യു.പിയില്‍ സമാജ് വാദി പാര്‍ട്ടിയെ സി.പി.ഐ.എം പിന്തുണക്കും; നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള നയം രൂപീകരിക്കുമെന്ന് യെച്ചൂരി
Kerala News
യു.പിയില്‍ സമാജ് വാദി പാര്‍ട്ടിയെ സി.പി.ഐ.എം പിന്തുണക്കും; നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള നയം രൂപീകരിക്കുമെന്ന് യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th January 2022, 5:19 pm

ഹൈദരാബാദ്: യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതിനാവശ്യമായ നയം രൂപീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

‘ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. ഓരോ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വ്യത്യസ്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ബി.ജെ.പിക്കെതിരാണ്,’
സീതാറാം യെച്ചൂരി പറഞ്ഞു.

ഹൈദരാബാദില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.

സി.പി.ഐ.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കും. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരിമാനമുണ്ടായത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിനും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. ഫെബ്രുവരി ആദ്യവാരം കരട് പ്രസിദ്ധീകരിക്കും. അന്തിമ രേഖ തയ്യാറാക്കാന്‍ പി.ബിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സി.പി.ഐ.എം പി.ബി നേരത്തെ വിലയിരുത്തിയിരുന്നു.

അതിനിടയില്‍ മുന്നാം മുന്നണി സാധ്യത ചര്‍ച്ചയായി സി.പി.ഐ.എം ദേശിയ നേതാക്കള്‍ കഴിഞ്ഞ ദിവസം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്തത്.

ഹൈദരാബാദില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. തെലങ്കാന മുഖ്യമന്ത്രി ഒരുക്കിയ ഉച്ചവിരുന്നില്‍ നേതാക്കള്‍ പങ്കെടുത്തു.

‘തെലങ്കാന മുഖ്യമന്ത്രി ശ്രീ ചന്ദ്രശേഖര്‍ റാവുവിനെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ചു. ഊഷ്മളമായ ആതിഥേയത്വത്തിന് അദ്ദേഹത്തോട് ഹൃദയപൂര്‍വം നന്ദി പറയുന്നു,’ എന്നായിരുന്നു സന്ദര്‍ശനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നത്.

റാവുവുമായുള്ള കൂടിക്കാഴ്ച ദേശീയ തലത്തിലുള്ള മൂന്നാം മുന്നണിക്കുള്ള ശ്രമമാണോ എന്ന ചര്‍ച്ചക്ക് കാരണമായിരുന്നു. കോണ്‍ഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി ചര്‍ച്ച സജീവമായതിനിടെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  CPIM general secretary Sitaram Yechury says he will support Samajwadi Party in UP assembly polls