'ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലയെ പറ്റി മിണ്ടാന്‍ സി.പി.ഐ.എമ്മിന് ഇനി സാധിക്കില്ല'; കമ്യൂണിസമല്ല കമ്യൂണലിസമാണ് സി.പി.ഐ.എമ്മിന്റേതെന്നും കുഞ്ഞാലിക്കുട്ടി
Shuhaib Murder
'ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലയെ പറ്റി മിണ്ടാന്‍ സി.പി.ഐ.എമ്മിന് ഇനി സാധിക്കില്ല'; കമ്യൂണിസമല്ല കമ്യൂണലിസമാണ് സി.പി.ഐ.എമ്മിന്റേതെന്നും കുഞ്ഞാലിക്കുട്ടി
ന്യൂസ് ഡെസ്‌ക്
Thursday, 22nd February 2018, 8:15 pm

കണ്ണൂര്‍: മട്ടന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു. ശുഹൈബിനെ ഇറച്ചി വെട്ടുന്നതു പോലെ വെട്ടിനുറുക്കിയ സി.പി.ഐ.എമ്മിന് ഇനി ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലപാതകത്തെ കുറിച്ചു മിണ്ടാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം നടപ്പാക്കുന്നത് കമ്യൂണിസമല്ല, കമ്യൂണലിസമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സുധാകരന്റെ സമരം കേരളത്തെ അക്രമരാഷ്ട്രീയത്തില്‍ നിന്നും മോചിപ്പിക്കാനുള്ള മുന്നേറ്റമാണ്. കേരളത്തിലെ മുഴുവനാളുകളും ഈ സമരത്തിന്റെ കൂടെയുണ്ട്. സര്‍ക്കാരിനു വല്ല നീതിബോധവുമുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചേ തീരൂ. അതുവരെ സമരം തുടരും. സി.ബി.ഐ അന്വേഷണം പ്രഖ്യാപിപ്പിക്കാന്‍ വേറെയും മാര്‍ഗങ്ങളുണ്ട്. അതും നോക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ശുഹൈബ് കൊലക്കേസില്‍ പിടിയിലായ ആകാശ് തില്ലങ്കേരി നിരപരാധിയാണെന്നും ഒളിവില്‍ പോകാന്‍ കാരണം ബി.ജെ.പിയുടെ പ്രചരണമാണെന്നും ആകാശിന്റെ പിതാവ് വഞ്ഞേരി രവി പറഞ്ഞു. കൊലപാതകം നടന്ന ദിവസം ആകാശ് നാട്ടിലെ ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. രജനും ഒപ്പമുണ്ടായിരുന്നു. ആകാശിന്റെ അറസ്റ്റിനുശേഷം പാര്‍ട്ടിയെ സമീപിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്നായിരുന്നു പറഞ്ഞത്. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടതെന്നും ആകാശ് തില്ലങ്കേരിയുടെ പിതാവ് പറഞ്ഞു.

ബോംബ് കേസില്‍ ബി.ജെ.പി പ്രചാരണം മൂലമാണ് ആകാശ് ഒളിവില്‍ പോയത്. ആകാശ് സ്റ്റേഷനില്‍ കീഴടങ്ങിയതല്ല. സ്റ്റേഷനിലേക്ക് പോകുംവഴി അറസ്റ്റ് ചെയ്തതാണെന്നും പിതാവ് പറഞ്ഞു. ശുഹൈബിന്റെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ശുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെട്ടിയത് മൂന്നു പേരാണെന്നും ആകാശിന്റെ അത്ര ശരീര വലുപ്പം ഇല്ലാത്തവരാണ് വെട്ടിയതെന്നുമായിരുന്നു നൗഷാദിന്റെ വാക്കുകള്‍.