരളീധരനെതിരെ കയ്യേറ്റ ശ്രമം; ബൂത്തില്‍ കയറാന്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നും പരാതി
ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 4:29 pm

കോഴിക്കോട്: വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി.

തലശ്ശരി ചൊക്ലി 157 ാം ബൂത്തില്‍ വെച്ചാണ് സംഭവം. ഇന്ന് രാവിലെ മുതല്‍ കെ. മുരളീധരനും പാറക്കല്‍ അബ്ദുള്ളയും തലശ്ശേരി, കൂത്തുപറമ്പ് മേഖലകളിലെ ബൂത്തുകളില്‍ കയറി വോട്ടര്‍മാരെ കാണുന്നുണ്ട്.

ഇതുപോലെ 157 ാം ബൂത്തില്‍ എത്തി പ്രവര്‍ത്തകരെ കാണാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. മൂന്ന് മണിയോടുകൂടിയാണ് മുരളീധരന്‍ ബൂത്തിലെത്തിയത്. ഇവിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

ഇവര്‍ മുരളീധരനെ ബൂത്തില്‍ കയറാന്‍ അനുവദിക്കാതെ തടയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബൂത്തില്‍ കയറാതെ തിരിച്ചുപോകില്ലെന്ന് മുരളീധരനും നിലപാടെടുത്തു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്തര്‍ക്കം നടക്കുകയായിരുന്നു.

ഇതിനിടയില്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും മുരളീധരന്‍ പറഞ്ഞു. 15 മിനുട്ടിലേറെ നേരെ വാക്തര്‍ക്കം തുടരുകയും ചെയ്തു. പിന്നീട് പൊലീസ് ഇടപെട്ട് മുരളീധരനെ ബൂത്തിനകത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

പ്രശ്‌ന ബാധിത ബൂത്താണെന്ന് യു.ഡി.എഫ് പരാതി നല്‍കിയതാണെന്നും എന്നിട്ടും കേന്ദ്രസേനയെ ഇവിടെ വിന്യസിച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ശ്രമമാണിത്. വടകര മണ്ഡലത്തില്‍ സുരക്ഷ പരാജയപ്പെട്ടെന്നും മുരളീധരന്‍ ആരോപിച്ചു.

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തില്‍ മുരളീധരന്റെ കൂടെയുള്ള രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.